സൂപ്പര്‍ കപ്പ്: ഞെട്ടിക്കുന്ന തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പുറത്ത്!! വീണത് 0-2ന് ലീഡ് ചെയ്ത ശേഷം...

Written By:

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി. അനായാസ ജയത്തിലേക്കു നീങ്ങിയ മഞ്ഞപ്പടയെ ഐ ലീഗ് ടീം നെറോക്കയാണ് അവിശ്വസനീയ തിരിച്ചുവരവിലൂടെ പ്രീക്വാര്‍ട്ടറില്‍‍ വീഴ്ത്തിയത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു നെറോക്ക ബ്ലാസ്‌റ്റേഴ്‌സിനെ സ്തബ്ധരാക്കുകയായിരുന്നു. 0-2ന്റെ മികച്ച ലീഡുമായി ക്വാര്‍ട്ടറിലേക്കു കുതിച്ച ബ്ലാസ്റ്റേഴ്‌സിനെ അവസാന 20 മിനിറ്റിനിടെയാണ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് നെറോക്ക പുറത്തേക്കു വഴികാട്ടിയത്.

1

പത്താം മിനിറ്റില്‍ വിക്ടര്‍ പുള്‍ഗയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നത്. ബോക്‌സിനുള്ളില്‍ വച്ച് നെറോക്ക താരം ഗൗരമാംഗി പന്ത് കൈകൊണ്ടു തടുത്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി പുള്‍ഗ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഈ ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ ആദ്യപകുതിയില്‍ മികച്ച ഗോള്‍ നീക്കങ്ങളൊന്നും ഇരുടീമുകളും നടത്തിയില്ല. രണ്ടാംപകുതി തുടങ്ങി നാലു മിനിറ്റിനുള്ളില്‍ പ്രശാന്ത് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. കറേജ് പെക്ക്യുസന്റെ ക്രോസില്‍ നിന്നായിരുന്നു പ്രശാന്തിന്റെ ഗോള്‍.

2-0ന്റെ ജയവുമായി ബ്ലാസ്‌റ്റേഴ്‌സ് സെമി ബെര്‍ത്ത് ഉറപ്പിച്ചിരിക്കവെയായിരുന്നു 71ാം മിനിറ്റില്‍ ജോക്വിമിലൂടെ നെറോക്ക കളിയിലേക്കുള്ള തിരിച്ചുവരവിന് തുടക്കമിട്ടത്. 80ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിനും ഗോള്‍കീപ്പര്‍ റെബൂക്കയ്ക്കും പറ്റിയ പിഴവില്‍ നിന്നും അര്‍യെന്‍ വില്ല്യംസ് നെറോക്കയുടെ സമനില ഗോള്‍ പിടിച്ചുവാങ്ങി. ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയായിരുന്നു വില്ല്യംസിന്റെ ഗോള്‍.

ഈ ഗോളിന്റെ ആവേശത്തില്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ നെറോക്ക രണ്ടു മിനിറ്റിനുള്ളില്‍ മൂന്നാം ഗോളും കണ്ടെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് സ്തബ്ധരായി. ബോക്‌സിനുള്ളില്‍ വച്ച് വെസ് ബ്രൗണ്‍ പന്ത് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റിയില്‍ നിന്നും ഫെലിക്‌സ് ചിഡിയാണ് നെറോക്കയുടെ വിജയവും ക്വാര്‍ട്ടര്‍ ടിക്കറ്റും ഉറപ്പിച്ച വിജയഗോള്‍ നേടിയത്. ക്വാര്‍ട്ടറില്‍ ബെംഗളൂരു എഫ്‌സിയുമായാണ് നെറോക്ക ഏറ്റുമുട്ടുക.

Story first published: Friday, April 6, 2018, 22:06 [IST]
Other articles published on Apr 6, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍