മാഞ്ചസ്റ്റര്‍, യുവന്റസ് പ്രീക്വാര്‍ട്ടറില്‍... ഫ്രാന്‍സില്‍ കൊടുത്ത പിഎസ്ജിക്ക് ജര്‍മനിയില്‍ കിട്ടി

Written By:

ലണ്ടന്‍/ ബെര്‍ലിന്‍: ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇറ്റാലിയന്‍ പവര്‍ഹൗസുകളായ യുവന്റസ് എന്നിവര്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ജയിച്ചാണ് മാഞ്ചസ്റ്ററിന്‍റെയും യുവന്‍റസിന്‍റെയും മുന്നേറ്റം.

സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ ഫ്രഞ്ച് ഗ്ലാമര്‍ ടീം പിഎസ്ജിയെ തോല്‍പ്പിക്കുക അസാധ്യമല്ലെന്ന് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് തെളിയിച്ചു. നേരത്തേ തന്നെ അവസാന 16ലേക്കു ടിക്കറ്റെടുത്ത ബാഴ്‌സലോണ ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി. ഇതോടെ എ മുതല്‍ ഡി വരെയുള്ള ഗ്രൂപ്പു ഘട്ടമല്‍സരങ്ങള്‍ പൂര്‍ത്തിയായി. ശേഷിക്കുന്ന ഗ്രൂപ്പു തല മല്‍സരങ്ങള്‍ ബുധനാഴ്ച രാത്രിയോടെ പൂര്‍ത്തിയാവും.

ഗ്രൂപ്പ് ജേതാക്കളായി ഡെവിള്‍സ്

ഗ്രൂപ്പ് ജേതാക്കളായി ഡെവിള്‍സ്

കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗിലിലേക്ക് യോഗ്യത നേടാന്‍ സാധിക്കാതിരുന്ന മാഞ്ചസ്റ്റര്‍ ഇത്തവണ ഗ്രൂപ്പ് ജേതാക്കളായാണ് തിരിച്ചുവരവ് ആഘോഷിച്ചത്. ആറാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മല്‍സരത്തില്‍ റഷ്യന്‍ ടീം സിഎസ്‌കെഎ മോസ്‌കോയെ ഡെവിള്‍സ് 2-1ന് തോല്‍പ്പിക്കുകയായിരുന്നു.
ഹോംഗ്രൗണ്ടില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് യുനൈറ്റഡ് തിരിച്ചടിച്ചത്. ഒന്നാം പകുതിയില്‍ 0-1ന് പിറകിലായിരുന്ന ഡെവിള്‍സ് രണ്ടാംപകുതിയില്‍ റൊമേലു ലുക്കാക്കു (64ാം മിനിറ്റ്), മാര്‍കസ് റഷ്‌ഫോര്‍ഡ് (66) എന്നിവരുടെ ഗോളുകളില്‍ ജയത്തിലേക്കു പൊരുതിക്കയറുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബാസെല്‍ 2-0ന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു. മാഞ്ചസ്റ്ററിനു പിന്നില്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനതക്കാരായി ബാസെലും നോക്കൗട്ട്‌റൗണ്ടില്‍ കടന്നു.

 കണക്കുതീര്‍ത്ത് ബയേണ്‍

കണക്കുതീര്‍ത്ത് ബയേണ്‍

ഗ്രൂപ്പ് ബിയില്‍ പിഎസ്ജിയോടെ അവരുടെ തട്ടകത്തിലേറ്റ കനത്ത തോല്‍വിക്ക് ബയേണ്‍ ഇത്തവണ സ്വന്തം കാണികള്‍ക്കു മുന്നില്‍ കണക്കുതീര്‍ക്കുകയായിരുന്നു. ഫ്രാന്‍സില്‍ നടന്ന കളിയില്‍ പിഎസ്ജി 3-0ന് ബയേണിനെ തുരത്തിയിരുന്നു. ഈ തോല്‍വിക്ക് 3-1ന് പിഎസ്ജിയെ കെട്ടുകെട്ടിച്ച് ബയേണ്‍ പകരം ചോദിക്കുകയായിരുന്നു.
ഇരട്ടഗോളുകള്‍ നേടിയ കൊറെന്റിന്‍ ടൊലിസ്സോയാണ് ബയേണിന്റെ വിജശില്‍പ്പി. ആദ്യഗോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ വകയായിരുന്നു. കൈലിയന്‍ എംബപ്പെയാണ് പിഎസ്ജിയുടെ ഗോള്‍ മടക്കി. ഒന്നാം പകുതിയില്‍ തന്നെ 2-0ന്റെ ലീഡോടെ ബയേണ്‍ വിജയമുറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ആന്‍ഡര്‍ലെക്ട് 1-0നു കെല്‍റ്റിക്കിനെ തോല്‍പ്പിച്ചു.
15 പോയിന്റ് വീതം നേടി പിഎസ്ജിയും ബയേണും ഗ്രൂപ്പില്‍ നിന്നും നോക്കൗട്ട്‌റൗണ്ടില്‍ കടന്നു. മികച്ച ഗോള്‍ശരാശരി പിഎസ്ജിയെ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരാക്കി.

സെല്‍ഫ് ഗോള്‍ ബ്ലൂസിനെ കാത്തു

സെല്‍ഫ് ഗോള്‍ ബ്ലൂസിനെ കാത്തു

ഗ്രൂപ്പ് സിയില്‍ നിന്നു നേരത്തേ തന്നെ നോക്കൗട്ട് റൗണ്ടിലെത്തിയ ചെല്‍സി സമനിലയോടെ ഗ്രൂപ്പ് ജേതാക്കളാവാനുള്ള അവസരം നഷ്ടപ്പെടുത്തി. തോല്‍വിയില്‍ നിന്നും കഷ്ടിച്ചാണ് ബ്ലൂസ് രക്ഷപ്പെട്ടത്. സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡുമായി ബ്ലൂസ് 1-1ന്റെ സമനില വഴങ്ങുകയായിരുന്നു.
0-1ന്റെ തോല്‍വി അഭിമുഖീകരിച്ച ചെല്‍സിയെ രക്ഷിച്ചത് സെല്‍ഫ് ഗോളായിരുന്നു. 75ാം മിനിറ്റില്‍ സ്‌റ്റെഫാന്‍ സാവിച്ചാണ് ചെല്‍സിക്കു സമനില സമ്മാനിച്ച സെല്‍ഫ് ഗോള്‍ സംഭാവന ചെയ്തത്. 56ാം മിനിറ്റില്‍ സോളിലൂടെ അത്‌ലറ്റികോ മുന്നിലെത്തിയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഇറ്റാലിയന്‍ ടീം എഎസ് റോമ 1-0ന് ക്വറാബാഗിനെ തോല്‍പ്പിച്ചു. 11 പോയിന്റ് വീതം നേടി റോമയും ചെല്‍സിയും ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഏഴു പോയിന്റുള്ള അത്‌ലറ്റികോയ്ക്ക് നോക്കൗട്ടിലെത്താനായില്ല.

അട്ടിമറികളില്ലാതെ ഗ്രൂപ്പ് ഡി

അട്ടിമറികളില്ലാതെ ഗ്രൂപ്പ് ഡി

ഗ്രൂപ്പ് ഡിയിലിലെ അവസാന മല്‍സരത്തില്‍ അട്ടിമറികളൊന്നും നടന്നില്ല. മുന്‍ ജേതാക്കളും കിരീട ഫേവറിറ്റുകളുമായ ബാഴ്‌സലോണയും യുവന്റസും ജയത്തോടെ തന്നെ അവസാന ദൗത്യം പൂര്‍ത്തിയാക്കി.
ബാഴ്‌സലോണ ഹോംഗ്രൗണ്ടില്‍ പോര്‍ച്ചുഗീസ് ടീം സ്‌പോര്‍ട്ടിങ് ലിസ്ബണിനെ 2-0ന് തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു എവേ മല്‍സരത്തില്‍ യുവന്റസ് ഇതേ സ്‌കോറിനു ഗ്രീക്ക് ടീം ഒളിംപിയാക്കോസിനെ പരാജയപ്പെടുത്തുകയായിരുന്നു.
പാക്കോ അല്‍കാസറിന്റെ ഗോളും ജെറമി മാത്യുവിന്റെ സെല്‍ഫ് ഗോളുമാണ് ബാഴ്‌സയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഒളിംപിയാക്കോസിനെതിരേ യുവാന്‍ ക്വര്‍ഡാഡോയും ഫെഡറിക്കോ ബെര്‍ണാഡെഷിയും യുവന്റസിനുവേണ്ടി സ്‌കോര്‍ ചെയ്തു. 14 പോയിന്റോടെ ബാഴ്‌സയാണ് ഗ്രൂപ്പ് ജേതാക്കളായത്. 11 പോയിന്റുമായി യുവന്റസ് രണ്ടാമതെത്തി നോക്കൗട്ട് റൗണ്ടില്‍ സ്ഥാനമുറപ്പിച്ചു.

Story first published: Wednesday, December 6, 2017, 8:36 [IST]
Other articles published on Dec 6, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍