ഐഎസ്എല്‍: കോപ്പലാശാന്റെ കുട്ടികള്‍ക്ക് ഹാട്രിക് ജയം... പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്

Written By:

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കു പിറകെ മറ്റൊരു അരങ്ങേറ്റക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയും സെമി ഫൈനലിലേക്ക് അടുക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ 1-0ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. സീസണില്‍ ജംഷഡ്പൂരിന്റെ ഹാട്രിക് വിജയം കൂടിയാണിത്. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ജംഷഡ്പൂരിന്റെ വിജയഗോള്‍. 51ാം മിനിറ്റില്‍ വെല്ലിങ്ടന്‍ പ്രയോറിയാണ് ജംഷഡ്പൂരിന്റെ വിജയഗോളിന് അവകാശിയായത്.

1

ഈ വിജയത്തോടെ ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈയ്ന്‍ എഫ്‌സിയെ പിന്തള്ളിയാണ് ജംഷഡ്പൂരിന്റെ മുന്നേറ്റം. ജംഷഡ്പൂരിനും രണ്ടാംസ്ഥാനത്താക്കാരായ പൂനെ സിറ്റിക്കും 25 പോയിന്റ് വീതമാണുള്ളത്. ഒരു മല്‍സരം കുറച്ചു കൡച്ച ജംഷഡ്പൂരിന് അടുത്ത കളിയില്‍ ജയിച്ചാല്‍ അവരെ മറികടന്ന് രണ്ടാംസ്ഥാനത്തേക്കു കുതിക്കാം.

2

തോറ്റെങ്കിലും ജംഷഡ്പൂരിനെ വിറപ്പിക്കുന്ന കളിയാണ് നോര്‍ത്ത് ഈസ്റ്റ് പുറത്തെടുത്തത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അവര്‍ ജംഷഡ്പൂരിനെ സമ്മര്‍ദ്ദത്തിലാക്കി. 35-40 മിനിറ്റിനിടെ മൂന്നു വട്ടമാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തിയത്. എന്നാല്‍ ഗോള്‍മുഖത്ത് സുബ്രതാ പാല്‍ പാറ പോലെ ഉറച്ചുനിന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം വിഫലമായി. 51ാം മിനിറ്റിലാണ് മല്‍സഗതിക്കു വിപരീതമായി ജംഷഡ്പൂര്‍ ലീഡ് പിടിച്ചെടുത്തത്. ഇസു അസൂക്കയുടെ ത്രോയ്‌ക്കൊടുവില്‍ ലഭിച്ച പന്ത് തകര്‍പ്പന്‍ വോളിയിലൂടെ വെല്ലിങ്ടന്‍ വലയിലേക്ക് തൊടുക്കുകയായിരുന്നു. ലീഡ് കൈക്കലാക്കിയതോടെ പിന്നീട് പ്രതിരോധം ശക്തിപ്പെടുത്തിയ ജംഷഡ്പൂര്‍ മറ്റൊരു ജയം കൂടി തങ്ങളുടെ പേരില്‍ കുറിച്ചു.

Story first published: Saturday, February 10, 2018, 22:44 [IST]
Other articles published on Feb 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍