ഇന്നും ഓര്‍മയില്‍ ആവേശം... മറക്കുന്നതെങ്ങനെ ആ മല്‍സരങ്ങള്‍, ഐഎസ്എല്ലിലെ ക്ലാസിക്കുകള്‍...

Written By:

മുംബൈ: ഐഎസ്എല്ലിന്റെ നാലാം സീസണിന് വിസില്‍ മുഴങ്ങാനിരിക്കെ കഴിഞ്ഞ മൂന്നു സിസണുകളിലെ ഓര്‍മകള്‍ അയവിറക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. ആരാധകരുടെ മനസ്സില്‍ ഇന്നും ആവേശം വിതറുന്ന ചില സൂപ്പര്‍ പോരാട്ടങ്ങളാണ് കഴിഞ്ഞ മൂന്നു സീസണിനിടെ ഉണ്ടായത്.
കേരള ബ്ലാസ്‌റ്റേഴ്‌സ്, അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തുടങ്ങിയ ടീമുകളുടെല്ലാം മല്‍സരങ്ങള്‍ ഈ ലിസ്റ്റിലുണ്ട്. ഒരിക്കല്‍ക്കൂടി ആരാധകര്‍ കാണാനാഗ്രഹിക്കുന്ന ചില ത്രില്ലറുകളിലേക്ക് കണ്ണോടിക്കുകയാണ് ഇവിടെ. ഐഎസ്എല്ലിന്റെ എക്കാലത്തെയും മികച്ച ക്ലാസിക്ക് പോരാട്ടങ്ങളായി ആരാധകര്‍ വിലയിരുത്തുന്ന ഏഴു മല്‍സരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഈ ഏഴു കളികളില്‍ മൂന്നും ബ്ലാസ്റ്റേഴ്സിന്‍റേതാണെന്നതാണ് ശ്രദ്ധേയം.

 എഫ്‌സി ഗോവ- കൊല്‍ക്കത്ത (2014)

എഫ്‌സി ഗോവ- കൊല്‍ക്കത്ത (2014)

2014ലെ പ്രഥമ ഐഎസ്എല്‍ സീസണില്‍ നടന്ന എഫ്‌സി ഗോവ- അത്‌ലറ്റിതോ ഡി കൊല്‍ക്കത്ത മല്‍സരം വിവാദം കൊണ്ടും വാശി കൊണ്ടും ഇന്നും ആരാധകര്‍ ഓര്‍ക്കുന്നു. കളിക്കിടെ ഗോവന്‍ താരം ഗ്രെഗറി ആര്‍ണോലിനെ കൊല്‍ക്കത്ത സ്‌ട്രൈക്കര്‍ ഫിക്രു ടെഫേര ലമേസ്സ തല കൊണ്ട് ഇടിച്ചുവീഴ്ത്തിയത് വലിയ വിവാദമായിരുന്നു.
ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ അനുകരിച്ചതിന് രണ്ടു മല്‍സരങ്ങളിലാണ് എത്യോപ്യന്‍ സ്‌ട്രൈക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കൂടാതെ അഞ്ചു ലക്ഷം രൂപ താരത്തിനു പിഴ ചുമത്തുകയും ചെയ്തിരുന്നു. കളിയും കൈയാങ്കളിയുമെല്ലാം കണ്ട മല്‍സരത്തില്‍ കൊല്‍ക്കത്ത 2-1ന് ജയിച്ചു കയറി.

ബ്ലാസ്റ്റേഴ്‌സ് - കൊല്‍ക്കത്ത (2014)

ബ്ലാസ്റ്റേഴ്‌സ് - കൊല്‍ക്കത്ത (2014)

പ്രഥമ ഐഎസ്എല്‍ ഫൈനല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഇന്നും നൊമ്പരപ്പെടുത്തുന്ന മല്‍സരമാണ്. മല്‍സരത്തില്‍ ഇരുടീമും ഒരു പോലെ വീറോടെ പോരാടിയപ്പോള്‍ കളി ശരിക്കുമൊരു ത്രില്ലറായി മാറി. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നിരിക്കെ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റഫീഖിന്റെ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ കണ്ണീരണിയിക്കുകയായിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്
സിന് ഈ ഗോള്‍ ശരിക്കുമൊരു ഷോക്കായിരുന്നു. എതിരില്ലാത്ത ഒരു ഗോള്‍ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത കന്നി ടൂര്‍ണമെന്റില്‍ ജേതാക്കളാവുകയും ചെയ്തു.

ഗോവ- മുംബൈ സിറ്റി (2015)

ഗോവ- മുംബൈ സിറ്റി (2015)

ഗോള്‍മഴ കണ്ട മല്‍സരമായിരുന്നു രണ്ടാം സീസണില്‍ എഫ്‌സി ഗോവയും മുംബൈ സിറ്റിയും തമ്മിലുള്ള കളി. ഫറ്റോര്‍ഡയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോവ നിറഞ്ഞാടുകയായിരുന്നു. ഏകപക്ഷീയമായ ഏഴു ഗോളുകളുടെ വമ്പന്‍ ജയമാണ് മല്‍സരത്തില്‍ ഗോവ നേടിയത്.
സ്‌ട്രൈക്കര്‍മാരായ തോങ്‌കോസെപ് ഹവോപിക്, ഡുഡു ഒമാഗ്‌ബെനി എന്നിവരുടെ ഹാട്രിക്കാണ് ഗോവയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം കൂടിയാണിത്. ഐഎസ്എല്ലിലെ നൂറാമത് മല്‍സരമെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്.

ബ്ലാസ്‌റ്റേഴ്‌സ് - മുംബൈ (2016)

ബ്ലാസ്‌റ്റേഴ്‌സ് - മുംബൈ (2016)

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും ഇത്. ഉറുഗ്വേയുടെ ഇതിഹാസ സ്‌ട്രൈക്കര്‍ ഡിയേഗോ ഫോര്‍ലാന്‍ ഏറക്കുറെ ഒറ്റയ്ക്കു തന്നെ ബ്ലാസ്റ്റേഴ്‌സിനെ തീര്‍ക്കുകയായിരുന്നു. കളിയില്‍ ഫോര്‍ലാന്‍ ഹാട്രിക്ക് നേടിയതോടെ മുംബൈ 5-0ന്റെ വമ്പന്‍ ജയം കൊയ്യുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ആദ്യ ഹാട്രിക്ക് കൂടിയായിരുന്നു ഇത്.
ഫോര്‍ലാനെ മുംബൈ കോച്ച് കയറൂരിവിട്ടപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തകര്‍ത്ത് താരം ഗോളുകള്‍ വാരിക്കൂട്ടുകയായിരുന്നു.

 ഗോവ- ചെന്നൈ (2016)

ഗോവ- ചെന്നൈ (2016)

കഴിഞ്ഞ സീസണില്‍ നടന്ന ഗോവ-ചെന്നൈയ്ന്‍ എഫ്‌സി മല്‍സരം ശരിക്കുമൊരു ക്ലാസിക്കായിരുന്നു. ഒന്നിനു പിറകെ ഒന്നായി ഇരുടീമും ഗോള്‍ നേടാന്‍ മല്‍സരിച്ചപ്പോള്‍ കളിയില്‍ കണ്ടത് ഒമ്പത് ഗോളുകള്‍. ഒടുവില്‍ 5-4ന്റെ വിജയവുമായി ഗോവ തങ്ങളുടെ മികച്ച വിജയങ്ങളിലൊന്നു സ്വന്തമാക്കുകയായിരുന്നു. 94ാം മിനിറ്റിലായിരുന്നു ഗോവയുടെ വിജയഗോള്‍ പിറന്നത്. ടവോരയാണ് അന്ന് ഗോവയ്ക്കായി ഗോള്‍ നേടിയ ഹീറോയായത്.
മല്‍സരം 4-4നു സമനിലയില്‍ കലാശിക്കുമെന്ന് ഏവരും കരുതിയിരിക്കെയാണ് ഗോവയുടെ വിജയഗോള്‍ പിറന്നത്.

ബ്ലാസ്റ്റേഴ്‌സ്- കൊല്‍ക്കത്ത (2016)

ബ്ലാസ്റ്റേഴ്‌സ്- കൊല്‍ക്കത്ത (2016)

വീണ്ടുമൊരിക്കല്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയ മല്‍സരം. 2014ലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു കഴിഞ്ഞ സീസണില്‍ കണ്ടത്. 2014ലെ തോല്‍വിക്കു പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ മഞ്ഞപ്പട ആരാധകരുടെ വന്‍ പിന്തുണയോടെ ആദ്യം മുന്നിലെത്തിയിരുന്നു. മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്.
എന്നാല്‍ ഗോള്‍ മടക്കി കൊല്‍ക്കത്ത മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു. ഷൂട്ടൗട്ടില്‍ 4-3ന്റെ ജയത്തോടം കൊല്‍ക്കത്ത ഒരിക്കല്‍ക്കൂടി ജേതാക്കളാവുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സ് താരം സെഡ്രിങ് ഹെര്‍ബേര്‍ട്ട് പെനല്‍റ്റി പാഴാക്കിയപ്പോള്‍ ജ്വല്‍ രാജയുടെ ഗോള്‍ കൊല്‍ത്തക്കത്തയെ വിജയികളാക്കുകയായിരുന്നു.

ചെന്നൈ- ഗോവ (2015)

ചെന്നൈ- ഗോവ (2015)

രണ്ടാം സീസണില്‍ ചെന്നൈയ്ന്‍ എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലുള്ള ഫൈനല്‍ ശരിക്കുമൊരു കലാശക്കളി തന്നെയായിരുന്നു. അഞ്ചു ഗോളുകള്‍ കണ്ട ക്ലാസിക്കില്‍ ഒടുവില്‍ ചെന്നൈ തങ്ങളുടെ കന്നിക്കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.
മല്‍സരത്തില്‍ ഗോവ 2-1ന്റെ വിജയവും കിരീടവും ഉറപ്പാക്കിയിരിക്കെയായിരുന്നു അപ്രതീക്ഷിത ടേണിങ് പോയിന്റ്. ഇഞ്ചുറിടൈമില്‍ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി ചെന്നൈ ഗോവയെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കി.
ഗോവന്‍ ഗോള്‍കീപ്പര്‍ കട്ടിമണി ഈ മല്‍സരത്തിനു ശേഷം ദുരന്തനായകനാവുകയും ചെയ്തു. കട്ടിമണിക്കു പറ്റിയ പിഴവില്‍ നിന്നാണ് ചെന്നൈ മല്‍സരത്തില്‍ സമനില ഗോള്‍ നേടിയത്.

Story first published: Wednesday, November 15, 2017, 16:18 [IST]
Other articles published on Nov 15, 2017
Please Wait while comments are loading...
POLLS