ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ വിടുന്നു; ഇനി അമേരിക്കന്‍ ലീഗിലേക്ക്

Posted By: rajesh mc

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു. ഈ വര്‍ഷം ജൂണ്‍വരെയാണ് സീഡിഷ് താരത്തിന്റെ കരാര്‍. ഇതിനുശേഷം അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്ക് ഇബ്രാഹിമോവിച്ച് കൂടുമാറും.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച താരം ഈ വര്‍ഷം ഏഴു കളികളില്‍ മാത്രമാണ് മാഞ്ചസ്റ്ററിനായി കളത്തിലിറങ്ങിയത്. വിട്ടുമാറാത്ത പരിക്കുമൂലം കരിയര്‍ അവസാനിപ്പിക്കുകയാണെന്ന സൂചനയോടെയാണ് സ്ലാട്ടന്‍ അമേരിക്കയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

zlatan

കരിയര്‍ അവസാനകാലത്ത് പല സൂപ്പര്‍താരങ്ങളും അമേരിക്കന്‍ ലീഗില്‍ കളിച്ചിരുന്നു. പ്രീമിയര്‍ ലീഗിനേക്കാള്‍ വമ്പന്‍ പണമെറിയുന്ന മേജര്‍ സോക്കര്‍ ലീഗ് വെറ്ററന്‍ താരങ്ങള്‍ക്ക് ചാകരയാണ്. ഡേവിഡ് ബെക്കാം, ഫ്രാങ്ക ലംപാര്‍ഡ്, സ്റ്റീഫന്‍ ജെറാര്‍ഡ് തുടങ്ങിയ താരങ്ങള്‍ അമേരിക്കന്‍ ലീഗിലെത്തിയശേഷമാണ് ബൂട്ടഴിച്ചത്.

ലോസ് ആഞ്ചലസ് ഗ്യാലക്‌സിയുമായി ഇബ്രാഹിമോവിച്ചന്റെ ഏജന്റ് സംസാരിച്ചുകഴിഞ്ഞു. കരാറില്‍ അന്തിമ തീരുമാനം ആയാലുടന്‍ പ്രഖ്യാപനമുണ്ടായേക്കും. മാഞ്ചസ്റ്ററിനുവേണ്ടി 46 മത്സരങ്ങളില്‍ നിന്നും 28 ഗോളുകള്‍ നേടി ആദ്യ സീസണ്‍ ഗംഭീരമാക്കിയശേഷമാണ് മുപ്പത്തിയാറുകാരന്‍ പരിക്കിന്റെ പിടിയിലാകുന്നത്. രണ്ടാം സീസണില്‍ റൊമേലു ലുക്കാക്കു എത്തിയതോടെ ഇബ്രാഹിമോച്ചിന് ആദ്യ ഇലവനില്‍ സ്ഥാനവും ലഭിച്ചില്ല.

Story first published: Friday, March 23, 2018, 8:23 [IST]
Other articles published on Mar 23, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍