സിഎസ്‌കെയും ആര്‍സിബിയും, ഇരുവരും തമ്മിലുള്ള വ്യത്യാസമെന്ത്? ധോണിയല്ല! ചൂണ്ടിക്കാട്ടി മക്കുല്ലം

ക്രൈസ്റ്റ്ചര്‍ച്ച്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് മൂന്നു തവണ ചാംപ്യന്മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയിട്ടുള്ള ഏക ടീമെന്ന റെക്കോര്‍ഡും സിഎസ്‌കെയുടെ പേരിലാണ്. അതേസമയം, കടലാസിലെ പുലികളും കളിക്കളത്തിലെത്തിയാല്‍ പലപ്പോഴും എലികളായി മാറുകയും ചെയ്യുന്ന ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍. മികച്ച താരങ്ങളുടെ സാന്നിധ്യം എല്ലാ സീസണിലും ആര്‍സിബിക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ അവര്‍ക്കായിട്ടില്ല.

ടി20 ലോകകപ്പിനെയും കൊറോണ വീഴ്ത്തുമോ? ഐസിസി തീരുമാനം ഈ മാസം

ഐപിഎല്ലില്‍ ധോണിയുടെ ക്യാപ്റ്റന്‍സി... വിജയരഹസ്യമെന്ത്? സിഎസ്‌കെയുടെ മുന്‍ ഹീറോ പറയുന്നു

രണ്ടു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നേരത്തേ ഇരുവര്‍ക്കും വേണ്ടി കളിച്ചിട്ടുള്ള ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം.

ടീം സെലക്ഷന്‍ തന്നെയാണ് സിഎസ്‌കെയും ആര്‍സിബിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നു മക്കുല്ലം ചൂണ്ടിക്കാണിക്കുന്നു. സിഎസ്‌കെ ടീം സെലക്ഷന്റെ കാര്യത്തില്‍ വളരെയധികം വിശ്വാസ്യത കാണിക്കുന്നവരാണ്. എന്നാല്‍ ആര്‍സിബിയുടെ സ്ഥിതി ഇതല്ല. എല്ലായ്‌പ്പോഴും ഒരു പെര്‍ഫക്ട് ടീമിനെ അവര്‍ തേടിക്കൊണ്ടിരിക്കും. ഒരു മല്‍സരത്തില്‍ ഏതു ടീമിനെ ഇറക്കണമെന്ന ധാരണ ആര്‍ബിസിക്കില്ല. മറുഭാഗത്ത് സ്വന്തം കളിക്കാരെ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് സിഎസ്‌കെയ്ക്കു കൃത്യമായ ധാരണയുണ്ടെന്നും ടീം സെലക്ഷനെക്കുറിച്ച് അവര്‍ക്കു ആശങ്കകള്‍ കുറവാണെന്നും മക്കുല്ലം ചൂണ്ടിക്കാട്ടി.

ഐപിഎല്‍ കരിയറില്‍ അഞ്ചു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായ താരം കൂടിയാണ് മക്കുല്ലം. സിഎസ്‌കെ, ആര്‍സിബി എന്നിവരെക്കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചു.

2014, 15 സീസണുകളിലാണ് മക്കുല്ലം സിഎസ്‌കെ ടീമിന്റെ ഭാഗമായത്. 28 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 841 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

2018ല്‍ ആര്‍സിബിക്കു വേണ്ടിയാണ് മക്കുല്ലം അവസാനമായി ഐപിഎല്ലില്‍ ഇറങ്ങിയത്. ഒരേയൊരു സീസണ്‍ മാത്രമേ അദ്ദേഹം ടീമിന്റെ ഭാഗമായിട്ടുള്ളൂ. ആര്‍സിബിക്കായി ആറു മല്‍സരങ്ങള്‍ മാത്രം കളിച്ച മക്കുല്ലം 127 റണ്‍സാണ് നേടിയത്.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ആര്‍സിബിയുമായി താരതമ്യം ചെയ്യുമ്പോള്‍ വേറെ ലെവലാണ് സിഎസ്‌കെ. എംഎസ് ധോണിക്കു കീഴില്‍ മൂന്നു തവണയാണ് സിഎസ്‌കെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞാല്‍ കൂടുതല്‍ തവണ ചാംപ്യന്മാരായ ടീമും സിഎസ്‌കെ തന്നെ.

എന്നാല്‍ രണ്ടു തവണ ഫൈനലിലെത്തിയെന്ന ചരിത്രം മാത്രമേ ആര്‍സിബിക്കു അവകാശപ്പെടാനുള്ളൂ. ഇന്ത്യന്‍ നായകന്‍ കൂടിയായ വിരാട് കോലി നയിക്കുന്ന ആര്‍സിബിക്കു എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ (ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നിവരടക്കം പല വമ്പന്‍ താരങ്ങളെയും വിവിധ സീസണില്‍ ലഭിച്ചിട്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 24, 2020, 13:33 [IST]
Other articles published on Mar 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X