ഇതു വെറും സാംപിള്‍... ഇന്ത്യ തുടങ്ങിക്കഴിഞ്ഞു, നേട്ടങ്ങള്‍ നിരവധി... പക്ഷെ കോട്ടങ്ങളുമുണ്ട്

Written By:

ദില്ലി: കൗമാര ലോകകപ്പില്‍ ഇനി ഇന്ത്യന്‍ കൗമാര നിരയെ കാണാനാവില്ല. എങ്കിലും വെറും മൂന്നു മല്‍സരങ്ങള്‍ കൊണ്ടു മാത്രം രാജ്യത്തെ കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ പ്രിയപ്പെട്ട അനുജന്‍മാരായി ടീമിലെ ഓരോരുത്തരും മാറിക്കഴിഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം വലിയ വലിയ ഉണര്‍വ്വാണ് ലോകകപ്പ് കൊണ്ട് ഉണ്ടായത്.

ക്രിക്കറ്റിന്റെ സ്വന്തം നാടായ ഇന്ത്യയില്‍ കുറച്ച് ദിവസങ്ങളായി ഫുട്‌ബോളിനെ കുറിച്ച് മാത്രമേ കായികപ്രേമികള്‍ക്കു സംസാരിക്കാനുള്ളൂ. കാരണം ഈ ലോകകപ്പും ഇന്ത്യയുടെ പ്രകടനവും അത്രയേറെ അവരെ സ്വാധീനിച്ചുകഴിഞ്ഞു.

പ്രതീക്ഷ തെറ്റിച്ച പ്രകടനം

പ്രതീക്ഷ തെറ്റിച്ച പ്രകടനം

യോഗ്യതാ ടൂര്‍ണമെന്റ് പോലും കളിക്കാതെ ആദ്യമായി ഫിഫ ലോകകപ്പില്‍ കളിക്കാന്‍ തയ്യാറെടുത്ത ഇന്ത്യന്‍ കൗമാര നിരയില്‍ നിന്ന് മികച്ച പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും ആദ്യ കളിയില്‍ തന്നെ ഇന്ത്യ തെറ്റിച്ചു. ശക്തരായ അമേരിക്കയോട് ഇഞ്ചോടിഞ്ച് പൊരുതി ഇന്ത്യ കീഴടങ്ങുകയായിരുന്നു. കൊളംബിയക്കെതിരായ രണ്ടാമത്തെ കളിയില്‍ ഇന്ത്യ കൂടുതല്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനവും അവര്‍ക്കെതിരേയായിരുന്നു. ഭാഗ്യം ഒപ്പമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ സമനില നേടാന്‍ ഇന്ത്യക്കായേനെ.

ജീക്‌സണിന്റെ ഹെഡ്ഡര്‍ തറച്ചത് ചരിത്രത്തില്‍

ജീക്‌സണിന്റെ ഹെഡ്ഡര്‍ തറച്ചത് ചരിത്രത്തില്‍

ഇന്ത്യ വര്‍ഷങ്ങളായി കാത്തിരുന്ന ആ സ്വപ്‌നം യാഥാര്‍ഥ്യമായ ദിനമായിരുന്നു ഒക്ടോബര്‍ 9, 2017. ഫിഫ ലോകകപ്പില്‍ ആദ്യമായി ഇന്ത്യയുടെ പേരില്‍ ഗോള്‍ കുറിക്കപ്പെട്ടത് ഈ ദിനത്തിലാണ്. കൊളംബിയക്കെതിരായ മല്‍സരത്തിലായിരുന്നു ഈ ഗോള്‍. മണിപ്പൂരില്‍ നിന്നുള്ള ജീക്‌സണ്‍ സിങിനാണ് ഇന്ത്യയുടെ ചരിത്രഗോള്‍ നേടാനുള്ള ഭാഗ്യം ലഭിച്ചത്. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു രാജ്യത്തെ ആവേശത്തിലാഴ്ത്തിയ ജീക്‌സണിന്റെ ഗോള്‍.

ഇന്ത്യന്‍ വന്‍മതില്‍-ധീരജ്

ഇന്ത്യന്‍ വന്‍മതില്‍-ധീരജ്

ക്രിക്കറ്റില്‍ ഇന്ത്യക്കു മുമ്പുണ്ടായിരുന്ന വന്‍മതിലായിരുന്നു ഇതിഹാസ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ്. ഇപ്പോള്‍ ഈ ലോകകപ്പിലൂടെ ഫുട്‌ബോളിലും ഇന്ത്യക്കൊപു വന്‍മതിലിനെ ലഭിച്ചിരിക്കുന്നു. ഗോള്‍കീപ്പര്‍ ധീരജ് സിങാണ് ഈ പുത്തന്‍ സെന്‍സേഷന്‍. ഇന്ത്യന്‍ ഗോള്‍മുഖത്ത് ഒരു അഭ്യാസിയെപ്പോലെ പറന്നു ചെന്നു സേവുകള്‍ നടത്തിയ ധീരജിന്റെ പ്രകടനം ഒരിക്കലും മറക്കാനാവില്ല. ഇന്ത്യയെ വലിയ മാര്‍ജിനിലുള്ള തോല്‍വികളില്‍ നിന്നു രക്ഷിച്ചതില്‍ ധീരജിനോട് നന്ദി പറയാം. ധീരജിനെ ഇന്ത്യയുടെ മുന്‍ ഇതിഹാസം ബെയ്ച്ചുങ് ബൂട്ടിയ കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ നിരയില്‍ പ്രകടനം ഏറ്റവുമധികം മെച്ചപ്പെടുത്തിയത് ധീരജാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കണ്ടെത്തലാണ് താരം. ലോകകപ്പിന്റെയും താരമാണ് ധീരജെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യന്‍ ദൗര്‍ബല്യം തുറന്നുകാട്ടി

ഇന്ത്യന്‍ ദൗര്‍ബല്യം തുറന്നുകാട്ടി

ലോക ഫുട്‌ബോളിലെ വമ്പന്‍മാര്‍ക്കു മുന്നില്‍ ഇന്ത്യയുടെ ദൗര്‍ബല്യം തുറന്നു കാട്ടിയതായിരുന്നു ഈ ടൂര്‍ണമെന്റ്. ഇന്ത്യന്‍ താരങ്ങളുടെ ശാരീരിക ക്ഷമത ടൂര്‍ണമെന്റില്‍ ശരിക്കും പരീക്ഷിക്കപ്പെട്ടു. ടീമിലെ താരങ്ങളെല്ലാം മികവുള്ളവരാണെങ്കിലും ശാരീരിക മികവില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് ടൂര്‍ണമെന്റ് കാണിച്ചുതന്നു. അമേരിക്കയ്‌ക്കെതിരേ ഇന്ത്യന്‍ നെയ്മറെന്നു വിശേഷിപ്പിക്കപ്പെട്ട കോമള്‍ തട്ടാലിന്റെ പ്രകടനം തന്നെ നോക്കാം. പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ കോമള്‍ പുറത്തെടുത്തെങ്കിലും പലപ്പോഴും എതിര്‍ ടീമിലെ കരുത്തര്‍ പന്ത് തട്ടിയെടുക്കുന്നത് ദയനീയ കാഴ്ചയായിരുന്നു. ശാരീരിക മികവില്‍ ഇന്ത്യന്‍ താരങ്ങള്‍ മറ്റു ടീമുകളേക്കാള്‍ ഏറെ പിന്നിലാണെന്നു കോച്ച് മാറ്റോസ് തന്നെ സമ്മതിച്ചതാണ്.

ഹൗസ്ഫുള്‍, പക്ഷെ... സീറ്റ് കാലി

ഹൗസ്ഫുള്‍, പക്ഷെ... സീറ്റ് കാലി

ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചുള്ള സംശയം ഇപ്പോഴും തീരുന്നില്ല. ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞതായും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കാനാവില്ലെന്നുമായിരുന്നു ഫിഫ അറിയിച്ചത്. എന്നാല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി ഫിഫ അവകാശപ്പെടുമ്പോഴും സ്‌റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഒഴിഞ്ഞ സീറ്റുകള്‍ കാണാം. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് മുഴുവന്‍ ടിക്കറ്റുകളും വില്‍ക്കാതിരിക്കാന്‍ കാരണമെന്നും സൂചനയുണ്ട്. കാരണം ഫിഫ നിയമമനുസരിച്ച് സ്‌റ്റേഡിയത്തില്‍ മല്‍സരം കാണുന്ന ഒരാള്‍ക്ക് എട്ടു മിനിറ്റിനകം സുരക്ഷിത സ്ഥാനത്ത് എത്താന്‍ കഴിയണം. ഇതിനു സാധിക്കില്ലെന്ന് സംശയുള്ളതിനാലാവാം കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കാതിരിക്കാന്‍ കാരണമെന്നും ചിലര്‍ പറയുന്നു.

Story first published: Friday, October 13, 2017, 12:08 [IST]
Other articles published on Oct 13, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍