കലിപ്പില്ല, കപ്പുമില്ല... ഇവരില്ലെങ്കില്‍ മാനം കൂടി പോയേനെ!! ബ്ലാസ്‌റ്റേഴ്‌സ് നന്ദി പറയണം, 6 പേരോട്

Written By:

കൊച്ചി: കലിപ്പടക്കണം, കപ്പടിക്കണമെന്ന വീരവാദവുമായെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ പോലും കാണാതെയാണ് ഇത്തവ പുറത്തായത്. പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ മഞ്ഞപ്പടയ്ക്കു സാധിച്ചിരുന്നുള്ളൂ.

മികച്ച താരനിരയുണ്ടായിട്ടും കളിക്കളത്തില്‍ ഇതൊന്നും ബ്ലാസ്റ്റേഴ്‌സിനെ തുണച്ചില്ല. ഒരു സീസണില്‍ തന്നെ രണ്ടു പരിശീലകരെയും ബ്ലാസ്റ്റേഴ്‌സിന് പരീക്ഷിക്കേണ്ടിവന്നു. ചില താരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത്. മഞ്ഞപ്പടയുടെ മികച്ച ആറു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 കെസിറോണ്‍ കിസീത്തോ

കെസിറോണ്‍ കിസീത്തോ

ജനുവരി ട്രാന്‍സ്ഫറില്‍ ടീമിനൊപ്പം ചേര്‍ന്ന ഉഗാണ്ടയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ ആദ്യ കളിയില്‍ തന്നെ വരവറിയിച്ച താരമാണ്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഡ്യൂഡെന്നാണ് കിസീത്തോയെ പിന്നീട് ഓമനപ്പേരിട്ടു വിളിച്ചത്.
വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനായുള്ളൂ. തോളിനേറ്റ പരിക്കുമൂലം അവസാനറൗണ്ട് മല്‍സരങ്ങളിലും 21കാരന്റെ സേവനം മഞ്ഞപ്പടയ്ക്കു ലഭിച്ചില്ല.
കളിക്കളത്തില്‍ മിന്നല്‍ നീക്കങ്ങളാണ് അവസരം ലഭിച്ച മല്‍സരങ്ങളില്‍ കിസീത്തോ കാഴ്ചവച്ചത്. അതുവരെ താളം കണ്ടെത്താതെ വിഷമിച്ച ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയ്ക്ക് പുത്തന്‍ ഊര്‍ജമാണ് അദ്ദേഹം നല്‍കിയത്. കിസീത്തോ കളിച്ച നാലു കളികളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച മഞ്ഞപ്പട ഒന്നില്‍ സമനിലയും മറ്റൊന്നില്‍ തോല്‍വിയുമേറ്റുവാങ്ങി.

ഇയാന്‍ ഹ്യൂം

ഇയാന്‍ ഹ്യൂം

മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായ ഇയാന്‍ ഹ്യൂം ഈ സീസണിലും നിരാശപ്പെടുത്തിയില്ല. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും 100 ശതമാനം നല്‍കുന്ന ഹ്യൂം ഇത്തവണയും ഇതാവര്‍ത്തിച്ചു. പക്ഷെ സ്ഥിരം വില്ലനായ പരിക്കിനു മുന്നില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം കീഴടങ്ങുകയായിരുന്നു. ഈ സീസണില്‍ ഒരു ഹാട്രിക്കുള്‍പ്പെടെ 13 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകളാണ് ഹ്യൂം നേടിയത്.

ഗുഡ്‌ജോണ്‍ ബാള്‍വിന്‍സണ്‍

ഗുഡ്‌ജോണ്‍ ബാള്‍വിന്‍സണ്‍

ജനുവരിയില്‍ ആരാധകരെ ഞെട്ടിച്ച് എഫ്‌സി ഗോവയിലേക്ക് കൂടുമാറിയ മാര്‍ക് സിഫ്‌നിയോസിന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയ താരമാണ് ഐസ്‌ലാന്‍ഡ് സ്‌ട്രൈക്കര്‍ ഗുഡ്‌ജോണ്‍ ബാള്‍വിന്‍സണ്‍. സിഫ്‌നിയോസ് പോയതു നന്നായിയെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെക്കൊണ്ടു പറയിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കളിക്കളത്തില്‍ കാഴ്ചവച്ചത്.
ആറു മല്‍സരങ്ങളില്‍ നിന്നും ഒരു ഗോളും ഒരു ഗോളവസരവുമൊരുക്കിയ ബാള്‍വിന്‍സണ്‍ എതിര്‍ ടീമിന്റെ പ്രതിരോധ നിരയ്ക്ക് നിരന്തരം തലവേദനയാവുകയും ചെയ്തു.

ലാല്‍റുവാത്താര

ലാല്‍റുവാത്താര

മിസോറില്‍ നിന്നുള്ള ലാല്‍റുവാത്താര ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കനൊപ്പം മഞ്ഞപ്പടയുടെ കോട്ട കാത്ത അദ്ദേഹത്തെ ഈ സീസണിലെ എമേര്‍ജിങ് പ്ലെയറായും ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തിരുന്നു.
സീസണില്‍ 85 ടാക്ലിങുകളാണ് ലാല്‍റുവാത്താര നടത്തിയത്. നാലു മഞ്ഞക്കാര്‍ഡും താരത്തിനു ലഭിച്ചു. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ 23 കാരനായ ലാല്‍റുവാത്താരയ്ക്ക് ദേശീയ ടീമിലേക്കും വഴിതുറക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനു വേണ്ടി രണ്ടു മല്‍സരങ്ങളില്‍ താരം കളിച്ചിരുന്നു.

സന്ദേഷ് ജിങ്കന്‍

സന്ദേഷ് ജിങ്കന്‍

ചില അബദ്ധങ്ങള്‍ സംഭവിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ ഒരിക്കല്‍ക്കൂടി സന്ദേഷ് ജിങ്കന്‍ കസറി. ഈ സീസണില്‍ ക്യാപ്റ്റന്റെ അധിക റോള്‍ കൂടി ജിങ്കനുണ്ടായിരുന്നു. പ്രഥമ സീസണ്‍ മുതല്‍ മഞ്ഞപ്പടയ്‌ക്കൊപ്പമുള്ള താരമാണ് അദ്ദേഹം.
ടീമില്‍ ഏറ്റവുമധികം അധ്വാനിക്കുന്ന താരവും ജിങ്കനാണ്. ബ്ലാസ്റ്റേഴ്‌സിനൊപ്പം നടത്തുന്ന പ്രകടനങ്ങളെ തുടര്‍ന്ന് പല വിദേശ ക്ലബ്ബുകളും താരത്തെ നോട്ടമിട്ടു കഴിഞ്ഞിട്ടുണ്ട്.

കറേജ് പെക്യൂസന്‍

കറേജ് പെക്യൂസന്‍

ഘാന മിഡ്ഫീല്‍ഡറായ കറേജ് പെക്യൂസന്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു. ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേയുള്ള നിര്‍ണായക മല്‍സരത്തിലെ പെനല്‍റ്റി നഷ്ടപ്പെടുത്തിയതൊഴിച്ചാല്‍ കളിച്ച 17 മല്‍സരങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് പെക്യൂസന്‍ നടത്തിയത്.
എതിര്‍ ടീം പ്രതിരോധത്തെ ഭേദിച്ച് നിരവധി തവണ മുന്നേറ്റനിരയ്ക്ക് പന്തെത്തിച്ചു നല്‍കാന്‍ അദ്ദേഹത്തിനായിരുന്നു. ആക്രമണത്തില്‍ മാത്രമല്ല പ്രതിരോധത്തിലും താരം മിന്നി. 56 ടാക്കിളുകളും 15 ഇടപെടലുകളുമാണ് താരം സീസണില്‍ നടത്തിയത്. വെറും ഒരു മഞ്ഞക്കാര്‍ഡ് മാത്രമേ പെക്യൂസനു ലഭിക്കുകയും ചെയ്തിട്ടുള്ളൂ.

ഐഎസ്എല്‍: ഗോവ പിടിക്കാന്‍ സൂപ്പര്‍ മച്ചാന്‍സ്... രണ്ടാം സെമി തീപ്പൊരി പാറും

വീണ്ടും ധവാന്‍... തുടരെ രണ്ട് ഫിഫ്റ്റികള്‍ ഇതാദ്യം, ടീം ഇന്ത്യയുടെ കടുവ വേട്ട, ഹൈലൈറ്റ്‌സ്...

പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി... ഇതിനേക്കാള്‍ വലിയ എന്തു നേട്ടമുണ്ട്? ബെര്‍ത്ത്‌ഡേ ഹീറോസ്

Story first published: Friday, March 9, 2018, 12:37 [IST]
Other articles published on Mar 9, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍