കൊച്ചിയെ നിരാശപ്പെടുത്തിയില്ല! നൈജറിനെ തളച്ച് സ്പെയിൻ! കോസ്റ്ററിക്കയെ സമനിലയിൽ കുരുക്കി ഗിനിയ...

Posted By: ഡെന്നീസ്

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിൽ സ്പെയിനിന് വിജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നൈജറിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. ഗോവയിൽ നടന്ന ഗ്രൂപ്പ് സിയിലെ കോസ്റ്ററിക്ക-ഗിനിയ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി.

ഗ്രൂപ്പ് ഡിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനാണ് സ്പെയിനും നൈജറും കൊച്ചിയിലിറങ്ങിയത്. സ്പെയിനും നൈജറും തമ്മിൽ മികച്ച കളി പ്രതീക്ഷിച്ചെത്തിയ കൊച്ചിയിലെ കാണികൾക്കും നിരാശപ്പെടേണ്ടി വന്നില്ല. ആദ്യ കളിയിൽ ബ്രസീലിനോട് തോൽവി വഴങ്ങിയ സ്പെയിൻ, മികച്ച ഫോമിലാണ് നൈജറിനെ നേരിട്ടത്. ഉത്തരകൊറിയയെ മുട്ടുക്കുത്തിച്ച ആത്മവിശ്വാസത്തിൽ സ്പെയിനിനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ നൈജറിന് കളിക്കളത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല.

spainptio

നൈജർ തുടക്കത്തിൽ തന്നെ പരുക്കൻ കളിയാണ് പുറത്തെടുത്തത്. തുടരെയുള്ള ഫൗളുകൾക്കൊടുവിൽ നൈജറിന് 13-ാം മിനിറ്റിൽ ആദ്യ മഞ്ഞക്കാർഡും ലഭിച്ചു. എന്നാൽ നൈജറിന്റെ പരുക്കൻ കളിക്ക് മനോഹരമായ നീക്കങ്ങളിലൂടെയാണ് സ്പെയിൻ മറുപടി നൽകിയത്. 21-ാം മിനിറ്റിൽ ജുവാൻ മിറാൻഡ നൽകിയ ക്രോസ് അതിമനോഹരമായ ഷോട്ടിലൂടെ ആബേൽ റൂയിസ് നൈജർ വലയിലെത്തിച്ചു. സ്പെയിൻ ഒരു ഗോളിന് മുന്നിൽ. പിന്നീട് 41-ാം മിനിറ്റിലും നൈജർ ഗോൾ വല കുലുങ്ങി. ഇത്തവണയും ആബേൽ റൂയിസാണ് സ്പെയിനിന് വേണ്ടി ഗോൾ നേടിയത്. ആദ്യ ഗോളിന് വഴിയൊരുക്കിയ ജുവാൻ മിറാൻഡ രണ്ടാം ഗോളിനും റൂയിസിനെ സഹായിച്ചു. ഇതിനു പിന്നാലെ ആബേൽ റൂയിസ് ഇടയ്ക്കിടെ നൈജർ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ സ്പെയിൻ മൂന്നാം ഗോളും നേടി. സെർജിയോ ഗോമസിന്റെ ക്രോസിൽ നിന്നും സീസർ ഗെലാബർട്ടിന്റെ വലംകാൽ ഷോട്ട് ഗോൾ വലയുടെ ഇടതുമൂലയിൽ. സ്കോർ ബോർഡിൽ സ്പെയിനിന്റെ മൂന്നാം ഗോൾ.

ഗ്രൂപ്പ് സിയിൽ കോസ്റ്ററിക്കയും ഗിനിയയും തമ്മിൽ ഗോവയിലാണ് ഏറ്റുമുട്ടിയത്. ഇരുടീമുകൾക്കും വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനില്ലാത്ത മത്സരം. വിജയം മാത്രം ലക്ഷ്യമാക്കി ഇരുടീമുകളും പന്തു തട്ടിയപ്പോൾ ആദ്യ ഗോളിനായി 26-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കോസ്റ്ററിക്കയാണ് ആദ്യ ഗോൾ നേടിയത്. ആൻഡ്രേസ് ഗോമസ് നൽകിയ ക്രോസിൽ നിന്നും അതിമനോഹരമായ ഷോട്ടിലൂടെ യെക്സി ജാർക്വിൻ ഗോൾവല കുലുക്കി. കോസ്റ്ററിക്ക ഒരു ഗോളിന് മുന്നിട്ടതോടെ, ഗിനിയൻ താരങ്ങൾ ഫോമിലേക്കുയർന്നു. ഒടുവിൽ 30-ാം മിനിറ്റിൽ ഫാന്റേ ടൗറേയിലൂടെ ഗിനിയ ഗോൾ മടക്കി. ഇരുടീമുകളും ഒപ്പത്തിനൊപ്പം. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ഗിനിയ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗിനിയൻ താരങ്ങൾ ചില ഷോട്ടുകൾ പായിച്ചെങ്കിലും എല്ലാം ഗോൾ പോസ്റ്റിന് വെളിയിലാണ് പതിച്ചത്.

Story first published: Tuesday, October 10, 2017, 18:42 [IST]
Other articles published on Oct 10, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍