ഇതെങ്കിലും ജയിക്കുമോ? ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും 'വീട്ടുമുറ്റത്ത്'... കാത്തിരുന്ന ഗോള്‍ ആര് നേടും?

Written By:

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടുമിറങ്ങുന്നു. ഞായറാഴ്ച രാത്രി എട്ടിനു കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന തങ്ങളുടെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ മുംബൈ സിറ്റിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ടു സമനിലകള്‍ക്കു ശേഷം സീസണിലെ ആദ്യം ജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്.
ഹോംഗ്രൗണ്ടായ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരം കൂടിയാണിത്. അടുത്ത കളി ഗോവയിലായതിനാല്‍ മുംബൈക്കെതിരേ ജയത്തോടെ തന്നെ എവേ മല്‍സരത്തിന് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ടു കളികളും ഗോള്‍രഹിതമായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി ഗോള്‍രഹിത സമനില വഴങ്ങിയ രണ്ടാമത്തെ കളിയില്‍ പുതുമുഖ ടീം ജംഷഡ്പൂര്‍ എഫ്‌സിയുമായും ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയിരുന്നു.

ജയിക്കാത്ത മൂന്നു ടീമുകളിലൊന്ന്

ജയിക്കാത്ത മൂന്നു ടീമുകളിലൊന്ന്

ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ സാധിക്കാത്ത മൂന്നു ടീമുകളില്‍ ഒന്നാണ് കിരീട ഫേവറിറ്റെന്ന തലയെടുപ്പോടെയെത്തിയ മഞ്ഞപ്പട. കൊല്‍ക്കത്ത, ജംഷഡംപൂര്‍ എന്നിവയാണ് മറ്റു ടീമുകള്‍.
10 ടീമുകളുള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടു സമനിലയോടെ രണ്ടു പോയിന്റ് മാത്രമാണ് സമ്പാദ്യം. മൂന്നു കളികളില്‍ നിന്നു രണ്ടു സമനിലയും ഒരു തോല്‍വിയുമടക്കം രണ്ടു പോയിന്റോടെ നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയാണ് അവസാന സ്ഥാനത്ത്.

കാത്തിരുന്ന ഗോള്‍ ആരുടെ വക?

കാത്തിരുന്ന ഗോള്‍ ആരുടെ വക?

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ആക്രമണ നിരയാണ് ബ്ലാസ്‌റ്റേഴിന്റേത്. സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിനൊപ്പം ഇയാന്‍ ഹ്യൂം, സി കെ വിനീത് എന്നിവരും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിലുണ്ട്. എന്നിട്ടും ആദ്യ രണ്ടു കളികളിലും എതിര്‍ വല കുലുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.
ബെര്‍ബറ്റോവ്, ഹ്യൂം, വിനീത് ഇവരില്‍ ആരാവും മഞ്ഞപ്പടയുടെ സീസണിലെ ആദ്യ ഗോള്‍ നേടുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ മൂന്നുപേരില്‍ ഒരാളാവുമോ, അതോ അപ്രതീക്ഷിതമായി മറ്റൊരു താരം മഞ്ഞപ്പടയുടെ ഗോള്‍ക്ഷാമത്തിന് അറുതിയിടുമോയെന്നറിയാന്‍ കുറച്ചു രാത്രി വരെ കാത്തിരിക്കണം. എന്നാല്‍ ടീമിന്റെ ഗോള്‍ വരള്‍ച്ചയെക്കുറിച്ച് ആശങ്കയില്ലെന്നാണ് കോച്ച് റെനെ മ്യൂളെന്‍സ്റ്റീന്‍ പറയുന്നത്.

ആദ്യഗോള്‍ ആത്മവിശ്വാസമുയര്‍ത്തും

ആദ്യഗോള്‍ ആത്മവിശ്വാസമുയര്‍ത്തും

ഒരു സീസണില്‍ ഏതു ടീമിനും നിര്‍ണായകമാണ് ആദ്യ ഗോള്‍. അത് ഏതു താരം നേടിയാലും വിഷയമല്ല. ഈ ഗോളാണ് മുന്നോട്ടു പോവാനുള്ള ആത്മവിശ്വാസം ടീമിനു നല്‍കുന്നതെന്ന് മ്യുളെന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടു കളികളിലും ബ്ലാസ്റ്റേഴ്‌സിനു ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ലെന്നത് ഇത്ര വലിയ വിഷയമാക്കേണ്ടതില്ല. ഓരോ മല്‍സരം കഴിയുന്തോറും ടീം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കളിക്കാരെ ഓര്‍മിപ്പിക്കുകയാണ് വേണ്ടതെന്നും ഡച്ചുകാരനും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അസിസ്റ്റന്റ് കോച്ചുമായ മ്യുളെന്‍സ്റ്റീന്‍് വിശദമാക്കി.

ആക്രമിച്ചു തന്നെ കളിക്കും

ആക്രമിച്ചു തന്നെ കളിക്കും

മുംബൈ സിറ്റിക്കെതിരേ ആക്രമിച്ചു തന്നെ കളിക്കാനാണ് പദ്ധതിയെന്ന് മ്യുളെന്‍സ്റ്റീന്‍ പറഞ്ഞു. പ്രതിരോധിച്ചു നിന്നു കൗണ്ടര്‍ അറ്റാക്ക് നടത്തുകയെന്ന ശൈലിയാണ് മുംബൈയുടേത്. ഇതു തകര്‍ക്കാന്‍ നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി ഗോള്‍ നേടുകയല്ലാതെ മറ്റു വഴിയില്ലെന്നും കോച്ച് പറഞ്ഞു.
കൊല്‍ക്കത്തയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ജംഷഡ്പൂരിനെതിരേ ടീം കാഴ്ചവച്ചത്. മുംബൈക്കെതിരേ ഇതിനേക്കള്‍ നന്നായി ടീമിനു കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മ്യുളെന്‍സ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രൗണ്‍ പ്ലെയിങ് ഇലവനില്‍ കളിച്ചേക്കില്ല

ബ്രൗണ്‍ പ്ലെയിങ് ഇലവനില്‍ കളിച്ചേക്കില്ല

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ രണ്ടു മല്‍സരങ്ങളിലും കളിച്ചിരുന്നില്ല. മുംബൈക്കെതിരേയും താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കനും പുതുമുഖം നെമഞ്ജ ലാക്കിച്ച് പെസിച്ചും മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കാഴ്ചവച്ചത്. അതിനാല്‍ ബ്രൗണിനെ പകരക്കാരനായി മാത്രമേ ഇറക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സൂചന.

തിരിച്ചുവരുമെന്ന് മുംബൈ കോച്ച്

തിരിച്ചുവരുമെന്ന് മുംബൈ കോച്ച്

നഗരവൈരികളായ പൂനെ സിറ്റിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ 1-2നു പരാജപ്പെട്ട ശേഷമാണ് മുംബൈ സിറ്റി കേരളത്തിലെത്തുന്നത്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ മുംബൈക്ക് കടുപ്പമാണെന്നു കോച്ച് അലെക്‌സാണ്ട്രെ ഗ്വിമാറസ് പറഞ്ഞു. ആദ്യ നാലു കളികളില്‍ മൂന്നും മുംബൈക്ക് എവേ മാച്ചാണ്. സാധാരണയായി ഇങ്ങനെയുണ്ടാവാറില്ല. എന്നാല്‍ ഈ ഇവയെ അതിജീവിക്കേണ്ടതുണ്ടെന്നു കോച്ച് വ്യക്തമാക്കി.
ആദ്യ കളിയില്‍ ബെംഗളുരു എഫ്‌സിയോട് 0-2നു തോറ്റ മുംബൈ രണ്ടാമത്തെ കളിയില്‍ ഗോവയെ 2-1ന് വീഴ്ത്തി തിരിച്ചുവന്നിരുന്നു. എന്നാല്‍ മൂന്നാമത്തെ മല്‍സരത്തില്‍ പൂനെയോട് ഇതേ സ്‌കോറിനു മുംബൈ പരാജയപ്പെടുകയായിരുന്നു.

Story first published: Sunday, December 3, 2017, 9:42 [IST]
Other articles published on Dec 3, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍