ലോകത്തെ വിസ്മയിപ്പിച്ച ഗോള്‍, ക്രിസ്റ്റിയാനോ നല്‍കുന്ന സൂചന...

Posted By: Vipulnath P

ഏത് ഗ്രഹത്തില്‍ നിന്നാണ് താങ്കള്‍ വരുന്നത് ? - സ്പാനിഷ് പത്രം എ എസ്് അതിശയത്തോടെ ഇട്ടിരിക്കുന്ന ഹെഡ്ഡിംഗാണിത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ അവിശ്വസനീയ ബൈസിക്കിള്‍ കിക്കിന്റെ മുഴുനീള ചിത്രസഹിതമാണ് ചോദ്യരൂപേണയുള്ള ഹെഡ്ഡിംഗ്.

ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കുറിച്ചും സ്പാനിഷ് മാധ്യമങ്ങള്‍ ഇതേ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ ലഭ്യമാകാതെ വരികയോ, ഏതെങ്കിലും വിശേഷണം നടത്തിയാല്‍ അതിന്റെ മാഹാത്മ്യത്തോട് നീതിപുലര്‍ത്താതെ പോകുമോ എന്നൊക്കെയുള്ള സന്ദേഹം കൊണ്ടാകണം മെസിയെയും ക്രിസ്റ്റിയാനോയെയും അന്യഗ്രഹ ജീവികളെന്ന് വിശേഷിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് പത്രങ്ങള്‍ മുതിരുന്നത്.

christianoronaldo

യുവെന്റസ് പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കിക്കൊണ്ട് ക്രിസ്റ്റിയാനോ ആകാശത്ത് നടത്തിയ മലക്കം മറിച്ചില്‍ അത്ഭുതകാഴ്ചയാണ്. ക്രിസ്റ്റിയാനോ തന്റെ കരിയറില്‍ ആദ്യമായി ബൈസിക്കിള്‍ കിക്ക് ഗോള്‍ നേടുന്ന കാഴ്ച. അതാകട്ടെ, ലോകോത്തരവും. ഡാനി കര്‍വായാല്‍ വലത് ബോക്‌സിന് പുറത്ത് വെച്ച് ക്രോസ് ബോള്‍ നല്‍കുമ്പോള്‍ ക്രിസ്റ്റിയാനോ പന്തിന്റെ ദിശയിലായിരുന്നില്ല. പക്ഷേ, അതിവേഗം പൊസിഷന്‍ ചെയ്ത് പോര്‍ച്ചുഗീസുകാരന്‍ വായുവില്‍ ഒരാള്‍പൊക്കത്തില്‍ ശരീരത്തെ നിവര്‍ത്തിക്കിടത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ കരണം മറിഞ്ഞപ്പോള്‍ ലെജന്‍ഡറി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബുഫണിന്റെ വലയില്‍ പന്ത് !

യുവെന്റസ് ഡിഫന്‍ഡര്‍ ഹെഡ് ക്ലിയറിംഗിന് ശ്രമിക്കും മുമ്പെ ക്രിസ്റ്റ്യാനോ കാണിച്ച അത്ഭുതപ്രവര്‍ത്തനമായിരുന്നു ഈ ഗോള്‍. ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചില്ല. ഇങ്ങനെയൊക്കെ ഗോളടിക്കാന്‍ സാധിക്കുമോ ? സഹതാരങ്ങളും യുവെന്റസ് താരങ്ങളും അമ്പരപ്പ് മാറാതെ നിന്നു. റയല്‍ മാഡ്രിഡിന്റെ ഇതിഹാസവും ഇപ്പോള്‍ പരിശീലകനുമായ സാക്ഷാല്‍ സിനദിന്‍ സിദാന്‍ ഈ ഗോള്‍ കണ്ടപ്പോള്‍ നടത്തിയ എക്‌സ്പ്രഷന്‍ വൈറലായില്ലേ. തലയില്‍ കൈവെച്ചു കൊണ്ട് സിദാന്‍ ഒ മൈ ഗോഡ് ! എന്ന് പറഞ്ഞു കൊണ്ട് ബെഞ്ചിലേക്ക് അവിശ്വസനീയമായി നടക്കുന്ന കാഴ്ച.

christiano

ഇതിലുമൊക്കെ അപാരമായിരുന്നു ടുറിനിലെ സ്റ്റേഡിയത്തില്‍ യുവെന്റസിന്റെ ആരാധകര്‍ ക്രസ്റ്റ്യാനോക്ക് നല്‍കിയ ആദരം. റയലിന്റെ ആരാധകവൃന്ദത്തെ പോലും അതിശയിപ്പിക്കും വിധം യുവെ ആരാധകക്കൂട്ടം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ഒരു സ്റ്റേഡിയം മുഴുവന്‍ ആ ഗോളിനെ ഹര്‍ഷാരവത്തോടെ നെഞ്ചിലേറ്റി.

ക്രിസ്റ്റിയാനോ തന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്ക് ശേഷം കാണികളോട് കൈ കൂപ്പിക്കൊണ്ട് നന്ദി അറിയിച്ചു. ഇതില്‍പ്പരം എന്ത് വേണം ഒരു ലോകഫുട്‌ബോളര്‍ക്ക്. കരിയറിലെ അനര്‍ഘനിമിഷം. ഇതു തന്നെയാണ് തന്റെ ഏറ്റവും മികച്ച ഗോളെന്ന് റയലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അടിവരയിടുന്നു.

christianoronaldo1

യുവെന്റസ് ഗോളി ബുഫണ്‍ ക്രിസ്റ്റ്യാനോയെ എക്‌സ്ട്രാ ഓര്‍ഡിനറി ചാമ്പ്യന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മെസിയും ക്രിസ്റ്റിയാനോയും തമ്മില്‍ മാത്രമാണ് ഇപ്പോള്‍ മത്സരമുള്ളത്. ഡിയഗോ മറഡോണ, പെലെ എന്നിവര്‍ക്കൊപ്പം ക്രിസ്റ്റ്യാനോയെ ചേര്‍ത്തുവെക്കാമെന്ന് ബുഫണ്‍ പറയുന്നു.

കമ്പ്യൂട്ടര്‍ ഗെയിമുകളിലെ ഗോള്‍. അമാനുഷികമെന്നൊക്കെ പറയാം. ലോകഫുട്‌ബോളിലെ ഏറ്റവും പെര്‍ഫെക്ടായ സ്‌ട്രൈക്കര്‍ക്ക് മാത്രമേ ഇങ്ങനെയൊരു ബൈസിക്കിള്‍ കിക്ക് സാധ്യമാകൂ. ക്രിസ്റ്റ്യാനോയെ തടയണമെങ്കില്‍ ആ നിലവാരത്തിലേക്ക് ഡിഫന്‍ഡര്‍മാര്‍ ഉയരണം. ചെറിയൊരു വിടവ് നല്‍കിയാല്‍, അയാള്‍ നമ്മളെ ശിക്ഷിക്കും. ചരിത്ര ഗോളാണ് ക്രിസ്റ്റിയാനോ നേടിയിരിക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അത് ഞങ്ങള്‍ക്കെതിരെയും - യുവെന്റസ് ഡിഫന്‍ഡര്‍ ആന്ദ്രെ ബര്‍സാലിയുടെ വാക്കുകളാണിത്.

ലോകഫുട്‌ബോളില്‍ സംഭവിച്ച ഏറ്റവും മികച്ച ബൈസിക്കിള്‍ കിക്ക് ഏതാണെന്ന ചര്‍ച്ച കൊഴുക്കുന്നുണ്ട്. ഇന്ത്യന്‍ താരം ഐ എം വിജയന്റെ പ്രസിദ്ധമായ സിസര്‍കട്ട് വരെ ക്രിസ്റ്റ്യാനോയെ വെല്ലുവിളിക്കാന്‍ രംഗത്തുണ്ട്!

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി വെയിന്‍ റൂണി നേടിയ ബൈസിക്കിള്‍ കിക്ക് സീസണില്‍ മികച്ച ഗോളിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
വെയിന്‍ റൂണി പറയുന്നത് ക്രിസ്റ്റ്യാനോയുടെതാണ് മികച്ച ബൈസിക്കിള്‍ കിക്കെന്നാണ്. എത്ര ഉയരത്തില്‍ വെച്ചാണ് ക്രിസ്റ്റിയാനോ ആ ഗോള്‍ നേടിയിരിക്കുന്നത്. റൂണിയുടെ ഗോളിനേക്കാള്‍ മികച്ചത് റയല്‍ താരത്തിന്റെത് തന്നെയെന്ന് മുന്‍ ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡിനന്‍ഡ്.

ലോകത്തിലെ ഏറ്റവും മികച്ച ഗോളാണോ എന്നെനിക്കറിയില്ല. പക്ഷേ, ഒന്നുണ്ട് ക്രിസ്റ്റ്യാനോയുടെ അത്ഭുത പ്രകടനത്തെ പ്രശംസിക്കാന്‍ നിങ്ങളാരും മറന്നു പോകരുത് - യുവെന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രി മിതഭാഷണത്തിലൂടെ കാര്യം വ്യക്തമാക്കി.വരാനുള്ളത് ലോകകപ്പാണ്. യൂറോ കപ്പ് കിരീടം നേടിയ പോര്‍ച്ചുഗലിന് ലോകകപ്പും സ്വപ്‌നം കാണാമെന്നാണ് ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഫോം നല്‍കുന്ന സന്ദേശം.

മാര്‍ച്ച് 23ന് സൂറിച്ചില്‍ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1ന് ഈജിപ്തിനെ തോല്‍പ്പിച്ചത് ശ്രദ്ധിക്കൂ. രണ്ടാം പകുതിയില്‍ മുഹമ്മദ് സാല നേടിയ ഗോളിന് ഈജിപ്ത് ലീഡെടുക്കുന്നു. പോര്‍ച്ചുഗല്‍ തോല്‍വി ഉറപ്പിച്ച് നില്‍ക്കുമ്പോള്‍ ഇഞ്ചുറി ടൈമില്‍ രണ്ട് മിനുട്ടിനിടെ രണ്ട് ഹെഡ്ഡര്‍ ഗോളുകള്‍. പോര്‍ച്ചുഗല്‍ മത്സരം ജയിക്കുന്നു. ഗോളുകള്‍ക്കുടമ ഒരേയൊരാള്‍ - ക്രിസ്റ്റിയാനോ റൊണാള്‍ഡോ!!

സ്‌പോട് കിക്ക്: ലോകകപ്പില്‍ സ്‌പെയിനും പോര്‍ച്ചുഗലും ഒരേ ഗ്രൂപ്പില്‍.

സ്‌പെയ്‌നിലെ ഒരു പത്രം ചോദിക്കുന്നു: ക്രിസ്റ്റിയാനോ ഏത് ഗ്രഹത്തില്‍ നിന്നാണെന്ന്!

ഉത്തരം റഷ്യയില്‍ വെച്ച് ലഭിച്ചേക്കാം.

Story first published: Sunday, April 8, 2018, 10:29 [IST]
Other articles published on Apr 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍