സൗഹൃദം കാര്യമായി, അര്‍ജന്റീനയെ നൈജീരിയ നാണംകെടുത്തി... അഞ്ചടിച്ച് ഡെന്‍മാര്‍ക്ക് റഷ്യയിലേക്ക്

Written By:

ഡബ്ലിന്‍/മോസ്‌കോ: 2018ലെ റഷ്യന്‍ ലോകകപ്പിനു സ്വീഡന് പിറകെ മറ്റൊരു ടീം കൂടി യോഗ്യത നേടി. യൂറോപ്പിലെ മുന്‍നിര ടീമായ ഡെന്മാര്‍ക്കാണ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം ഇറ്റലിയെ അട്ടിമറിച്ച് സ്വീഡനും ലോകകപ്പിനു യോഗ്യത നേടിയിരുന്നു.
അതേസമയം, റഷ്യയില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീന നാണംകെട്ട തോല്‍വിയേറ്റുവാങ്ങി. ആഫ്രിക്കന്‍ ശക്തികളായ നൈജീരിയ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് അര്‍ജന്റീനയെ സ്തബ്ധരാക്കുകയായിരുന്നു. മറ്റു സൗഹൃദ മല്‍സരങ്ങളില്‍ ബ്രസീല്‍ ഇംഗ്ലണ്ടുമായും ജര്‍മനി ഫ്രാന്‍സുമായും പോര്‍ച്ചുഗല്‍ അമേരിക്കയുമായും സമനില വഴങ്ങി.

എറിക്‌സണ്‍, എറിക്‌സണ്‍, എറിക്‌സണ്‍...അനായാസം ഡെന്‍മാര്‍ക്ക്

എറിക്‌സണ്‍, എറിക്‌സണ്‍, എറിക്‌സണ്‍...അനായാസം ഡെന്‍മാര്‍ക്ക്

അയര്‍ലന്‍ഡിനെതിരേ അവരുടെ മൈതാനത്ത് അനായാസ വിജയമാണ് ഡെന്‍മാര്‍ക്ക് സ്വന്തമാക്കിയത്. രണ്ടാംപാദ മല്‍സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഡാനിഷ് പട അയര്‍ലന്‍ഡിനെ മുക്കുകയായിരുന്നു. ടോട്ടനം ഹോട്‌സ്പര്‍ സ്റ്റാര്‍ പ്ലേമേക്കര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഹാട്രിക്കാണ് ഡെന്‍മാര്‍ക്കിനെ വന്‍ ജയത്തിലേക്കു നയിച്ചത്. 32, 63, 73 മിനിറ്റുകളിലായിരുന്നു താരം വല ചലിപ്പിച്ചത്. ആന്ദ്രെസ് ക്രിസ്റ്റ്യന്‍സെന്‍, നിക്ലാസ് ബെന്റ്‌നര്‍ എന്നിവരും വിജയാഘോഷത്തില്‍ പങ്കാളികളായി.
ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ഡെന്‍മാര്‍ക്കിന്റെ ഗോള്‍ വര്‍ഷം. മല്‍സരം തുടങ്ങി ആറാം മിനിറ്റില്‍ത്തന്നെ ഷെയ്ന്‍ ഡഫി അയര്‍ലന്‍ഡിന്റെ അക്കൗണ്ട് തുറന്നിരുന്നു.

ഒന്നാംപാദം ഗോള്‍രഹിതം

ഒന്നാംപാദം ഗോള്‍രഹിതം

ഡെന്‍മാര്‍ക്ക്-അയര്‍ലന്‍ഡ് ഒന്നാംപാദ മല്‍സരം ഗോള്‍രഹിതമായി കലാശിച്ചിരുന്നു. അതുകൊണ്ടു തന്നെ രണ്ടാംപാദം ഇരുടീമിനും ഒരുപോലെ നിര്‍ണായകമായിരുന്നു. ആറാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ അയര്‍ലന്‍ഡിന്റെ തുടക്കം ഗംഭീരമായിരുന്നു. എന്നാല്‍ ഡെന്‍മാര്‍ക്ക് തുടങ്ങാന്‍ പോവുന്നതേയുണ്ടായിരുന്നുള്ളൂ. അതിമനോഹരമായ അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച ഡാനിഷ് പടയ്ക്ക് മുന്നില്‍ പിന്നീട് കാഴ്ചക്കാരായി നില്‍ക്കുന്ന ആതിഥേയരെയാണ് കണ്ടത്.
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ അയര്‍ലന്‍ഡ് അര്‍ഹിച്ച പരാജയമായിരുന്നു ഇത്. ആദ്യ ഗോള്‍ നേടിയതൊഴിച്ചാല്‍ പോസീറ്റീവായ ഒന്നും മല്‍സരത്തില്‍ അയര്‍ലന്‍ഡിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

മെസ്സിയില്ലെങ്കില്‍ ഇത്രയേ ഉള്ളൂ അര്‍ജന്റീന?

മെസ്സിയില്ലെങ്കില്‍ ഇത്രയേ ഉള്ളൂ അര്‍ജന്റീന?

തട്ടിയും മുട്ടിയും ലോകകപ്പിനു യോഗ്യത നേടിയ മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് സൗഹൃദ മല്‍സരത്തില്‍ നൈജീരിയ നല്‍കിയത്. ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയില്ലാത്ത അര്‍ജന്റീന ഒന്നുമല്ലെന്ന് ഒരിക്കല്‍ക്കൂടി ഈ മല്‍സരം കാണിച്ചുതന്നു. റഷ്യയില്‍ നടന്ന മല്‍സരത്തില്‍ രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത ശേഷമാണ് മെസ്സിയില്ലാത്ത അര്‍ജന്റീന വന്‍ തോല്‍വിയിലേക്കു വീണത്.

അര്‍ജന്‍റീനയെ തകര്‍ത്തത് ഇവോബി

അര്‍ജന്‍റീനയെ തകര്‍ത്തത് ഇവോബി

28ാം മിനിറ്റില്‍ എവര്‍ ബനേഗയുടെയും 36ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയുടെയും ഗോളുകളില്‍ അര്‍ജന്റീന ഡ്രൈവിങ് സീറ്റിലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ കെലേച്ചി ഇഹെനാച്ചോയിലൂടെ നൈജീരിയ ആദ്യ ഗോള്‍ മടക്കി സൂചന നല്‍കി. രണ്ടാംപകുതിയില്‍ നൈജീരിയ നിര്‍ത്തിയ ഇടത്തു നിന്നു തുടങ്ങുകയും ചെയ്തു. ഹാട്രിക്ക് നേടിയ അലെക്‌സ് ഇവോബിയാണ് രണ്ടാംപകുതിയില്‍ അര്‍ജന്റീനയുടെ അന്തകനായത്. 52, 55, 73 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് പ്രകടനം.

 വമ്പന്മാര്‍ക്ക് സമനിലപ്പൂട്ട്

വമ്പന്മാര്‍ക്ക് സമനിലപ്പൂട്ട്

വമ്പന്‍ ടീമുകള്‍ക്കെല്ലാം സൗഹൃദ മല്‍സരത്തില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബ്രസീല്‍ ഇംഗ്ലണ്ടുമായി ഗോളടിക്കാനാവാതെ വലഞ്ഞപ്പോള്‍ ജര്‍മനിയും ഫ്രാന്‍സും രണ്ടു ഗോളുകള്‍ വീതം നേടി തോല്‍ക്കാന്‍ മനസ്സില്ലെന്നു തെളിയിച്ചു. സ്‌പെയിനിനെ അടുത്ത ലോകകപ്പിന്റെ ആതിഥേയരായ റഷ്യ 3-3ന് പിടിച്ചുകെട്ടി.
ഫ്രാന്‍സിനെതിരേ രണ്ടു വട്ടം പിന്നില്‍ നിന്ന ശേഷമാണ് ജര്‍മനി ഗോളുകള്‍ മടക്കി തോല്‍വിയില്‍ നിന്നു രക്ഷപ്പെട്ടത്. ഫ്രാന്‍സിന്റെ രണ്ടു ഗോളും അലെക്‌സാന്‍ഡ്രെ ലക്കാസറ്റെയുടെ വകയായിരുന്നു.
മറ്റു സൗഹൃദ മല്‍സരങ്ങളില്‍ ഓസ്ട്രിയ 2-1ന് ഉറുഗ്വേയെയും സ്ലൊവാക്യ 1-0നു നോര്‍വെയെയും ബെല്‍ജിയം ഇതേ സ്‌കോറിനു ജപ്പാനെയും കൊളംബിയ 4-0ന് ചൈനയെയും തോല്‍പ്പിച്ചു.

Story first published: Wednesday, November 15, 2017, 12:08 [IST]
Other articles published on Nov 15, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍