ബ്ലാസ്റ്റേഴ്‌സിന്‌ വീണ്ടും മിഷന്‍ ഇംപോസിബിള്‍... ഹാട്രിക്ക്‌ സമനില, ആശ്വസിക്കാനൊരു ഗോള്‍

Written By:

കൊച്ചി: ഐഎസ്‌എല്ലില്‍ സമനില ഭൂതം കേരള ബ്ലാസ്റ്റേഴ്‌സിനെ വിട്ടുപോവുന്നില്ല. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും മഞ്ഞപ്പട സമനില വഴങ്ങി. എന്നാല്‍ ഗോള്‍വരള്‍ച്ചയ്‌ക്കു അറുതിയിടാന്‍ സാധിച്ചുവെന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിന്‌ ആശ്വസിക്കാം. ഹോംഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തില്‍
മുംബൈ സിറ്റിയുമായി ബ്ലാസ്റ്റേഴ്‌സ്‌ 1-1നു സമനില വഴങ്ങി പോയിന്റ്‌ പങ്കിടുകയായിരുന്നു. നേരത്തേ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, ജംഷഡ്‌പൂര്‍ എഫ്‌സി എന്നിവരുമായും ബ്ലാസ്റ്റേഴ്‌സ്‌ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

Kerala Blasters

ഇയാന്‍ ഹ്യൂമിനു പകരം പ്ലെയിങ്‌ ഇലവനിലെത്തിയ ഡച്ച്‌ സ്‌ട്രൈക്കര്‍ മാര്‍ക്ക്‌ സിഫെനോസാണ്‌ 14ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ കാത്തിരുന്ന ഗോള്‍ നേടിയത്‌. ആദ്യ രണ്ടു കളികളെയും അപേക്ഷിച്ച്‌ മിന്നുന്ന പ്രകടനമാണ്‌ ബ്ലാസ്റ്റേഴ്‌സ്‌ നടത്തിയത്‌. രണ്ടാംപകുതിയില്‍ കളിയിലേക്ക്‌ ശക്തമായി തിരിച്ചുവന്ന മുംബൈ 77ാം മിനിറ്റില്‍ ബല്‍വന്ത്‌ സിങിന്റെ ഗോളില്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കോച്ച്‌ മ്യൂളെന്‍സ്‌റ്റീന്‍ പ്ലെയിങ്‌ ഇലവനെ അണിനിരത്തിയത്‌. ഇയാന്‍ ഹ്യൂമിനു പകരം 20 കാരനായ സ്‌ട്രൈക്കര്‍ സിഫെനോസിനെ മുന്നേറ്റനിരയില്‍ അണിനിരത്തി 4-1-4-1 എന്ന ശൈലിയിലാണ്‌ കോച്ച്‌ പരീക്ഷിച്ചത്‌.

ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ തുടക്കം

നാലാം മിനിറ്റിലാണ്‌ ബ്ലാസ്റ്റേഴ്‌സ്‌ ആദ്യ ഷോട്ട്‌ പരീക്ഷിച്ചത്‌. എന്നാല്‍ ബോക്‌സിന്റെ വലതുമൂലയില്‍ നിന്നും കറേജ്‌ പെക്ക്യൂസന്റെ ദുര്‍ബലമായ ഗ്രൗണ്ട്‌ ഷോട്ട്‌ മുംബൈ ഗോള്‍കീപ്പര്‍ക്ക്‌ ഭീഷണിയുയര്‍ത്താതെ കടന്നുപോയി. തൊട്ടടുത്ത മിനിറ്റില്‍ മഞ്ഞപ്പടയ്‌ക്ക്‌ അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. മികച്ച കോര്‍ണറായിരുന്നു ഇത്‌. ബോക്‌സിനുള്ളില്‍ വച്ച്‌ സന്ദേഷ്‌ ജിങ്കന്റെ ഗോളെന്നുറച്ച ഷോട്ട്‌ മുംബൈ പ്രതിരോധത്തില്‍ തട്ടി മടങ്ങുകയായിരുന്നു.
തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ്‌ ആക്രമണ ഫുട്‌ബോളിലൂടെ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. ആറാം മിനിറ്റില്‍ ഇടതുവിങിലൂടെ മിന്നല്‍ കണക്കെ മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ്‌ താരം സി കെ വിനീതിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്ന്‌ റഫറി ഫ്രീകിക്ക്‌ വിധിച്ചു. പക്ഷെ ഈ ഫ്രികിക്കും ഗോളാക്കി മാറ്റാന്‍ മഞ്ഞപ്പടയ്‌ക്കായില്ല. ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‌ വീണ്ടും ഫ്രീകിക്ക്‌. വിനീതിന്റെ കിക്ക്‌ വലയിലേക്ക്‌ താഴ്‌ന്നിറങ്ങിയെങ്കിലും ആര്‍ക്കും കണക്ട്‌ ചെയ്യാനായില്ല.

ഇതാ കാത്തിരുന്ന നിമിഷം, ഗോള്‍...

14ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌്‌സ്‌ ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തം പിറന്നു. മഞ്ഞപ്പടയുടെ സീസണിലെ ആദ്യ ഗോള്‍ നേടാനുള്ള ഭാഗ്യം ഡച്ചുകാരനായ മാര്‍ക്ക്‌ സിഫെനോസിനായിരുന്നു. ബെര്‍ബറ്റോവ്‌ നല്‍കിയ പാസുമായി വലതുമൂലയിലൂടെ മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയുടെ മുന്നേറ്റം. വലതു മൂലയില്‍ നിന്നു ബോക്‌സിനു കുറുകെ റിനോ നല്‍കിയ മനോഹരമായ ക്രോസ്‌ മാര്‍ക്ക്‌ ചെയ്യപ്പെടാതെ നിന്ന സിഫെനോസ്‌ വലയിലേക്ക്‌ അടിച്ചുകയറ്റുകയായിരുന്നു.

ഗോളിയുടെ സൂപ്പര്‍ സേവ്‌

26ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ്‌ ലീഡുയര്‍ത്തേണ്ടതായിരുന്നു. വലതുമൂലയില്‍ നിന്നും ജാക്കിച്ചാന്ദ്‌ ബോക്‌സിനുള്ളിലേക്ക്‌ നല്‍കിയ ക്രോസ്‌ ഡിഫന്‍ഡറുടെ സമ്മര്‍ദ്ദം മറികടന്ന്‌ വിനീതിന്‌. നെഞ്ചു കൊണ്ട്‌ പന്ത്‌ തടുത്തിട്ട വിനീത്‌ വലയിലേക്ക്‌ ഷോട്ടുതിര്‍ത്തെങ്കിലും മുംബൈ ഗോളി വലതുവശത്തേക്ക്‌ ഡൈവ്‌ ചെയ്‌ത്‌ കുത്തിയകറ്റുകയായിരുന്നു.

തിരിച്ചുവന്ന്‌ മുംബൈ
ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ്‌ ആക്രമണത്തിനു മുന്നില്‍ പകച്ചുപോയ മുംബൈ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവാണ്‌ മുംബൈ നടത്തിയത്‌. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ മുംബൈ ബ്ലാസ്റ്റേഴ്‌സിനെ പരീക്ഷിച്ചു കൊണ്ടിരുന്നു.
71ാം മിനിറ്റില്‍ ഗോള്‍സ്‌കോററായ സിഫെനോസിനെ തിരിച്ചുവിളിച്ച്‌ പകരം ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റഴ്‌സ്‌ കളത്തിലിറക്കി. ആര്‍പ്പുവിളികളോടെയാണ്‌ തങ്ങളുടെ സ്വന്തം ഹ്യൂമേട്ടനെ ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകര്‍ വരവേറ്റത്‌.

സ്റ്റേഡിയം നിശബ്ധം, മുംബൈ ഒപ്പമെത്തി

76ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകരെ നിശബ്ധരാക്കി മുംബൈ ഒപ്പമെത്തി. വലതുവിങിലൂടെ കുതിച്ചെത്തി എവര്‍ട്ടന്‍ സാന്റോസ്‌ ബോക്‌സിനു കുറുകെ നല്‍കിയ അതിമനോഹരമായ ക്രോസ്‌ ബല്‍വന്ത്‌ സിങി ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെ വലയിലേക്കു വഴിതിരിച്ചുവിട്ടപ്പോള്‍ ഗോളി റെക്കൂബ നിസ്സഹായനായിരുന്നു.
ഈ ഗോളിനു ശേഷം മുംബൈ കൂടുതല്‍ ഉണര്‍ന്നു കളിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ സമ്മര്‍ദ്ദത്തിലായി. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ മുംബൈ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍മുഖത്ത്‌ നിരന്തരം ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്നു.

വിനീതിന്‌ ചുവപ്പ്‌ കാര്‍ഡ്‌

88ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ താരം വിനീതിനെ രണ്ടാം മഞ്ഞക്കാര്‍ഡ്‌ കാണിച്ച്‌ റഫറി പുറത്താക്കി. പെനല്‍റ്റിക്കായി ബോക്‌സിനുള്ളില്‍ വീണതായി റഫറി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ താരത്തിനെതിരേ റഫറി രണ്ടാം തവണയും മഞ്ഞക്കാര്‍ഡ്‌ പുറത്തെടുത്തത്‌.
ഡിസംബര്‍ ഒമ്പതിന്‌ ശനിയാഴ്‌ച എഫ്‌സി ഗോവയ്‌ക്കെതിരേയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മല്‍സരം കൂടിയാണിത്‌.

Story first published: Sunday, December 3, 2017, 21:27 [IST]
Other articles published on Dec 3, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍