ബാലണ്‍ ഡിയോര്‍: ഇനി മണിക്കൂറുകള്‍ മാത്രം, ക്രിസ്റ്റി സ്വപ്നം കാണാന്‍ വരട്ടെ, മെസ്സിക്കും സാധ്യത...

Written By:

പാരീസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച അര്‍ധരാത്രിയാടെയാണ് ജേതാവിനെ പ്രഖ്യാപിക്കുക. പതിവുപോലെ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ പട്ടത്തിനായി രണ്ടു പേരാണ് അങ്കം വെട്ടുന്നത്. പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇരുവരും തന്നെയാണ് ഒന്നാംസ്ഥാനത്തിനായി മല്‍സരിക്കുന്നത്.

നേരത്തേ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പട്ടം ക്രിസ്റ്റ്യാനോയ്ക്കായിരുന്നു. മെസ്സിയെയാണ് അദ്ദേഹം അന്നും രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്. ഇത്തവണയും ക്രിസ്റ്റി തന്നെ പുരസ്‌കാരത്തില്‍ മുത്തമിടുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മെസ്സിയെ അങ്ങനെ എഴുതിത്തള്ളുകയും വേണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഫേവറിറ്റായ ക്രിസ്റ്റിയെ പിന്തള്ളി മെസ്സി ജേതാവാനും സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

മെസ്സിക്ക് 5, ക്രിസ്റ്റിക്ക് 4

മെസ്സിക്ക് 5, ക്രിസ്റ്റിക്ക് 4

മെസ്സി അഞ്ചു വട്ടം ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിന് അവകാശിയായിട്ടുണ്ട്. നാലു ട്രോഫികളുമായി ക്രിസ്റ്റി തൊട്ടു താഴെ നില്‍ക്കുന്നു. ഇത്തവണ മറ്റൊരു പുരസ്‌കാരം കൂടി സ്വന്തമാക്കി ക്രിസ്റ്റി മെസ്സിക്കൊപ്പമെത്തുമോയെന്നാണ് ഇനി കാണാനുള്ളത്.
കഴിഞ്ഞ വര്‍ഷം ക്രിസ്റ്റിക്കായിരുന്നു ബാലണ്‍ ഡിയോര്‍. അതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷവും ഉജ്ജ്വല പ്രകടനമാണ് ക്രിസ്റ്റി നടത്തിയത്. റയലിനെ തുടര്‍ച്ചയായ രണ്ടാം ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കും സ്പാനിഷ് ലീഗ് കിരീടത്തിലേക്കും അദ്ദേഹം നയിച്ചിരുന്നു. കൂടാതെ ദേശീയ ടീമിനായും ക്രിസ്റ്റി മിന്നുന്ന പ്രകടനം നടത്തി. എന്നാല്‍ ക്രിസ്റ്റിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ മെസ്സിക്കു കിരീടവിജയങ്ങള്‍ കുറവായിരുന്നു.

പരിഗണിക്കുന്നത് വ്യക്തിഗത മികവ്

പരിഗണിക്കുന്നത് വ്യക്തിഗത മികവ്

ബാലണ്‍ ഡിയോറിന്റെ ഏറ്റവും വലിയ പ്രത്യേകത അത് വ്യക്തിഗത മികവിനാണ് മുന്‍തൂക്കം നല്‍കുന്നത് എന്നാണ്. അതായത് സ്വന്തം ടീമിനൊപ്പമോ രാജ്യത്തിനൊപ്പമോ നേടിയ കിരീടങ്ങള്‍ അത്ര ഗൗരവമായി എടുക്കില്ലെന്നു ചുരുക്കും. അതുകൊണ്ടു തന്നെയാണ് മെസ്സിക്ക് ഇത്തവണ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
കാരണം വ്യക്തിഗത പ്രകടനം പരിഗണിക്കുമ്പോള്‍ ക്രിസ്റ്റിയേക്കാള്‍ ഒരു പടി മുന്നിലാണ് മെസ്സിയെന്നു കണക്കുകള്‍ അടിവരയിടുന്നു.

ക്രിസ്റ്റിയേക്കാള്‍ കേമന്‍ മെസ്സി

ക്രിസ്റ്റിയേക്കാള്‍ കേമന്‍ മെസ്സി

കഴിഞ്ഞ ഒരു വര്‍ഷത്തെ വ്യക്തിഗത പ്രകടനം നോക്കുമ്പോള്‍ ക്രിസ്റ്റിയേക്കാള്‍ മുകളിലാണ് മെസ്സിയുടെ സ്ഥാനം. ക്രിസ്റ്റിയേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടിയത് മെസ്സിയാണ്. അര്‍ജന്റീന സൂപ്പര്‍ താരം 48 തവണ വലകുലുക്കിയപ്പോള്‍ ക്രിസ്റ്റി നേടിയത് 37 ഗോളുകളാണ്. നാലാം തവണയും യൂറോപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും മെസ്സിയെ തേടിയെത്തിയിരുന്നു. ഇതോടെ നാലു യൂറോപ്യന്‍ ബൂട്ടുകളെന്ന ക്രിസ്റ്റിയുടെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹം എത്തി.
കൂടുതല്‍ ഗോളവസരങ്ങളൊരുക്കിയതും മെസ്സി തന്നെയാണ്. 14 ഗോളുകള്‍ക്കാണ് അദ്ദേഹം വഴിവച്ചത്. ക്രിസ്റ്റിയാവട്ടെ എട്ടും. കൂടാതെ ഷോട്ടുകളുടെ കൃത്യതയിലും ക്രിസ്റ്റിയേക്കാള്‍ കേമനാണ് മെസ്സി.

ഈ സീസണിലും മികച്ച ഫോമില്‍

ഈ സീസണിലും മികച്ച ഫോമില്‍

കഴിഞ്ഞ സീസണില്‍ മാത്രമല്ല ഈ സീസണിലും മെസ്സി തകര്‍പ്പന്‍ ഫോമിലാണ്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്കായി ഇതുവരെ 14 കളികളില്‍ നിന്നും 13 ഗോളുകള്‍ മെസ്സി നേടിക്കഴിഞ്ഞു. ക്രിസ്റ്റിയാനോ 10 മല്‍സരങ്ങളില്‍ നേടിയത് രണ്ടു ഗോളുകള്‍ മാത്രമാണ്.
മെസ്സിയുടെ മികവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചും കഴിഞ്ഞു. നിലവിലെ ജേതാക്കള്‍ കൂടിയായ റയലിനേക്കാള്‍ എട്ടു പോയിന്റ് മുന്നിലാണ് ലീഗില്‍ തലപ്പുള്ള ബാഴ്‌സ.

അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത സമ്മാനിച്ചു

അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത സമ്മാനിച്ചു

2018ല റഷ്യന്‍ ലോകകപ്പിലേക്ക് അര്‍ജന്റീനയ്ക്ക് യോഗ്യത സമ്മാനിച്ചത് മെസ്സിയായിരുന്നു. പ്ലേഓഫിന് സമാനമായ അവസാന പൂള്‍ മല്‍സരത്തില്‍ ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചപ്പോള്‍ മെസ്സി ഹാട്രിക്കുമായി മിന്നിയിരുന്നു. മെസ്സിയുടെ വണ്‍മാന്‍ ഷോയാണ് അന്ന് അര്‍ജന്റീനയ്ക്ക് ജയവും ലോകകപ്പ് ബെര്‍ത്തും നേടിക്കൊടുത്തത്.

Story first published: Thursday, December 7, 2017, 15:15 [IST]
Other articles published on Dec 7, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍