ബ്ലാസ്‌റ്റേഴ്‌സ് കാത്തിരിപ്പ് തുടരുമ്പോള്‍ കോളടിച്ച് കോപ്പലും കുട്ടികളും... ഡൈനാമോസ് ഫ്യൂസായി

Written By:

ദില്ലി: ഐഎസ്എല്ലില്‍ ആദ്യ വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് തുടരുമ്പോള്‍ മുന്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്‌സി ആദ്യ ജയം കൊയ്തു. ഡല്‍ഹി ഡൈനാമോസിനെ അവരുടെ ഗ്രൗണ്ടില്‍ ജംഷഡ്പൂര്‍ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നു സമനിലകള്‍ക്കുശേഷം ജംഷഡ്പൂരിന്റെ ആദ്യ വിജയമാണിത്. ഈ സീസണില്‍ ഐഎസ്എല്ലില്‍ അരങ്ങേറിയ ജംഷഡ്പൂരിന്റെ കന്നി വിജയമെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്.

1

ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 61ാം മിനിറ്റില്‍ ഇസു അസൂക്കയുടെ വകയായിരുന്നു ജംഷഡ്പൂരിന്റെ വിജയഗോള്‍. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ഈ കളിയില്‍ ഡല്‍ഹിക്കു നേരിട്ടത്. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ജംഷഡ്പൂര്‍ ഇറങ്ങിയത്. മുന്നേറ്റനിരയിലെ നാലു പേരെയും കോപ്പല്‍ മാറ്റി. മറുഭാഗത്ത് ആദ്യ കളിയിലെ ഹീറോ ലല്ലിയാന്‍സുവാല ചാങ്‌തെ ഡല്‍ഹി നിരയില്‍ തിരിച്ചെത്തുകയും ചെയ്തു.

2

കളിയില്‍ പന്തടക്കത്തില്‍ ഡല്‍ഹിക്കായിരുന്നു വ്യക്തമായ മേല്‍ക്കൈ. തുടക്കത്തില്‍ ഏകദേശം 70 ശതമാനത്തോളം പന്ത് കൈവശം വച്ചത് ഡല്‍ഹിയാണ്. എന്നാല്‍ മികച്ച ഗോളവസരങ്ങള്‍ ഇരുടീമിനും വളരെ കുറച്ച് മാത്രമേ ലഭിച്ചുള്ളൂ. മധ്യനിരയില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വച്ച് ഇരുടീമും കളിക്കാന്‍ ശ്രമിച്ചതോടെ ഒന്നാംപകുതി ഗോള്‍രഹിതമായി അവസാനിച്ചു.

എന്നാല്‍ രണ്ടാംപകുതി കൂടുതല്‍ ആവേശകരമായിരുന്നു. ഗോള്‍ദാഹത്തോടെ ജംഷഡ്പൂര്‍ ആക്രമിച്ചു കളിച്ചപ്പോള്‍ ഡല്‍ഹി പ്രതിരോധം സമ്മര്‍ദ്ദത്തിലായി. ഇസുവിനെ പ്രതീക് ചൗധരി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ജംഷഡ്പൂരിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. എന്നാല്‍ ആന്ദ്രെ ബിക്കെയുടെ ദുര്‍ബലമായ പെനല്‍റ്റി ഡല്‍ഹി ഗോളി ആല്‍ബിനോ ഗോമസ് വിഫലമാക്കി. 61ാം മിനിറ്റില്‍ ജംഷഡ്പൂര്‍ അര്‍ഹിച്ച ഗോള്‍ കണ്ടെത്തി. മെഹ്താബ് ഹുസൈന്റെ ഫ്രീകിക്ക് ഇസു ഹെഡ്ഡറിലൂടെയാണ് വലയ്ക്കുള്ളിലാക്കിയത്. കഴിഞ്ഞ മൂന്നു ളികളിലും ഗോളൊന്നും നേടാന്‍ കഴിയാതിരുന്ന ജംഷഡ്പൂരിന്റെ കന്നി ഗോള്‍ കൂടിയാണിത്.

Story first published: Thursday, December 7, 2017, 9:09 [IST]
Other articles published on Dec 7, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍