കേരള ബ്ലാസ്‌റ്റേഴ്‌സ് 'നാട് വിട്ടു'... മിഷന്‍ ഗോവ, ഇത്തവണ കലിപ്പടക്കുമോ മഞ്ഞപ്പട?

Written By:

മഡ്ഗാവ്: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്ന് ഹോം മാച്ചുകള്‍ക്കു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് 'നാടുവിട്ടു'. ശനിയാഴ്ച രാത്രി എട്ടിനു നടക്കുന്ന തങ്ങളുടെ ആദ്യ ഹോം മാച്ചില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയുമായി മഞ്ഞപ്പട ഏറ്റുമുട്ടും. കപ്പടിക്കണം, കലിപ്പടക്കണമെന്ന തകര്‍പ്പന്‍ ഔദ്യോഗിക ഗാനവുമായി ഈ സീസണിന് ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ആദ്യ മൂന്നു കളികളിലും നടത്തിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ചു ട്രോളുകള്‍ വരെയിറങ്ങിയിരുന്നു.

ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഗോവന്‍ മണ്ണില്‍ മറുപടി നല്‍കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീസണില്‍ ഒരു മല്‍സരം പോലും ജയിക്കാത്ത രണ്ടു ടീമുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. കൊല്‍ക്കത്തയാണ് രണ്ടാമത്തെ ടീം. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ക്കാണ് ഇത്തരമൊരു ദുരന്തം നേരിട്ടെന്നതും ശ്രദ്ധേയമാണ്. ഗോവയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിന് ജയം എളുപ്പമാവില്ല. ഏറ്റവും മികച്ച കളി കെട്ടഴിച്ചെങ്കില്‍ മാത്രമേ ഗോവയില്‍ നിന്നു മൂന്നു പോയിന്റുമായി മടങ്ങാന്‍ മഞ്ഞപ്പടയ്ക്കാവുകയുള്ളൂ.

തുടക്കം സമനിലയോടെ, പിന്നെയത് 'ശീലമാക്കി'

തുടക്കം സമനിലയോടെ, പിന്നെയത് 'ശീലമാക്കി'

കഴിഞ്ഞ മൂന്നു സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ ഐഎസ്എല്ലില്‍ ഇറങ്ങിയത്. അതുകൊണ്ടു തന്നെ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ഉദ്ഘാടന മല്‍സത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയായിരുന്നു മഞ്ഞപ്പടയുടെ എതിരാളികള്‍. കഴിഞ്ഞ ഫൈനലിന്റെ തനിയാവര്‍ത്തനം. എന്നാല്‍ ആരാധകര്‍ ആഗ്രഹിച്ചതൊന്നും നടന്നില്ല. ഗോളടിക്കാതെയും അടിപ്പിക്കാതെയും കഷ്ടിച്ചു നേടിയ ഒരു പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് തടിയൂരി.
പിന്നെയങ്ങോട്ട് സമനിലയെന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ വീക്‌നെസ് ആവുന്നതാണ് കണ്ടത്. രണ്ടാമത്തെ കളിയില്‍ മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിച്ച ജംഷഡ്പൂര്‍ എഫ്‌സിയുമായും മഞ്ഞപ്പട ഗോള്‍രഹിത സമനില സമ്മതിച്ചു പിരിഞ്ഞു. മൂന്നാമത്തേതിലും പിഴച്ചില്ല. ഇത്തവണ ഒരു മാറ്റമുണ്ടായെന്നു മാത്രം. മഞ്ഞപ്പടയുടെ അക്കൗണ്ടില്‍ ആദ്യ ഗോള്‍ കുറിക്കപ്പെട്ടു. എന്നാല്‍ മുംബൈ സിറ്റിയുമായി 1-1ന്റെ സമനിലയോടെ മറ്റൊരു പോയിന്റ് കൂടി ബ്ലാസ്‌റ്റേഴ്‌സ് നേടി.

വിനീത് ഇല്ല, പകരമാര്?

വിനീത് ഇല്ല, പകരമാര്?

കഴിഞ്ഞ സീസണിലേതു പോലെ ഈ സീസണില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും മലയാളി താരം സികെ വിനീത് ബ്ലാസ്റ്റേഴ്‌സിന്റ പ്രധാന കളിക്കാരനാണ്. മുംബൈക്കെതിരായ കഴിഞ്ഞ കളിയില്‍ പ്രതീക്ഷ നല്‍കുന്ന ചില മുന്നേറ്റങ്ങളും താരം നടത്തിയിരുന്നു. എന്നാല്‍ ഇതേ മല്‍സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡ് വിനീതിനെ കുടുക്കിയിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ കാരണം വിനീത് ഇല്ലാതെയാണ് മഞ്ഞപ്പട ഗോവയുമായി കൊമ്പുകോര്‍ക്കുന്നത്.
വിനീതിനു പകരം ആര് പ്ലെയിങ് ഇലവനില്‍ കളിക്കുമെന്നതാണ് ഇനിയുള്ള ചോദ്യം. മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായ ഇയാന്‍ ഹ്യൂമായിരിക്കും വിനീതിനു പകരം കളിക്കുകയെന്നാണ് സൂചന. കഴിഞ്ഞ മല്‍സരത്തില്‍ ഹ്യൂം പകരക്കാരനായാണ് കളിച്ചത്.

സിഫെനോസ് തുടരും

സിഫെനോസ് തുടരും

ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ക്ഷാമത്തിന് അറുതിയിട്ട് കഴിഞ്ഞ മല്‍സരത്തില്‍ ഗോള്‍ നേടിയ 20 കാരനായ ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫെനോസ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്. സിഫെനോസ്-ദിമിതര്‍ ബെര്‍ബറ്റോവ്-ഇയാന്‍ എന്നിവരടങ്ങുന്നതാവും ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിര.
സ്‌ട്രൈക്കറുടെ റോളില്‍ നിന്നും മാറ്റി ബ്ലാസ്റ്റേഴ്‌സ് പ്ലേമേക്കറുടെ റോളില്‍ പരീക്ഷിച്ച ബെര്‍ബറ്റോവ് മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതേ റോളില്‍ തന്നെ താരത്തെ ടൂര്‍ണമെന്റില്‍ ഉപയോഗിക്കാനായിരിക്കും കോച്ച് റെനെ മ്യുളെന്‍സ്റ്റീനിന്റെ പദ്ധതി. കാരണം സീസണിലെ ആദ്യ കളിയില്‍ മികച്ചൊരു പ്ലേമേക്കറുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പ്രകടമായിരുന്നു. കൊല്‍ക്കത്തയ്ക്കെതിരേ സ്‌ട്രൈക്കറായാണ് ബെര്‍ബയെ നേരത്തേ കോച്ച് പരീക്ഷിച്ചത്.

 നിരാശയില്ലെന്ന് മ്യുളെന്‍സ്റ്റീന്‍

നിരാശയില്ലെന്ന് മ്യുളെന്‍സ്റ്റീന്‍

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു വിജയം പോലും അവകാശപ്പെടാനില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ഡച്ചുകാരനായ കോച്ച് മ്യുളെന്‍സ്റ്റീന്‍ നിരാശനല്ല. മഞ്ഞപ്പട പതിയെ താളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
കൊല്‍ക്കത്തയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തിനു ഇറങ്ങുമ്പോള്‍ വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ കളിയില്‍ ടീം കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്തി. ഓരോ മല്‍സരം കഴിയുന്തോറും ബ്ലാസ്‌റ്റേഴ്‌സ് മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നു മ്യുളെന്‍സ്റ്റീന്‍ ചൂണ്ടിക്കാട്ടി.
ഗോള്‍രഹിത സമനില വഴങ്ങി പോയിന്റ് നേടുകയെന്നത് പ്രധാനം തന്നെയാണ്. ചില ടീമുകള്‍ മൂന്നും നാലും ഗോളുകള്‍ വഴങ്ങുന്നത് കാണാം. ഇതേ അവസ്ഥ ബ്ലാസ്‌റ്റേഴ്‌സിനുമുണ്ടായാല്‍ അതു കനത്ത തിരിച്ചടിയാവുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

ഗോവയെ സൂക്ഷിക്കണം

ഗോവയെ സൂക്ഷിക്കണം

ഗോവയെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായിരുന്നു ഇതുവരെയുള്ള മല്‍സരങ്ങള്‍. ചെന്നൈയ്ന്‍ എഫ്‌സിക്കെതിരായ മല്‍സരത്തില്‍ ത്രസിപ്പിക്കുന്ന ജയത്തോടെയാണ് ഗോവ തുടങ്ങിയത്. അഞ്ചു ഗോളുകള്‍ പിറന്ന ക്ലാസിക്ക് പോരില്‍ ഗോവ 3-2ന് ചെന്നൈയെ വീഴ്ത്തുകയായിരുന്നു.
എന്നാല്‍ രണ്ടാമത്തെ കളിയില്‍ ഗോവയ്ക്കു പിഴച്ചു. മുംബൈ സിറ്റിയോട് അവരുടെ മണ്ണില്‍ തോല്‍വിയേറ്റുവാങ്ങി (1-2). പക്ഷെ ഗോവ പതറിയില്ല. മൂന്നാമത്തെ കളിയില്‍ ഗോവ തിരിച്ചുവന്നു. കിരീട ഫേവറിറ്റുകളിലൊന്നായ ബെംഗളൂരു എഫ്‌സിയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു ഗോവ ഞെട്ടിക്കുകയായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ആറു പോയിന്റോടെ പട്ടികയില്‍ ഗോവ നാലാംസ്ഥാനത്തുണ്ട്.

Story first published: Friday, December 8, 2017, 15:37 [IST]
Other articles published on Dec 8, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍