സെറീനയുടെ കുഞ്ഞിന് കൊടുക്കാന്‍ വല്യമ്മക്ക് സമ്മാനമില്ല? യുഎസ് ഓപ്പണ്‍ സെമിയില്‍ വീനസ് പുറത്ത്

Posted By: രശ്മി നരേന്ദ്രൻ

ന്യൂയോര്‍ക്ക്: അമേരിക്കക്കാര്‍ക്ക് ഈ യുഎസ് ഓപ്പണ്‍ ഫൈനല്‍ ഏറെ സന്തോഷം നല്‍കും. വീനസ് വില്യംസ് പുറത്തായതില്‍ അല്ല ആ സന്തോഷം എന്ന് മാത്രം. ഫൈനലില്‍ ആര് ജയിച്ചാലും തോറ്റാലും കപ്പ് അമേരിക്കന്‍ മണ്ണില്‍ തന്നെ ഇരിക്കും എന്നതാണ് അത്.

സെമി ഫൈനലില്‍ അമേരിക്കയുടെ തന്നെ സ്ലോയെന്‍ സ്റ്റീഫന്‍സിന് മുന്നില്‍ വീനസ് വില്യംസ് അടിയറവ് പറഞ്ഞു. ഫൈനലില്‍ അമേരിക്കന്‍ താരമായ മാഡിസണ്‍ കെയ്‌സ് ആണ് സ്ലോനി സ്റ്റീഫന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ 83-ാം സ്ഥാനക്കാരിയാണ് സ്ലോയെന്‍.

Venus Williams

യുഎസ് ഓപ്പണിലെ സീഡില്ലാ താരമായ സ്ലോയെന്‍ സ്റ്റീഫന്‍സ് ഏഴാം സീഡുകാരിയായ വീനസിനെ അട്ടിമറിക്കുകയായിരുന്നു. മൂന്ന് സെറ്റുകള്‍ നീണ്ട അതി ശക്തമായ പോരാട്ടത്തില്‍ വീനസിന്റെ കാലിടറി. ആദ്യ സെറ്റ് 6-1 ന് ആയിരുന്നു സ്ലോയെന്‍ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സ്ലോയെന് ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ വീനസ് തിരിച്ചുവന്നു(6-0). എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് സ്ലോയെന്‍ സ്റ്റീഫന്‍സ് സ്വന്തമാക്കുകയായിരുന്നു. പൊരിഞ്ഞ പോരാട്ടത്തില്‍ 7-5 ന് ആയിരുന്നു സ്ലോയെന്‍റെ വിജയം.

അനിയത്തിയായ സെറീന വില്യംസ് പ്രസവിച്ചുകിടക്കുകയായതിനാല്‍ ഇത്തവണ യുഎസ് ഓപ്പണില്‍ പങ്കെടുത്തിട്ടില്ല. മുമ്പ് , 2002 ല്‍ സെറീനയും വീനസും യുഎസ് ഓപ്പണിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതിന് ശേഷം ആദ്യമായിട്ടാണ് വനിത സിംഗിള്‍സില്‍ അമേരിക്കക്കാര്‍ ഏറ്റുമുട്ടുന്നത്.

Story first published: Friday, September 8, 2017, 11:34 [IST]
Other articles published on Sep 8, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍