സച്ചിന്‍ മാത്രമല്ല, ഗാംഗുലിയും പറഞ്ഞു... കൊച്ചിയില്‍ വേണ്ട, കെസിഎ ഒറ്റപ്പെടുന്നു

Written By:

കൊല്‍ക്കത്ത/ കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. സേവ് കൊച്ചി ടര്‍ഫ് എന്ന പേരില്‍ ഹാഷ് ടാഗ് ക്യാംപയിനും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നതിനിടെയാണ് പല പ്രമുഖരും പിന്തുണയുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയുമായ സച്ചിന്‍ ടെണ്ടുല്‍ക്കറും മല്‍സരം തിരുവനന്തപുരത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊര മുന്‍ ഇതിഹാസ താരവും ഐഎസ്എല്ലില്‍ എടിക്കെയുടെ ഉടമകളിലൊരാളായ സൗരവ് ഗാംഗുലിയും സച്ചിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ്.

1

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗാംഗുലി സച്ചിന് പിന്തുണ അറിയിച്ചത്. ഞാന്‍ താങ്കള്‍ക്കൊപ്പാമാണ് സച്ചിന്‍. ബിസിസിഐ ദയവായി ഈ വിഷയത്തില്‍ ഇടപെടൂ. കെസിഎയ്ക്ക് മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളുണ്ട് എന്നായിരുന്നു ദാദയുടെ ട്വീറ്റ്.

നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ ഇന്ത്യ- വിന്‍ഡീഡ് മല്‍സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ഫിഫ ലോകകപ്പിനായി തയ്യാറാക്കിയ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരേ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. ഫിഫയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ആറു സ്റ്റേഡിയങ്ങളില്‍ ഒന്നു കൂടിയാണിത്.

2

പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരും മല്‍സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൊച്ചിയിലെ ടര്‍ഫ് ക്രിക്കറ്റിനു വേണ്ടി പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് സംസ്ഥാന കായിക മന്ത്രി എസി മൊയ്ദീന്‍ പറഞ്ഞത്. എല്ലാ സൗകര്യങ്ങളുമുള്ള സ്റ്റേഡിയം തിരുവനന്തപുരം കാര്യവട്ടത്ത് ഉണ്ട്. ക്രിക്കറ്റ് മല്‍സരം അവിടെ നടക്കട്ടെയെന്നും ഫുട്‌ബോളിനെയും ക്രിക്കറ്റിനെയും ഒരുപോലെ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Story first published: Wednesday, March 21, 2018, 11:19 [IST]
Other articles published on Mar 21, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍