ഞങ്ങളും ഇവിടെയുണ്ട്... ഇന്നലെ വന്ന ഐഎസ്എല്‍ 'വല്ല്യേട്ടനായപ്പോള്‍' സൈഡായ ഐ ലീഗിലും ഇനി പോരാട്ടം

Written By:

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിലെ ഇളക്കിമറിച്ച് ഐഎസ്എല്‍ പുതുചരിത്രമെഴുതിയപ്പോള്‍ പടിക്കു പുറത്തായത് പാവം ഐ ലീഗാണ്. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ടു നടത്തുന്ന രാജ്യത്തെ മുന്‍നിര ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് കൂടിയാണ് ഐ ലീഗ്. ഏറെക്കാലം വല്ല്യേട്ടന്‍ കളിച്ച ഐ ലീഗാണ് ഇപ്പോള്‍ ഐഎസ്എല്ലിന്റെ വരവോടെ സൈഡായത്.

എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിട്ടില്ല. ഐ ലീഗിന്റെ പുതിയ സീസണിന് ശനിയാഴ്ച തുടക്കം കുറിക്കുകയാണ്. രാജ്യം ഐഎസ്എല്‍ ലഹരിയില്‍ നില്‍ക്കെ ഐ ലീഗിന് കാണികളുണ്ടാവുമോയെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ചോദിക്കുന്നത്.

 11ാം എഡിഷന്‍

11ാം എഡിഷന്‍

ദേശീയ ലീഗ് ഐ ലീഗായതിനു ശേഷമുള്ള 11ാമത്തെ എഡിഷന്‍ കൂടിയാണ് ഇത്തവണ നടക്കാനിരിക്കുന്നത്. ഐസ്വാള്‍ എഫ്‌സിയാണ് നിലവിലെ ഐ ലീഗ് ജേതാക്കള്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ബെംഗളൂരു എഫ്‌സി തുടങ്ങി വമ്പന്‍ ടീമുകളെ ഞെട്ടിച്ചാണ് കഴിഞ്ഞ സീസസണില്‍ ഐസ്വാള്‍ കപ്പുയര്‍ത്തിയത്.
ഇത്തവണ പുതിയൊരു ടീം കൂടി ഐ ലീഗില്‍ അരങ്ങേറുന്നുണ്ട്. രണ്ടാം ഡിവിഷന്‍ ലീഗില്‍ നിന്നും യോഗ്യത നേടിയാണ് നെറോക്ക എഫ്‌സിയെന്ന ടീം ഐ ലീഗിന്റെ ഭാഗമാവുന്നത്.

ഇത്തവണ കേരളവും

ഇത്തവണ കേരളവും

വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ നിന്നൊരു ക്ലബ്ബ് ഇത്തവണ ഐ ലീഗില്‍ മാറ്റുരയ്ക്കാനിറങ്ങുന്നുണ്ട്. ഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ട് നിന്നുള്ള ക്ലബ്ബായ ഗോകുലം എഫ്‌സിയാണ് ഐ ലീഗില്‍ കേരളത്തിന്റെ അഭിമാനമാവാന്‍ പന്തു തട്ടുക. കേരളത്തിന്റെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മുന്‍ താരമായ സുശാന്ത് മാത്യുവാണ് ഗോകുലം ക്ലബ്ബിനെ നയിക്കുന്നത്. മിഡ്ഫീല്‍ഡര്‍ മുഹമ്മദ് റഷീദാണ് വൈസ് ക്യാപ്റ്റന്‍. മുന്‍ ദേശീയ താരം കൂടിയായ ബിനോ ജോര്‍ജാണ് ഗോകുലം ടീമിനെ പരിശീലിപ്പിക്കുന്നത്.

ഛെത്രിയും സംഘവുമില്ല

ഛെത്രിയും സംഘവുമില്ല

മുന്‍ ചാംപ്യന്‍മാരായ ബെംഗളുരു എഫ്‌സി ഈ സീസണിലെ ഐ ലീഗില്‍ കളിക്കില്ല. ഐ ലീഗ് വിട്ട് കഴിഞ്ഞ സീസണിനു ശേഷം അവര്‍ ഐഎസ്എല്ലിലേക്ക് ചേക്കേറുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയുടെയും സംഘത്തിന്റെ പ്രകടനം ഐ ലീഗ് കാണികള്‍ക്ക് ആസ്വദിക്കാനാവില്ല.
ബെംഗളുരുവിന്റെ ഒഴിവിലേക്കാണ് നെറോക്ക എഫ്‌സിയെത്തുന്നത്. കഴിഞ്ഞ സീസണിലെ രണ്ടാം ഡിവിഷനിലെ ജേതാക്കള്‍ കൂടിയായിരുന്നു നെറോക്ക. ഫുട്‌ബോളിന്റെ സ്വന്തം നാട്ടുകാരായ മണിപ്പൂരില്‍ നിന്നുള്ള ക്ലബ്ബാണ് നെറോക്ക.

 10 ക്ലബ്ബുകള്‍

10 ക്ലബ്ബുകള്‍

ഐഎസ്എല്ലിലേതു പോലെ തന്നെ ഐ ലീഗിലും 10 ക്ലബ്ബുകളാണ് കിരീടപ്പോരാട്ടത്തില്‍ അണിനിരക്കുക. ഐസ്വാള്‍ എഫ്‌സി, ചെന്നൈ സിറ്റി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍, ഇന്ത്യന്‍ ആരോസ്, ഗോകുലം എഫ്‌സി, മിനെര്‍വ എഫ്‌സി, മോഹന്‍ ബഗാന്‍, നെറോക്ക എഫ്‌സി, ഷില്ലോങ് ലജോങ് എന്നിവയാണ് ക്ലബ്ബുകള്‍.
കോഴിക്കോട്ടും ഈ സീസണില്‍ ഐ ലീഗ് മല്‍സരങ്ങളുണ്ടാവും. കാരണം ഗോകുലം എഫ്‌സിയുടെ ഹോംഗ്രൗണ്ട് കോഴിക്കോട്ടെ ഇഎംഎസ് സ്‌റ്റേഡിയമാണ്.

ഐഎസ്എല്‍ മാത്രമല്ല ഐ ലീഗും വേണം

ഐഎസ്എല്‍ മാത്രമല്ല ഐ ലീഗും വേണം

ഐഎസ്എല്ലിനെ നിങ്ങള്‍ നെഞ്ചിലേറ്റിക്കൊള്ളൂ എന്നാല്‍ ഐ ലീഗിനെ കൈവിടരുതെന്നാണ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ജദാസ് പറയുന്നത്. ഇന്ത്യയിലെ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗ് ഐ ലീഗ് തന്നെയാണ്. ഐ ലീഗ് തേതാക്കള്‍ക്ക് ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിന്റെ യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. ഐ ലീഗിനേക്കാള്‍ കൂടുതല്‍ പണമൊഴുകുന്നത് ഐഎസ്എല്ലിലാണ്. ഐഎസ്എല്ലിനെയും ഐ ലീഗിനെയും ഒരു പോലെ സ്വീകരിക്കണം. രണ്ടും ഒന്നാക്കി മാറ്റാനുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും കുശാല്‍ ദാസ് വ്യക്തമാക്കി.

ടീമുകള്‍ക്ക് ഇളക്കം

ടീമുകള്‍ക്ക് ഇളക്കം

ഐഎസ്എല്ലും ഐ ലീഗിലും ഒരേ സമയത്തായത് പല ഐ ലീഗ് ക്ലബ്ബുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ഐഎസ്എല്ലില്‍ കളിക്കുന്നതിനായി മികച്ച ഐ ലീഗ് ക്ലബ്ബുകളുടെയും താരങ്ങള്‍ ടീം വിട്ടുകഴിഞ്ഞു. ബഗാന്റെ 14 താരങ്ങളാണ് ഐഎസ്എല്ലില്‍ വിവിധ ക്ലബ്ബുകള്‍ക്കായി പന്ത് തട്ടുന്നത്. ഈസ്റ്റ് ബംഗാളില്‍ നിന്നും 15 കളിക്കാരാണ് ഐഎസ്എല്ലിലേക്ക് മാറിയത്.
വമ്പന്‍ ക്ലബ്ബുകളുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ ചെറിയ ടീമുകളുടെ അവസ്ഥ അറിയേണ്ടതില്ലല്ലോ. നിലവിലെ ജേതാക്കളായ ഐസ്വാള്‍ എഫ്‌സിയെ ഏഴ് നിര്‍ണായാക താരങ്ങളാണ് ഐഎസ്എല്ലിലേക്ക് ചേക്കേറിയത്. ഇതോടെ പ്രാദേശിക താരങ്ങളെ ആശ്രയിക്കുകയല്ലാതെ മിസോറം ക്ലബ്ബിനു മുന്നില്‍ മറ്റൊരു വഴിയില്ല.

വിദേശ താരങ്ങളെ ഇറക്കി

വിദേശ താരങ്ങളെ ഇറക്കി

ഐസ്വാള്‍ പ്രാദേശിക താരങ്ങളെ ആശ്രയിക്കുമ്പോള്‍ മറ്റു ക്ലബ്ബുകള്‍ കൂടുതല്‍ വിദേശ താരങ്ങളെ ഇറക്കിയാണ് നഷ്ടം നികത്തുന്നത്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ ഒരു ടീമിനു പരമാവധി അഞ്ച് വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളൂ. ഐഎസ്എല്ലിലും ഈ സീസണ്‍ മുതല്‍ ഇതേ നിയമം തന്നെയാണുള്ളത്.

Story first published: Saturday, November 25, 2017, 14:20 [IST]
Other articles published on Nov 25, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍