മൂന്നാം സ്ഥാനക്കാരായി ബ്രസീൽ! മാലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി...

Written By:

കൊൽക്കത്ത: കിരീടം മോഹിച്ച് ഇന്ത്യയിലെത്തിയ കാനറികൾ ഒടുവിൽ മൂന്നാം സ്ഥാനക്കാരായി മടങ്ങി. ഫിഫ അണ്ടർ 17 ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ മാലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്രസീൽ മൂന്നാം സ്ഥാനക്കാരായത്.

ലൂസേഴ്സ് ഫൈനലായിരുന്നെങ്കിലും തങ്ങളുടെ പ്രിയടീമിന്റെ അവസാന മത്സരം കാണാൻ ആയിരക്കണക്കിന് ബ്രസീൽ ആരാധകരാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കെത്തിയത്. സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. സ്പെയിനിനോട് മാലിയും ഇതേ ഗോൾ നിലയിലാണ് തോൽവി സമ്മതിച്ചത്.

brazil

മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടമായിരുന്നെങ്കിലും ഇരുടീമുകളും ജയിക്കാനുറച്ചാണ് കളത്തിലിറങ്ങിയത്.ഏഴാം മിനിറ്റിലാണ് ബ്രസീൽ ആദ്യ മുന്നേറ്റം നടത്തിയത്. പക്ഷേ, സ്റ്റാർ സ്ട്രൈക്കർ ലിങ്കൺ തൊടുത്തുവിട്ട വലംകാൽ ഷോട്ട് മാലി പോസ്റ്റിന് അരികിലൂടെ പുറത്തേക്കായി. തൊട്ടുപിന്നാലെ ആഫ്രിക്കൻ കുതിരകളായ മാലിയും ആക്രമണങ്ങൾ നടത്തി. പക്ഷേ, ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല.

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരുടീമുകളും ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ നടത്തി. ഒടുവിൽ 54-ാം മിനിറ്റിലാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തിയ ആ ഗോൾ പിറന്നത്. ബോക്സിന് പുറത്ത് നിന്നും അലൻ പായിച്ച വലംകാൽ ഷോട്ടിൽ പന്ത് മാലിയുടെ ഗോൾവലയിൽ. ബ്രസീൽ ഒരു ഗോളിന് മുന്നിൽ. പിന്നീട് മാലിയും ബ്രസീലും നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ഒടുവിൽ 87-ാം മിനിറ്റിൽ ബ്രസീൽ മാലിയുടെ മേൽ അവസാന ആണിയുമടിച്ചു. ബ്രണർ നൽകിയ പാസിൽ നിന്നും യൂരി ആൽബർട്ടോയാണ് ബ്രസീലിന് വേണ്ടി രണ്ടാം ഗോൾ നേടിയത്.

Story first published: Saturday, October 28, 2017, 18:52 [IST]
Other articles published on Oct 28, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍