ഒടുവില്‍ അതു സംഭവിച്ചു... ഇറ്റലിയില്ലാത്ത ലോകകപ്പ്, അസൂറികള്‍ക്ക് പിഴച്ചത് എവിടെ? എല്ലാം വ്യക്തം...

Written By:

മിലാന്‍: ഫുട്‌ബോള്‍ പ്രേമികള്‍ ഇടിത്തീ പോലെയാണ് ഈ വാര്‍ത്ത കേട്ടത്. ഏറ്റവുമധികം തവണ ലോകകപ്പ് നേടിയ രണ്ടു ടീമുകളിലൊന്നായ ഇറ്റലിയില്ലാതെ ലോകകപ്പോ? അത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പോലും സാധിച്ചില്ല. എന്നാല്‍ സത്യം അംഗീകരിച്ചേ തീരൂ. 2018ല്‍ റഷ്യയില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പില്‍ ആരാധകരെ ഹരം കൊള്ളിക്കാന്‍ നീലക്കുപ്പായത്തില്‍ ഇറ്റലി കാണില്ല.
പ്ലേഓഫ് കടമ്പയില്‍ തട്ടി വീണതോടെയാണ് ലോകപ്പ് ടിക്കറ്റ് ഇറ്റലിയുടെ കൈയില്‍ നിന്നും വഴുതിപ്പോയത്. ഇരുപാദങ്ങളിലുമായി സ്വീഡനോട് ഇറ്റലി 1-0നു തോല്‍ക്കുകയായിരുന്നു. ആദ്യപാദത്തിലേറ്റ പരാജയമാണ് ഇറ്റലിയുടെ വിധിയെഴുതിയത്. രണ്ടാംപാദത്തില്‍ രണ്ടു ഗോള്‍ മാര്‍ജിനില്‍ ജയിച്ച് ലോകകപ്പിനു യോഗ്യത നേടാനുറച്ച് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങിയ ഇറ്റലി നാണംകെട്ടു. ഒരു ഗോള്‍ പോലും മടക്കാനാവാതെ ഇറ്റാലിയന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ മുഖം കുനിച്ചിരുന്നത് ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ നൊമ്പരമായി എക്കാലവുമുണ്ടാവും. ഇറ്റലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണിന്‍റെ കരിയര്‍ ദുരന്തത്തോടെ കലാശിക്കുകയും ചെയ്തു. 2018ലെ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് 39 കാരന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു
60 വര്‍ഷത്തിനു ശേഷമാണ് ഇറ്റലിയില്ലാതെ ഒരു ലോകകപ്പ് അരങ്ങേറുന്നത്. 1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പിലേക്കാണ് ഇതിനു മുമ്പ് ഇറ്റലിക്കു യോഗ്യത ലഭിക്കാതിരുന്നത്. അതേ സ്വീഡന്‍ തന്നെ ഇത്തവണ ഇറ്റലിയുടെ വഴി മുടക്കിയെന്നത് യാദൃശ്ചികതയാവാം.
ഇറ്റലി നാലു തവണ ലോകകിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട് (1934, 1938, 1982, 2006). കിരീടനേട്ടത്തില്‍ അസൂറികള്‍ക്കൊപ്പമുള്ളത് ജര്‍മനി മാത്രം. ഒരിക്കല്‍ക്കൂടി കപ്പടിച്ചിരുന്നെങ്കില്‍ അഞ്ചു ലോകകിരീടങ്ങളെന്ന ബ്രസീലിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇറ്റലിക്കാവുമായിരുന്നു. സത്യത്തില്‍ ഇറ്റലിക്കു പിഴച്ചത് എവിടെയാണ്. ഒരു കാലത്ത് ഇതിഹാസങ്ങളുടെ ആധിക്യമുണ്ടായിരുന്ന ഇറ്റലിക്ക് ഇപ്പോള്‍ പ്രതിഭാ ദാരിദ്ര്യമുണ്ടെന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കില്ല.

 ഇറ്റാലിയന്‍ ഫുട്‌ബോള്‍ താഴേക്ക്

ഇറ്റാലിയന്‍ ഫുട്‌ബോള്‍ താഴേക്ക്

ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഭാവി അത്ര ശോഭനമല്ലെന്നാണ് പുതിയ ദുരന്തം തെളിയിക്കുന്നത്. ഇറ്റലി തന്നെ ചോദിച്ചു വാങ്ങിയ ദുരന്തമെന്നു വേണമെങ്കില്‍ ലോകകപ്പ് അയോഗ്യതയെ വിശേഷിപ്പിക്കാം. ഇറ്റാലിയന്‍ ഫുട്‌ബോള്‍ പഴയതു പോലെ ഏശുന്നില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2010, 2014 തുടര്‍ച്ചയായി രണ്ടു ലോകകപ്പുകളിലാണ് ഇറ്റലി ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായത്. ഇത്തവണ ഗ്രൂപ്പിലേക്കു പോലും യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രം. 2018ലെ ലോകകപ്പിനു യോഗ്യത നേടിയിരുന്നാലും ഒരുപക്ഷെ കാര്യമായ മുന്നേറ്റമൊന്നും നടത്താനുള്ള മികവ് അവര്‍ക്കില്ലെന്നതാണ് വാസ്തവം.

 'തല' തന്നെ മാറ്റേണ്ടിയിരുന്നു

'തല' തന്നെ മാറ്റേണ്ടിയിരുന്നു

കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ ദുരന്തമേറ്റുവാങ്ങിയിട്ടും അതില്‍ നിന്നും ഒരു പാഠവും പഠിക്കാത്തതിന് ഇറ്റലിക്കു ലഭിച്ച ശിക്ഷ തന്നെയാണ് ഈ ലോകകപ്പ് അയോഗ്യതയ്ക്കു കാരണം. നിലവില്‍ ദേശീയ ടീമിന്റെ കോച്ചായ ജിയാന്‍ പിയേറേ വെഞ്ചുറയെ നിയമിച്ചതു തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു. കാരണം ഒരു കോച്ചെന്ന നിലയില്‍ പ്രധാനപ്പെട്ട ഒരു നേട്ടവും ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് അദ്ദേഹം.
41 വര്‍ഷം നീണ്ട കരിയറില്‍ 1996ല്‍ താന്‍ പരിശീലിപ്പിച്ച ടീമിന് ഇറ്റലിയിലെ മൂന്നാം ഡിവിഷനില്‍ നിന്നു പ്രൊമോഷന്‍ നേടിക്കൊടുത്തുവെന്നത് മാത്രമാണ് വെഞ്ചുറയുടെ കരിയറില്‍ നേട്ടമെന്ന് അവകാശപ്പെടാനുള്ളത്. ഇത്രയും മോശമൊരു കോച്ചിനെ തന്നെ ഇറ്റലിക്കു ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ നിയോഗിച്ച ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന് കൊടുക്കണം ആദ്യത്തെ കൊട്ട്.

ഇനി ഗ്രൂപ്പിനെ പഴിക്കാം

ഇനി ഗ്രൂപ്പിനെ പഴിക്കാം

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നതു പോലെ ലോകകപ്പിനു യോഗ്യത നേടാന്‍ കഴിയാതിരുന്നതില്‍ ഇറ്റലിക്ക് ഇനി യോഗ്യാതറൗണ്ടിനെ പഴിക്കാം. മുന്‍ ലോകചാംപ്യന്‍മാരായ സ്‌പെയിനുള്‍പ്പെട്ട ശക്തമായ ഗ്രൂപ്പാണ് തങ്ങളെ ചതിച്ചതെന്ന് ഇറ്റലിക്കാര്‍ക്ക് ഇനി വിലപിക്കാം. എന്നാല്‍ തങ്ങളുടെ പതനത്തെ യഥാര്‍ഥത്തില്‍ മറച്ചുവയ്ക്കുകയാണ് ഇറ്റലി ഇതിലൂടെ ചെയ്യുന്നത്.
ലോകകപ്പ് യോഗ്യതാ റൗണ്ട് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാവുന്നതല്ല. അതുകൊണ്ടു തന്നെ ഏതു ഗ്രൂപ്പില്‍പ്പെട്ടാലും ജയിക്കുകയല്ലാതെ ഒരു ടീമിനും മുന്നോട്ട് വഴിയില്ല. ഇത്തവണ ആറു ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍ സ്‌പെയിനിനു പിറകില്‍ ഇറ്റലി രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെയാണ് അവര്‍ പ്ലേഓഫിലേക്ക് വീണത്.

 ഇറ്റലി ഭയപ്പെട്ടത് സംഭവിച്ചു

ഇറ്റലി ഭയപ്പെട്ടത് സംഭവിച്ചു

ഇറ്റലിക്കു ലോകകപ്പിനു യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു മഹാദുരന്തമാവുമെന്നാണ് പ്ലേഓഫിനു മുമ്പ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞത്. ഒടുവില്‍ അദ്ദേഹം ഭയപ്പെട്ടതു തന്നെ സംഭവിച്ചു. യഥാര്‍ഥത്തില്‍ ഇതിന്റെ മുഖ്യ കാരണക്കാര്‍ ഫെഡറേഷന്‍ തന്നെയാണ്. പ്രതിരോധിച്ചു കളിക്കാന്‍ മാത്രമറിയുന്ന ടീമെന്ന ചീത്തപ്പേര് മാറ്റിക്കൊടുത്ത് ഇറ്റലിക്കു പുതിയൊരു മുഖം നല്‍കിയ പരിശീലകന്‍ അന്റോണിയോ കോന്റെ 2016ല്‍ പടിയിറങ്ങിയപ്പോള്‍ പകരം വെഞ്ചുറയെ ചുമതലയേല്‍പ്പിച്ചപ്പോള്‍ തന്നെ ഫെഡറേഷന് പിഴച്ചു. ഇതു തന്നെയാണ് ഇപ്പോള്‍ ഇത്രയും വലിയൊരു ദുരന്തത്തില്‍ കലാശിച്ചിരിക്കുന്നത്.

മികച്ച പരിശീലകര്‍ക്കു പഞ്ഞമില്ല

മികച്ച പരിശീലകര്‍ക്കു പഞ്ഞമില്ല

ഇറ്റലിക്കു മികച്ച പരിശീലകരുടെ പഞ്ഞം ഉണ്ടായിട്ടില്ല. എന്നിട്ടും വെഞ്ചുറയെ കോച്ചായി നിയമിച്ചതിനുള്ള കാരണം ഫെഡറേഷന് മാത്രമറിയുന്ന രഹസ്യം. നേരത്തേ കാര്‍ലോ ആന്‍സലോട്ടി, ക്ലോഡിയോ റെനിയേരി തുടങ്ങിയ സൂപ്പര്‍ കോച്ചുകള്‍ തന്ത്രമൊരുക്കിയ ടീമാണ് ഇറ്റലി. മറ്റൊരു പരിചയസമ്പന്നനായ റോബര്‍ട്ടോ മാന്‍സീനി പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാന്‍സിനിയുടെ ഈ താല്‍പ്പര്യം ഫെഡറേഷന്‍ കണ്ടില്ലെന്നു നടിച്ചു.
വെഞ്ചുറ പരിശീലകനായതു മുതല്‍ ഇറ്റലിയുടെ പതനം തുടങ്ങുകയായിരുന്നു. ഒരിക്കല്‍പ്പോലും ആരാധകര്‍ക്കു പ്രിയപ്പെട്ടവനാവാന്‍ അദ്ദേഹത്തിനായില്ല. മാത്രമല്ല അദ്ദേഹത്തിന്റെ ടീം സെലക്ഷനും തന്ത്രങ്ങളുമെല്ലാം താരങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു.
സ്വീഡനെതിരായ നിര്‍ണായകമായ രണ്ടാം പാദത്തിലെ മല്‍സരത്തില്‍ വെഞ്ചുറയുടെ ടീം സെലക്ഷനും പാളി. ആന്‍ഡ്രെ ബെലോറ്റി, സ്റ്റീഫന്‍ എല്‍ ഷെറാവി, ലോറെന്‍സോ ഇന്‍സൈന്‍ തുടങ്ങിയ മികച്ച താരങ്ങളുണ്ടായിട്ടും ഇവരെയെല്ലാം കോച്ച് സൈഡ് ബെഞ്ചില്‍ ഇരുത്തി.

ഇത് പാഠമായെടുക്കണം

ഇത് പാഠമായെടുക്കണം

ലോകകപ്പ് നഷ്ടമാവുന്ന ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ടീമുകളിലൊന്നാണ് ഇറ്റലി. നേരത്തേ രണ്ടു വട്ടം ഇംഗ്ലണ്ടിനു ലോകകപ്പ് നഷ്ടമായിട്ടുണ്ട്. പക്ഷെ ഇറ്റലിയെ അപേക്ഷിച്ച് ഒരു തവണ മാത്രമേ ഇംഗ്ലണ്ട് ലോക കിരീടം നേടിയിട്ടുള്ളൂ.
2018ലെ ലോകകപ്പില്‍ ഇറ്റലിയുടെ അഭാവം തീര്‍ച്ചയായും പ്രകടമാവും. ഇനി ഇറ്റാലിയന്‍ ഫുട്‌ബോളില്‍ മാറ്റത്തിന്റെ കാലമാവും. പരിശീലകസ്ഥാനത്തു നിന്നും വെഞ്ചുറ പുറത്താക്കപ്പെടുമെന്നതില്‍ സംശയമില്ല.
ഈ ദുരന്തം ഒരു പാഠമായെടുത്ത് ഇനിയുള്ള ലോകകപ്പുകളില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനാവും ഇറ്റലിയുടെ ശ്രമം. മികച്ചൊരു പരിശീലകന്‍ വരുന്നതോടെ ഇതിനൊരു തുടക്കമാവുമെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടല്‍.

Story first published: Tuesday, November 14, 2017, 14:37 [IST]
Other articles published on Nov 14, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍