ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പതിനാലാം ദിവസം ബ്രിഡ്ജി(ചീട്ടുകളി)ല്‍ സ്വര്‍ണത്തിളക്കവുമായി ഇന്ത്യ. ബ്രിഡ്ജ് പുരുഷന്മാരുടെ പെയര്‍ വിഭാഗത്തില്‍ പ്രണാബ് ബര്‍ധന്‍, ഷിബ്‌നാഥ് സര്‍ക്കാര്‍ എന്നിവരാണ് സ്വര്‍ണം നേടിയത്. നേരത്തെ ബ്രിഡ്ജില്‍ ഇന്ത്യ രണ്ട് വെങ്കലവും നേടിയിരുന്നു. ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ഈ ഇനത്തില്‍ ഇന്ത്യ ഇതോടെ മൂന്നു മെഡലുകള്‍ സ്വന്തമാക്കി.
ബ്രിഡ്ജിലെ സ്വര്‍ണനേട്ടത്തോടെ ഇന്ത്യ ആകെ 15 സ്വര്‍ണം ഏഷ്യന്‍ ഗെയിംസില്‍നിന്നും നേടുകയും ചെയ്തു. 14 സ്വര്‍ണമെന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച റെക്കോര്‍ഡും ഇതോടെ പഴങ്കഥയായി. 67 മെഡലുകള്‍ നേടിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ തങ്ങളുടെ എക്കാലത്തെയും വലിയ മെഡല്‍നേട്ടത്തിലുമെത്തി. 15 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവുമായാണ് ഇന്ത്യ നേടിയത്.
ബോക്‌സിങ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പങ്കലും സ്വര്‍ണം നേടിയിരുന്നു. ഒളിമ്പിക്‌സ് ചാമ്പ്യന്‍ കസാഖിസ്ഥാന്റെ ഹസന്‍ബോയ് ദസ്മാത്തോവിനെ അട്ടിമറിച്ചാണ് അമിത് ചരിത്രമെഴുതിയത്. ബോക്‌സിങ്ങില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന വികാസ് കൃഷന്‍ സെമിയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഒരു വെങ്കലം ലഭിച്ചിരുന്നു.
ഇന്ത്യയുടെ മറ്റു സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, വനിതകളുടെ 4ഃ400 മീറ്ററില്‍ ഹിമ ദാസ്, എം ആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക് വാദ്, മലയാളി കൂടിയായ വിസ്മയ, പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.