ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റൊബീഞ്ഞോ ജയിലിലേക്ക്!! 9 വര്‍ഷത്തെ തടവ്, കേസ് കൂട്ടബലാല്‍സംഗം

Posted By: Desk

റോം: ഇതിഹാസതാരം പെലെയുടെ പിന്‍ഗാമായി ഫുട്‌ബോളില്‍ അരങ്ങേറിയ ബ്രസീലിന്റെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊബീഞ്ഞോയ്ക്ക് തടവുശിക്ഷ. ഇറ്റലിയിലെ കോടതിയാണ് താരത്തിനു ഒമ്പതു വര്‍ഷത്തെ തടവു വിധിച്ചിരിക്കുന്നത്. പെലെയെപ്പോലെ സാന്റോസ് ക്ലബ്ബിലൂടെ കാല്‍പ്പന്തുകളിയിലേക്ക് ചുവടുവച്ച റൊബീഞ്ഞോ വളരെ പെട്ടെന്നാണ് ചിത്രത്തില്‍ നിന്നും മാഞ്ഞുപോയത്.

ഇപ്പോള്‍ ഇറ്റാലിയന്‍ കോടതിയുടെ വിധി കൂടി വന്നതോടെ റൊബീഞ്ഞോയുടെ ഫുട്‌ബോള്‍ കരിയര്‍ തന്നെ അവതാളത്തിലായിരിക്കുകയാണ്. 2013ല്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് 33 കാരനായ റൊബീഞ്ഞോ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.

കേസ് കൂട്ടബലാല്‍സംഗം

കേസ് കൂട്ടബലാല്‍സംഗം

2013ല്‍ ഇറ്റലിയില്‍ 22കാരിയായ അല്‍ബേനിയന്‍ യുവതിയെ റൊബീഞ്ഞോയും സംഘവും കൂട്ടബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ റൊബീഞ്ഞോ കുറ്റക്കാരനാണെന്ന് ഇറ്റാലിയന്‍ കോടതി വിധിക്കുകയായിരുന്നു.

എസി മിലാനുവേണ്ടി റൊബീഞ്ഞോ കളിച്ചിരുന്ന കാലത്തായിരുന്നു സംഭവം. ഒരു ബാറില്‍ വച്ച് റൊബീഞ്ഞോയും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നു മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ അന്നു റൊബീഞ്ഞോയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

നിരപരാധിയെന്ന് റൊബീഞ്ഞോ

നിരപരാധിയെന്ന് റൊബീഞ്ഞോ

സംഭവത്തില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നാണ് റൊബീഞ്ഞോയുടെ അഭിഭാഷകന്‍ വിശദീകരിക്കുന്നത്. വിചാരണയുടെ ഒരു ഘട്ടത്തിലും റൊബീഞ്ഞോ ഇറ്റലിയിലെ കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നില്ല.
തനിക്കെതിരായ കോടതി വിധിക്കെതിരേ നിയമപരമായി തന്നെ നീങ്ങാനാണ് റൊബീഞ്ഞോ തീരുമാനിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ റൊബീഞ്ഞോ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്. റൊബീഞ്ഞോയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നും അഭിഭാഷകനെ ഉദ്ധരിച്ചുകൊണ്ട് പോസ്റ്റ് വിശദീകരിക്കുന്നു.

തടവ് മാത്രമല്ല പിഴയുമടയ്ക്കണം

തടവ് മാത്രമല്ല പിഴയുമടയ്ക്കണം

ഒമ്പതു വര്‍ഷത്തെ തടവുശിഷ മാത്രമല്ല പരാതിക്കാരിയായ യുവതിക്ക് നഷ്ടപരിഹാരമായി 71,000 ഡോളര്‍ നല്‍കാനും ഇറ്റാലിയന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
തനിക്കെതിരായ വിധിക്കെതിരേ കോടതിയില്‍ രണ്ടു തവണ അപ്പീല്‍ നല്‍കാന്‍ റൊബീഞ്ഞോയ്ക്ക് അവസരം ലഭിക്കും. നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ റൊബീഞ്ഞോയെ തിരികെ കൈമാറാന്‍ ഇറ്റലി ബ്രസീലിനു അപേക്ഷ നല്‍കുകയുള്ളൂ. എന്നാല്‍ ബ്രസീലില്‍ നിലവിലെ നിയമമനുസരിച്ച് അവര്‍ തങ്ങളുടെ രാജ്യത്തുള്ള കുറ്റവാളികളെ മറ്റൊരു രാജ്യത്തിനു കൈമാറാറില്ല.

ബ്രസീലിനായി സെഞ്ച്വറി

ബ്രസീലിനായി സെഞ്ച്വറി

ബ്രസീല്‍ ദേശീയ ടീമിനായി 100 മല്‍സരങ്ങളില്‍ ജഴ്‌സിയണിഞ്ഞിട്ടുള്ള റൊബീഞ്ഞോ 28 ഗോളുകളും നേടിയിട്ടുണ്ട്. ഒരു കാലത്ത് ബ്രസീല്‍ മുന്നേറ്റനിരയിലെ സ്ഥിരസാന്നിധ്യമായിരുന്ന റൊബീഞ്ഞോയ്ക്ക് പിന്നീട് പരിക്കും മോശം ഫോമുമെല്ലാം സ്ഥാനം നഷ്ടമാക്കുകയായിരുന്നു.
സാന്റോസ് ക്ലബ്ബിനെ 2002, 04 വര്‍ഷങ്ങളില്‍ ബ്രസീലിയന്‍ ലീഗില്‍ ജേതാക്കളാക്കിയതോടെയാണ് റൊബീഞ്ഞോ ശ്രദ്ധേയനാവുന്നത്. സാന്റോസിനായി 108 മല്‍സരങ്ങളില്‍ നിന്നു 47 ഗോളുകളും സ്‌ട്രൈക്കര്‍ നേടി. അന്ന് കളിമികവും രൂപസാദൃശ്യവും കൊണ്ട് റൊബീഞ്ഞോയെ പലരും പെലെയുമായി താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പെലെയും പല തവണ ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. 2005ല്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ റൊബീഞ്ഞോയുടെ താരമൂല്യം വര്‍ധിച്ചു. എന്നാല്‍ മൂന്നു വര്‍ഷം മാത്രമേ റൊബീഞ്ഞോ റയല്‍ നിരയില്‍ ഉണ്ടായിരുന്നുള്ളൂ. റയലിനു വേണ്ടി 101 കളികളില്‍ നിന്ന് 25 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

പതനം തുടങ്ങുന്നു

പതനം തുടങ്ങുന്നു

2008ല്‍ റയല്‍ വിട്ട് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയതോടെയാണ് റൊബീഞ്ഞോയുടെ കരിയറിന്റെ പതനം തുടങ്ങിയത്. സിറ്റിക്കായി 41 മല്‍സരങ്ങളില്‍ നിന്നും 14 ഗോളുകള്‍ മാത്രം നേടിയ താരം 2010ല്‍ തന്റെ പഴയ ടീമായ സാന്റോസിലേക്ക് വായ്പയില്‍ തിരിച്ചെത്തി. 2010ല്‍ സാന്റോസില്‍ നിന്ന് എസി മിലാനിലേക്ക് റൊബീഞ്ഞോ ചേക്കേറി. 108 മല്‍സരങ്ങളില്‍ കളിച്ച താരം 25 ഗോളും നേടി. 2014-15 സീസണില്‍ സ്‌ട്രൈക്കര്‍ വീണ്ടും സാന്റോസില്‍ വായ്പയിലെത്തി. 2015ല്‍ ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷു എവര്‍ഗ്രാന്റെയില്‍ അവിടെ ഒരു സീസണ്‍ മാത്രം കളിച്ച് ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലറ്റിക് മിനെയ്‌റോയിലും റൊബീഞ്ഞോയെത്തി. നിലവില്‍ മിനെയ്‌റോയുടെ താരമാണ് സ്‌ട്രൈക്കര്‍.

Story first published: Friday, November 24, 2017, 14:12 [IST]
Other articles published on Nov 24, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍