വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചരിത്രത്തിലെ ഏറ്റവും മികച്ച ബയേണ്‍ ടീം ഇദ്ദേഹത്തിന്റെതായിരുന്നു!

By കാശ്വിന്‍

മിസ്റ്റര്‍ ബുണ്ടസ് ലിഗ എന്ന് ആരെയെങ്കിലും വിളിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് യുപ് ഹെയിന്‍കസ് എന്ന ജര്‍മന്‍കാരനെ കണ്ടാല്‍ ഓണ്‍ ദ സ്‌പോട്ടില്‍ വിളിച്ചു കൊള്ളുക. കളിക്കാരനായും കോച്ചായും ജര്‍മന്‍ ക്ലബ്ബ് ഫുട്‌ബോള്‍ അടക്കിഭരിച്ച യുപ് ഹെയിന്‍കസിനോളം ആ വിശേഷണം അര്‍ഹിക്കു മറ്റൊരു വ്യക്തിയില്ല.

താരമായിരുന്നപ്പോള്‍ ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിന് സുവര്‍ണയുഗമൊരുക്കിയ ഈ സ്‌ട്രൈക്കര്‍ കോച്ചായപ്പോള്‍ ബയേണ്‍ മ്യൂണിക്കിനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തി.
1960-70 ആയിരുന്നു ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിന്റെ നല്ലകാലം. തുടരെ ദേശീയ ക്ലബ്ബ് കിരീടങ്ങള്‍, ജര്‍മന്‍ കപ്പ്, യുവേഫ കപ്പ് എന്നിവയെല്ലാം മോന്‍ചെന്‍ഗ്ലാഡ്ബാചിന്റെ ഷോകേസിലെത്തിയ കാലം.

ഇന്നത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ആയ അന്നത്തെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍, 1977 ല്‍ മോന്‍ചെന്‍ഗ്ലാഡ്ബാച് ഇടം പിടിച്ചിരുന്നു. ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന് മുന്നില്‍ ഹെയിന്‍കസിന്റെ ടീമിന് കാലിടറി. ബുണ്ടസ് ലിഗ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഹെയിന്‍കസിന്റെ പേര് തന്നെയാണ് ഇപ്പോഴും - 220 ഗോളുകള്‍ !

എഴുപതുകളില്‍ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഫിഫ ലോകകപ്പും നേടിയ പശ്ചിമ ജര്‍മനി ടീമിലും ഹെയിന്‍കസുണ്ടായിരുന്നു.

പരിശീലകന്റെ കുപ്പായമെടുത്തിട്ടപ്പോഴും ഹെയിന്‍കസിന് പിഴച്ചില്ല. 1979 മുതല്‍ 1987 വരെ ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിന്റെ മുഖ്യ പരിശീലകന്‍. പിന്നീട് ബയേണ്‍ മ്യൂണിക്, അത്‌ലറ്റിക് ബില്‍ബാവോ, എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ട്, ടെഹറിഫെ, റയല്‍ മാഡ്രിഡ്, ബെന്‍ഫിക, അത്‌ലറ്റിക് ബില്‍ബാവോ, ഷാല്‍ക്കെ 04, ബയെര്‍ലെവര്‍കൂസന്‍ ക്ലബ്ബുകളെയും പരിശീലിപ്പിച്ചു.

എട്ട് വര്‍ഷക്കാലം തന്റെ ഹോം ടീമായ ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിനെ പരിശീലിപ്പിച്ചിട്ടും ഹെയിന്‍കസിന് ഒരു കിരീടം പോലും നേടാന്‍ സാധിച്ചില്ല. പക്ഷേ, സ്ഥായിയായ ഫോം നിലനിര്‍ത്താനും തിരിച്ചടികളില്‍ നിന്ന് ടീമിനെ തൊട്ടടുത്ത സീസണുകളില്‍ കരകയറ്റാനും ഹെയിന്‍കസിന് സാധിച്ചുവെന്നത് അദ്ദേഹത്തിലെ പരിശീലകപ്രതിഭയെന്തെന്ന് വെളിപ്പെടുത്തി.

ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഹെയിന്‍കസിനൊരു പേര് വീണു : ദ ചാമ്പ്യന്‍ വിത്തൗട്ട് എ ടൈറ്റില്‍ !

ഈ എട്ട് വര്‍ഷത്തിനിടെ ഒരു രാത്രി മാത്രമാണ് ഹെയിന്‍കസിനെ വല്ലാതെ വേട്ടയാടിയത്. യുവേഫ കപ്പില്‍ മൂന്നാം റൗണ്ടില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ രാത്രി. ആദ്യ പാദം 5-1ന് ഹെയിന്‍കസിന്റെ ടീം ജയിച്ചിരുന്നു. രണ്ടാം പാദം റയല്‍ 4-0ന് ജയിച്ചപ്പോള്‍ എവേ ഗോളില്‍ ബൊറുസിയ അട്ടിമറിക്കപ്പെട്ടു.

169 ജയം, 77 സമനില, 97 തോല്‍വി. ഇതായിരുന്നു ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിലെ ആദ്യ ഘട്ട പരിശീലക റോളില്‍ ഹെയിന്‍കസിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്.

1987 ല്‍ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായതോടെ അദ്ദേഹം കിരീടമുള്ള ചാമ്പ്യനായി മാറാന്‍ തുടങ്ങി. നാല് ഘട്ടങ്ങളിലായിട്ടാണ് ഹെയിന്‍കസ് ബയേണിനെ പരിശീലിപ്പിച്ചത്.

ആദ്യത്തേത് 1987-91, രണ്ടാമത്തേത് 2009ല്‍ കെയര്‍ടേക്കറുടെ റോളില്‍, മൂന്നാമത്തേത് 2011-2013 വരെ, നാലാമത്തേത് 2017-2018 സീസണും.

ബയേണിനൊപ്പം ആകെ 232 വിജയങ്ങള്‍, 63 സമനിലകള്‍, 56 പരാജയങ്ങള്‍. നാല് ബുണ്ടസ് ലിഗ കിരീടങ്ങള്‍, മൂന്ന് ജര്‍മന്‍ സൂപ്പര്‍ കപ്പുകള്‍, ഒരു ജര്‍മന്‍ കപ്പ്, 2013 ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് പട്ടവും.

ഇതില്‍ 2013 ല്‍ ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങളാണ് ഹെയിന്‍കസിന് കീഴില്‍ ബയേണ്‍ റാഞ്ചിയത്. യൂറോപ്പില്‍ ആ സീസണില്‍ ബയേണിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലയണല്‍ മെസിയും സാവിയും ഇനിയെസ്റ്റയും അണിനിരന്ന ബാഴ്‌സലോണക്കും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ 7-0നായിരുന്നു ബാഴ്‌സയെ തകര്‍ത്തത്.

ഹെയിന്‍കസ് ബയേണില്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ടീം പടുകുഴിയിലേക്ക് വീഴുന്ന കാഴ്ചയായിരുന്നു. അപ്പോള്‍ രക്ഷകന്റെ റോളില്‍ ഹെയിന്‍കസ് വരും. പലപ്പോഴും ബയേണ്‍ മാനേജ്‌മെന്റ് കൈയ്യും കാലും പിടിച്ചായിരിക്കും കൊണ്ടു വരിക.

2009 ല്‍ താത്കാലിക കോച്ചായി വന്നത് തന്നെ ഉദാഹരണം. യുര്‍ഗന്‍ ക്ലിന്‍സ്മാന് കീഴില്‍ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടില്ലെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ക്ലബ്ബിന് കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. ക്ലിന്‍സ്മാനെ പുറത്താക്കി ഹെയിന്‍കസിനെ താത്കാലിക കോച്ചായി കൊണ്ടു വന്നു. രണ്ട് വര്‍ഷക്കാലം എല്ലാ തിരക്കില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന ഹെയിന്‍കസ് ബയേണിന്റെ ദുരിതമോര്‍ത്ത് തിരിച്ചെത്തി. അവസാന അഞ്ച് മത്സരങ്ങളില്‍ നാല് ജയം, ഒരു സമനില. ബുണ്ടസ് ലിഗയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത കണ്ടെത്തി.

ബയെര്‍ ലെവര്‍കൂസനെ രണ്ട് വര്‍ഷം മികച്ച രീതിയില്‍ പരിശീലിപ്പിച്ചതിന് ശേഷം ഹെയിന്‍കസ് 2011ല്‍ വീണ്ടും ബയേണിലേക്ക് വന്നു. ആദ്യ സീസണില്‍ മൂന്ന് കിരീടപ്പോരിലും റണ്ണേഴ്‌സപ്പാകാനായിരുന്നു വിധി. ബുണ്ട് ലിഗയിലും ജര്‍മന്‍ കപ്പിലും ബൊറുസിയ ഡോട്മുണ്ടിന് പിറകിലായ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയോടും തോറ്റു.

heynckes

2012-13 സീസണില്‍ ഹെയിന്‍കസിന്റെ ബയേണ്‍ കളിച്ചത് യൂറോപ്പിനെ വിസ്മയിപ്പിച്ച ഫുട്‌ബോളായിരുന്നു. നിരവധി റെക്കോര്‍ഡുകള്‍ കടപുഴകി. ബുണ്ടസ് ലിഗയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (91), ഏറ്റവും ഉയര്‍ന്ന പോയിന്റ് മാര്‍ജിന്‍ (25), സീസണില്‍ കൂടുതല്‍ ജയങ്ങള്‍ (29), കൂടുതല്‍ തുടര്‍ ജയങ്ങള്‍ (14), കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ (21), സീസണിലെ ഏറ്റവും മികച്ച ഗോള്‍ വ്യത്യാസം (+80), കുറച്ച് ഗോളുകള്‍ വഴങ്ങിയ ടീം (18), സീസണിലെ എല്ലാ മത്സരത്തിലും ഗോള്‍, ആകെ ഒരു തോല്‍വി.

ഈ കണക്കുകള്‍ക്കെല്ലാം പുറമെ ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ബയേണ്‍ സ്വന്തമാക്കി. രണ്ട് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന നാലാമത്തെ കോച്ചായി ഹെയിന്‍കസ് മാറി. നേരത്തെ റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയിരുന്നു. ജര്‍മന്‍ ഫുട്‌ബോളിലെ ഇതിഹാസമായ ഫ്രാന്‍സ് ബെക്കന്‍ബൊവര്‍ എക്കാലത്തേയും മികച്ച ബയേണ്‍ മ്യൂണിക് ടീം ആയി വിശേഷിപ്പിച്ചത് 2012-13 സീസണിലെ ടീമിനെയാണ്. ബയേണിന്റെ ഇതിഹാസമായ കാള്‍സ് ഹെയിന്‍സ് റുമിനിഗെയും ഇത് അടിവരയിട്ടു പറഞ്ഞു. ആദ്യമായിട്ടായിരുന്നു ഒരു ജര്‍മന്‍ ക്ലബ്ബ് സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ മൂന്ന് കിരീടങ്ങള്‍ കരസ്ഥമാക്കിയത്.

ഇനി പരിശീലകനാകാനില്ലെന്ന് പറഞ്ഞ് ഹെയിന്‍കസ് ബയേണിനോട് വിട പറഞ്ഞു. ബാഴ്‌സലോണയുടെ ഇതിഹാസ പരിശീലകന്‍ പെപ് ഗോര്‍ഡിയോള ബയേണില്‍ ഹെയിന്‍കസിന്റെ പിന്‍ഗാമിയായെത്തുകയും ചെയ്തു. പക്ഷേ, ബയേണില്‍ പെപ് ഗോര്‍ഡിയോളക്ക് ഹെയിന്‍കസ് പടുത്തുയര്‍ത്തിയ ഉയരത്തിലേക്ക് കയറാന്‍ സാധിച്ചില്ല. 2017-18 സീസണ്‍ ആരംഭിക്കുമ്പോള്‍ കാര്‍ലോ ആഞ്ചലോട്ടിയായിരുന്നു ബയേണിന്റെ കോച്ച്. ലീഗില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ബയേണ്‍ ഏറെ പിറകിലേക്ക് പോയി. അപകടം മണത്തപ്പോള്‍ ക്ലബ്ബ് മാനേജ്‌മെന്റ് വീണ്ടും മറുമരുന്ന് തേടി. ആഞ്ചലോട്ടി പുറത്ത്. ഹെയിന്‍കസില്‍ വീണ്ടും അഭയം പ്രാപിച്ചു.

ഏഴ് മത്സരങ്ങള്‍ ലീഗില്‍ പിന്നിട്ടിരുന്നു അപ്പോള്‍. ഒന്നാം സ്ഥാനത്തുള്ള ബൊറുസിയേക്കാള്‍ അഞ്ച് പോയിന്റ് പിറകില്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിയോട് തോല്‍വിയും. 2017 ഒക്ടോബര്‍ ഒമ്പതിന് ചാര്‍ജ് ഏറ്റെടുത്ത ഹെയിന്‍കസ് ആദ്യ മത്സരത്തില്‍ 5-0ന് ഫ്രീബര്‍ഗിനെ മലര്‍ത്തിയടിച്ചു. ലീഗില്‍ പിന്നീട് ബയേണ്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ഹെയിന്‍കസിന് കീഴില്‍ നാലാം ബുണ്ടസ് ലിഗ ഉയര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള ടീമിനേക്കാള്‍ 21 പോയിന്റ് അധികമായിരുന്നു ബയേണിനെന്ന് ഓര്‍ക്കണം.

ഇനി ഒരു ടീമിനെയും പരിശീലിപ്പിക്കാനില്ലെന്ന് ഹെയിന്‍കസ് തീര്‍ത്തു പറഞ്ഞിരിക്കുന്നു. ബയേണ്‍ പുതിയ പരിശീലകനായി നികോ കോവാകിനെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ബയേണ്‍ തിരിച്ചടി നേരിട്ടാല്‍ ഇടക്ക് വെച്ച് വീണ്ടും പരിശീലകനായി വന്നേക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു ഇത്. എനിക്ക് വയസ് എണ്‍പതിലേക്ക് കടക്കുന്നു. തിരിക്കുകളില്‍ നിന്നെല്ലാം മാറി ഒന്ന് വിശ്രമിക്കണം. ഹെയിന്‍കസിന്റെ മനസില്‍ ഇത്രമാത്രമേ ഇപ്പോഴുള്ളൂ.

കളിക്കാരനായും കോച്ചായും ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ 1037 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മിസ്റ്റര്‍ ബുണ്ടസ് ലിഗയെ ഒന്ന് നമിക്കാം. ഭാര്യ ഐറിസിനൊപ്പം ഒരു ഫുട്‌ബോള്‍ ആരാധകനായി മാത്രം ഇനി സ്‌റ്റേഡിയത്തിലേക്ക് കടന്നു വരുന്ന ഹെയിന്‍കസ് ജര്‍മന്‍ ക്ലബ്ബ് ഫുട്‌ബോള്‍ ലീഗിലെ സുവര്‍ണാധ്യായങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും.

Story first published: Saturday, May 19, 2018, 8:30 [IST]
Other articles published on May 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X