സാന്‍ ജുവാന്‍:ദക്ഷിണ അമേരിക്ക ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് പോരാട്ടം ഗോള്‍രഹിത സമനിലയില്‍. നെയ്മറില്ലാതെ ഇറങ്ങിയിട്ടും ബ്രസീലിനെതിരേ വിജയം നേടാന്‍ അര്‍ജന്റീനയ്ക്കായില്ല. അര്‍ജന്റീന തോല്‍വി അറിയാതെ പൂര്‍ത്തിയാക്കുന്ന 27ാമത്തെ മത്സരമാണിത്. 2005ലാണ് അവസാനമായി യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചത്. കണക്കുകളില്‍ മുന്നിട്ട് നില്‍ക്കാന്‍ മെസ്സിക്കും സംഘത്തിനുമായെങ്കിലും ടീമിന് വിജയം നേടിക്കൊടുക്കാനായില്ല. ജയിക്കാനായില്ലെങ്കിലും അര്‍ജന്റീന ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത നേടിയെടുത്തു.
രണ്ട് ടീമും 4-3-3 ഫോര്‍മേഷനിലാണ് ഇറങ്ങിയത്.ഡി മരിയയും മാര്‍ട്ടിനെസും മെസിയും അര്‍ജന്റീനയുടെ മുന്നേറ്റ നിരയില്‍ അണിനിരന്നു. നെയ്മറില്ലാതെയിറങ്ങിയ ബ്രസീലിനെതിരേ അര്‍ജന്റീന ജയം പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ആദ്യ പകുതിയില്‍ തണുപ്പന്‍ കളിയായിരുന്നു. 56 ശതമാനം പന്തടക്കത്തില്‍ അര്‍ജന്റീന മുന്നിട്ട് നിന്നപ്പോള്‍ മൂന്നിനെതിരേ നാല് ഗോളുമായി ആക്രമണത്തില്‍ ബ്രസീല്‍ മുന്നിട്ട് നിന്നു.
രണ്ടാം പകുതിയില്‍ മാറ്റങ്ങളോടെയാണ് അര്‍ജന്റീന ഇറങ്ങിയത്. രണ്ടാം പകുതിയില്‍ പല മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല. 61ാം മിനുട്ടില്‍ ബ്രസീലിന്റെ ഫ്രഡിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി. 72ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണ്ണാവസരത്തെ മുതലാക്കാന്‍ ബ്രസീലിന്റെ കുന്‍ഹക്കായില്ല. മത്സരത്തിന്റെ അവസാന സമയത്ത് ലയണല്‍ മെസിയുടെ ലോങ് റേഞ്ചര്‍ തടുത്തിട്ട് ബ്രസീല്‍ ഗോളി ആലിസന്‍ ബെക്കര്‍ ടീമിന്റെ രക്ഷകനായി. രണ്ട് ടീമിനും വലിയ ആക്രമണം കാട്ടാനായില്ല. പ്രതിരോധത്തില്‍ ബ്രസീല്‍ മികവ് കാട്ടി.
13 മത്സരത്തില്‍ നിന്ന് 11 ജയവും രണ്ട് സമനിലയുമടക്കം 35 പോയിന്റുള്ള ബ്രസീലാണ് ഗ്രൂപ്പില്‍ തലപ്പത്ത്. 13 മത്സരത്തില്‍ നിന്ന് എട്ട് ജയവും അഞ്ച് സമനിലയുമടക്കം 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീനയുള്ളത്. ബ്രസീല്‍ നേരത്തെ തന്നെ ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റെടുത്തതാണ്. 23 പോയിന്റുള്ള ഇക്വഡോറും 17 പോയിന്റുള്ള കൊളംബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സ് ഫിന്‍ലാന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ഫ്രാന്‍സ് ജയം നേടിയത്. ഫിന്‍ലാന്‍ഡിന്റെ 5-3-2 ഫോര്‍മേഷനെ 3-4-2-1 ഫോര്‍മേഷനിലാണ് ഫ്രാന്‍സ് നേരിട്ടത്. 66ാം മിനുട്ടില്‍ കരീം ബെന്‍സേമ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. 76ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. പോള്‍ പോഗ്ബയില്ലാതെയാണ് ഫ്രാന്‍സ് ഇറങ്ങിയത്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഫ്രാന്‍സ് ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയുമാണ് ഫ്രാന്‍സ് നേടിയത്. 18 പോയിന്റാണ് ഫ്രാന്‍സിനുള്ളത്. നിലവിലെ ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് 2022ലെ ഖത്തര്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുമോയെന്നത് കാത്തിരുന്ന് കാണണം.
ഗ്രൂപ്പ് രണ്ടില്‍ ചെക്ക് റിപ്പബ്ലിക്ക് എസ്‌റ്റോണിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. 59ാം മിനുട്ടില്‍ ജേക്കുബ് ബ്രാബിക്ക്,85ാം മിനുട്ടില്‍ ജാന്‍ സൈക്കോറ എന്നിവരാണ് ചെക്ക് റിപ്പബ്ലിക്കിനായി വലകുലുക്കിയത്. 14 പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ചെക്ക് റിപ്പബ്ലിക്ക്. ഈ ഗ്രൂപ്പില്‍ നിന്ന് ബെല്‍ജിയം യോഗ്യത നേടിയിട്ടുണ്ട്. വെയ്ല്‍സിനെതിരായ മത്സരത്തില്‍ 1-1 സമനില പിടിക്കാന്‍ ബെല്‍ജിയത്തിനായി. 12ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിന്‍ ബെല്‍ജിയത്തിനായി ഗോള്‍ നേടിയപ്പോള്‍ കീഫര്‍ മോറെയാണ് വെയ്ല്‍സിനായി സമനില ഗോള്‍ നേടിയത്.