മെസ്സിയും റൊണാള്‍ഡോയും ഇനി 'ഇന്ത്യക്കു വേണ്ടി' പന്ത് തട്ടും... ലക്ഷ്യം ഒന്നു മാത്രം

Written By:

മുംബൈ/ മാഡ്രിഡ്: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ലീഗ് ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നായിരിക്കും- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രീമിയര്‍ ലീഗെന്നാല്‍ ഇപ്പോഴും ഹരമാണ്. ഐഎസ്എല്ലിന്റെ വരവ് പ്രീമിയര്‍ ലീഗിനു ഇപ്പോഴും വലിയ തിരിച്ചടിയൊന്നും ആയിട്ടില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണികളുള്ളത് സ്പാനിഷ് ലീഗിനായിരിക്കും. കാരണം നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളായ രണ്ടു പേരും കളിക്കുന്നത് ലാ ലിഗയിലാണ്. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് നിരയില്‍ കളത്തിലിറങ്ങുമ്പോള്‍ മുന്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി ബാഴ്‌സലോണ ടീമിലുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ അപേക്ഷിച്ച് സ്പാനിഷ് ലീഗ് മല്‍സരങ്ങളെല്ലാം ഇന്ത്യയില്‍ അര്‍ധരാത്രിയാണ് നടക്കുന്നത്. ഇത് കാണികളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നുണ്ട്. ഇത് പരിഹരിച്ച് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികളെ കൂടി കൈയിലെടുക്കാന്‍ സ്പാനിഷ് ലീഗിലെ മല്‍സരങ്ങളുടെ സമയം മാറ്റാനൊരുങ്ങുകയാണ് സംഘാടകര്‍. ലാ ലിഗ പ്രസിഡന്റായ ജാവിയര്‍ ടെബാസ് തന്നെയാണ് ഇക്കാര്യമറിയിച്ചത്.

പ്രീമിയര്‍ ലീഗിനെ മറികടക്കുക ലക്ഷ്യം

പ്രീമിയര്‍ ലീഗിനെ മറികടക്കുക ലക്ഷ്യം

പ്രീമിയര്‍ ലീഗിന്റെ ആധിപത്യം മറികടക്കുകയെന്ന ലക്ഷ്യത്തോടെ ഏഷ്യയില്‍ വലിയ പദ്ധതികാണ് ആസൂത്രണം ചെയ്യുന്നതെന്ന് ടെബാസ് പറയുന്നു. 200 മില്ല്യണായിരുന്നു കഴിഞ്ഞ വര്‍ഷം ഏഷ്യയില്‍ ലാലിഗ ടെലിവിഷനില്‍ കണ്ടവരുടെ കണക്ക്. ഇത്തവണ 25 ശതമാനത്തിന്റം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്പാനിഷ് ലീഗിനെ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ലാലിഗ പുതിയ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലും ചൈനയിലും നേരത്തേ തന്നെ അവര്‍ക്ക് ഓഫീസുകളുണ്ട്.

 സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി

സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി

ലാ ലിഗയില്‍ സാങ്കേതിക വിദ്യയുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മല്‍സരവേദിയായ ചില സ്റ്റേഡിയങ്ങളില്‍ പ്രത്യേക ക്യാമറകളും പുതുതായി സ്ഥാപിച്ചു കഴിഞ്ഞതായി ടെബാസ് വ്യക്തമാക്കി. ഇതു വരെ മറ്റൊരു ലീഗിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദൃശ്യവിസ്മയമാണ് ഇനി സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ പ്രേമികള്‍ക്കു സമ്മാനിക്കുകയെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
മാത്രമല്ല മല്‍സരത്തിന്റെ പ്രധാന വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി ഷെയര്‍ ചെയ്യാനും ആരാധകര്‍ക്കു സാധിക്കും. ലീഗിലെ എല്ലാ മല്‍സരങ്ങളിലും പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനാണ് തീരുമാനം. ഇതു നിലവില്‍ വരുന്നതോടെ മറ്റു ലീഗുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ലാ ലി മാറുമെന്നും ടെബാസ് വ്യക്തമാക്കി.

സ്‌പെയിനുകാര്‍ അദ്ഭുതപ്പെട്ടു

സ്‌പെയിനുകാര്‍ അദ്ഭുതപ്പെട്ടു

ഇന്ത്യയടക്കമുള്ള ഏഷ്യയിലെ വലിയ ഫുട്‌ബോള്‍ വിപണി പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ സ്പാനിഷ് ലീഗ് മല്‍സരങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ രാജ്യത്തുള്ളവര്‍ അദ്ഭുതപ്പെട്ടുവെന്ന് ടെബാസ് പറഞ്ഞു. മല്‍സര സമയത്തില്‍ മാറ്റം വരുത്തിയത് വലിയ തിരിച്ചടിയൊന്നുമായിട്ടില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തേയുള്ളതിനേക്കാള്‍ 12 ശതമാനം കാണികളുടെ വര്‍ധനവാണ് സമയമാറ്റത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം വിശദമാക്കി. ഇതിനര്‍ഥം ഏഷ്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കു മാത്രമല്ല സ്‌പെയിനുകാര്‍ക്കും സമയമാറ്റം ഗുണം ചെയ്തുവെന്നാണെന്നും ടെബാസ് സൂചിപ്പിച്ചു.

ഫുട്‌ബോളിലും ആഗോളവല്‍ക്കരണം

ഫുട്‌ബോളിലും ആഗോളവല്‍ക്കരണം

മറ്റു വ്യവസായങ്ങള്‍ പോലെ ഫുട്‌ബോളിലും ആഗോളവല്‍ക്കരണം അതിവേഗം വന്നുകൊണ്ടിരിക്കുകയാണ്. ഫുട്‌ബോളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പലര്‍ക്കും ഇപ്പോള്‍ ഭയമാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഫുട്‌ബോളിലും നടപ്പാക്കാണെന്നാണ് തന്റെ അഭിപ്രായമെന്നും ടെബാസ് വ്യക്തമാക്കി.
സ്പാനിഷ് ലീഗിലെ മിക്ക ക്ലബ്ബുകളിലും ഏഷ്യന്‍ സാന്നിധ്യമുണ്ട്. വലന്‍സിയ ക്ലബ്ബിന്റെ ഉടമ സിംഗപ്പൂരിലെ ബിസിനസുകാരനായ പീറ്റര്‍ ലിമ്മാണ്. അത്‌ലറ്റികോ മാഡ്രിഡിന്റെ പകുതി ഉടമസ്ഥാവകാശം ചൈനീസ് കോടീശ്വരനായ വാങ് ജിയാലിനാണ്. ചെറു ക്ലബ്ബുകളായ ഗ്രനാഡ, എസ്പാനോള്‍ എന്നിവയിലും ചൈനീസ് നിക്ഷേപമുണ്ട്.

10 വര്‍ഷത്തിനകം മാറ്റങ്ങളുണ്ടാവും

10 വര്‍ഷത്തിനകം മാറ്റങ്ങളുണ്ടാവും

പുതിയ പരിഷ്‌കാരങ്ങളും സമയമാറ്റവും പ്രാബല്യത്തില്‍ വരുന്നതോടെ അടുത്ത 10 വര്‍ഷത്തിനകം പ്രീമിയര്‍ ലീഗിന് ഒപ്പമെത്താനോ തൊട്ടരികിലെത്താനോ സ്പാനിഷ് ലീഗിനാവുമെന്ന് ടെബാസ് അവകാശപ്പെട്ടു.
നിലവില്‍ പ്രീമിയര്‍ ലീഗിന് ലാ ലിഗയേക്കാള്‍ 40 ശതമാനം അധികം കാണികളുണ്ട്. ടെലിവിഷന്‍ സംപ്രേക്ഷണവാകാശത്തിലൂടെ മാത്രം 1.7 ബില്ല്യണ്‍ യൂറോയാണ് പ്രീമിയര്‍ ലീഗ് ഒരു വര്‍ഷം നേടുന്നത്.
ലാറ്റിനമേരിക്കയില്‍ ഏറ്റവുമധികം കാണികള്‍ നിലവില്‍ സ്പാനിഷ് ലീഗിനാണെന്നാണ് കണക്ക്. ഇനി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും അമേരിക്ക, ആഫ്രിക്ക എന്നീവിടങ്ങളിലും കൂടുതല്‍ കാണികളെയുണ്ടാക്കുകയാണ് ലാ ലിഗയുടെ ലക്ഷ്യം.

Story first published: Wednesday, December 6, 2017, 15:03 [IST]
Other articles published on Dec 6, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍