മൂന്നടിച്ച് ഡൈനാമോസ് ഫുള്‍ ചാര്‍ജ്... ബലേവാഡിയില്‍ ബലാബലം, ത്രില്ലറില്‍ സന്ദര്‍ശകര്‍ നേടി

Written By:

പൂനെ: ഐഎസ്എല്ലിലെ അഞ്ചാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനു ത്രസിപ്പിക്കുന്ന വിജയം. ബലേവാഡി സ്‌റ്റേഡിയത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആതിഥേയരായ പൂനെ സിറ്റിയെ ഡല്‍ഹി രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇരുടീമിന്റെയും ആദ്യ മല്‍സരം കൂടിയാണിത്. സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ തുല്യശക്തികള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയായിരുന്നു മല്‍സരം. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് അഞ്ചു ഗോളുകളും പിറന്നത്.

1

46ാം മിനിറ്റില്‍ പൗലിഞ്ഞോ ഡയസിലൂടെ ഡല്‍ഹിയാണ് ആദ്യം ഗോള്‍വേട്ടയ്ക്ക് തിരികൊളുത്തിയത്. 54ാം മിനിറ്റില്‍ ലല്ലിയന്‍സുവാല ചാങ്‌തെയിലൂടെ ഡല്‍ഹി സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. 65ാം മിനിറ്റില്‍ പൂനെയുടെ തോല്‍വിയുറപ്പിച്ച് മത്യാസ് മിറാബെ ഡല്‍ഹിയുടെ മൂന്നാം ഗോളും കണ്ടെത്തി. 0-3 എന്ന ദയനീയ സ്ഥിതിയിലേക്ക് വീണെങ്കിലും പൂനെ വിട്ടുകൊടുക്കാന്‍ തയ്യാറായാരുന്നില്ല. 67ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാറോയിലൂടെ പൂനെ ആദ്യഗോള്‍ മടക്കി. ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ മാര്‍കോസ് ടെബര്‍ പൂനെയുടെ രണ്ടാം ഗോളും മടക്കി. എന്നാല്‍ സമനില ഗോളിനുള്ള പൂനെയുടെ ശ്രമങ്ങള്‍ക്കിടെ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതോടെ ഒരു ഗോള്‍ മാര്‍ജിനില്‍ ഡല്‍ഹി ജയിച്ചുകയറി.

2

മല്‍സരത്തില്‍ ഒരു പടി മുന്നില്‍ നിന്ന ഡല്‍ഹി അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. പൂനെ ടീം 4-3-2-1 എന്ന ശൈലിയില്‍ കളത്തിലറങ്ങിയപ്പോള്‍ ഡല്‍ഹി 4-4-2 എന്ന ലൈനപ്പാണ് പരീക്ഷിച്ചത്. കളിയുടെ തുടക്കം മുതല്‍ ഡല്‍ഹിക്കായിരുന്നു പന്തടകത്തില്‍ മേല്‍ക്കൈ. എന്നാല്‍ തുറന്ന ആക്രമണത്തിനു മുതിരാതെ അവര്‍ പലപ്പോഴും മധ്യനിരയില്‍ തന്നെ കളി മെനയുകയാണ് ചെയ്തത്. രണ്ടാംപകുതിയില്‍ ഡല്‍ഹി കൂടുതല്‍ ഉണര്‍ന്നു കളിച്ചതോടെ പൂനെ വല മൂന്നു വട്ടം ചലിക്കുകയും ചെയ്തു.

Story first published: Thursday, November 23, 2017, 8:22 [IST]
Other articles published on Nov 23, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍