2 വര്‍ഷം അടവ് മുടങ്ങിയപ്പോള്‍ കാര്‍ ഒളിപ്പിച്ചു, പക്ഷെ, 3 മാസം... എല്ലാം മാറി മറിഞ്ഞെന്ന് പാണ്ഡ്യ

Written By:

മുംബൈ: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തുന്ന പാണ്ഡ്യയില്ലാതെ ഇപ്പോള്‍ ഇന്ത്യക്ക് എന്ത് ഏകദിനവും ടി ട്വന്റിയും? ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്തേക്കു വരുന്നതിനു മുമ്പ് ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത ചില കറുത്ത നാളുകളും പാണ്ഡ്യയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന ടോക്ക് ഷോയ്ക്കിടെയാണ് താരം തന്റെ ജീവിതത്തിലെ ആ മോശം ദിനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

1

നിങ്ങള്‍ക്ക് ആരുടെയും സഹാനുഭൂതി ആവശ്യമില്ലെന്നാണ് തനിക്ക് 17ഉം ജ്യേഷ്ഠന്‍ ക്രുനാലിനു 19 വയസ്സുള്ളപ്പോള്‍ അച്ഛന്‍ പറഞ്ഞിരുന്നത്. മക്കളെ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് ആരെയും സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതായി പാണ്ഡ്യ ഓര്‍മിക്കുന്നു. കൈയില്‍ ഒരു പൈസ പോലുമില്ലാതെ മൂന്നു വര്‍ഷത്തോളമാണ് തങ്ങള്‍ തള്ളി നീക്കിയതെന്ന് പാണ്ഡ്യ പറയുന്നു. അഞ്ചോ, പത്തോ രൂപ പോലും മാറ്റിവയ്ക്കല്‍ ബുദ്ധിമുട്ടായിരുന്ന കാലം. ഐപിഎല്ലില്‍ എത്തുന്നതിനു മുമ്പ് സയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ജേതാക്കളായപ്പോള്‍ തനിക്കും ക്രുനാലിലും 70,000 രൂപ വീതം ലഭിച്ചത് മറക്കാനാവില്ല. ഈ പണം പെട്ടെന്ന് ചെലവഴിക്കാതെ നമുക്ക് സൂക്ഷിച്ചു വയ്ക്കാമെന്ന് അന്ന് താന്‍ ചേട്ടനോട് പറയുകയും ചെയ്തതായി പാണ്ഡ്യ ഓര്‍മിക്കുന്നു.

2

കൈയില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വാങ്ങിയ കാറിന്റെ പ്രതിമാസ അടവ് രണ്ടു വര്‍ഷത്തോളം അടയ്ക്കാന്‍ സാധിച്ചില്ല. കാര്‍ ബാങ്കുകാര്‍ തിരികെ കൊണ്ടുപോവുമെന്ന് ഭയപ്പെട്ട് അന്ന് കാര്‍ ഒളിപ്പിച്ചു വയ്ക്കുകയാണ് ചെയ്തിരുന്നത്. ക്രിക്കറ്റ് കരിയര്‍ തുടങ്ങി മൂന്നു വര്‍ഷത്തിനിടെ ലഭിച്ച വരുമാനത്തില്‍ നിന്നാണ് കാറിന്റെ പ്രതിമാസ അടവും ഭക്ഷണത്തിന്റെ ചെലവും നടത്തിയിരുന്നത്. എന്നാല്‍ 2015ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാന്‍ അവസരം ലഭിച്ചതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നു താരം പറഞ്ഞു.

3

പ്രഥമ സീസണില്‍ തന്നെ മുംബൈക്കൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ സാധിച്ചു. അന്ന് 50 ലക്ഷം രൂപയുടെ ചെക്കാണ് തനിക്കു ലഭിച്ചത്. കാറിന്റെ പ്രതിമാസ അടവ് ക്ലോസ് ചെയ്ത താന്‍ ഈ പണം കൊണ്ട് പുതിയൊരു കാര്‍ കൂടി വാങ്ങിയെന്നും പാണ്ഡ്യ ആത്മവിശ്വാസത്തോടെ കൂട്ടിച്ചേര്‍ത്തു. സയ്ദ് മുഷ്താഖ് അലിക്കു ശേഷം മൂന്നു മാസം കൊണ്ടാണ് തങ്ങളുടെ ജീവിതം തന്നെ മാറി മറിഞ്ഞതെന്നും താരം പറഞ്ഞു.

Story first published: Sunday, December 3, 2017, 16:16 [IST]
Other articles published on Dec 3, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍