IPL 2020: യുഎഇയില്‍ അവസാന ഐപിഎല്‍ കളിക്കുന്നവര്‍- ഇനിയൊരു സീസണില്‍ കണ്ടേക്കില്ല

ഐപിഎല്ലിന്റെ 13ാം സീസണ്‍ ചില വെറ്ററന്‍ സൂപ്പര്‍ താരങ്ങളുടെ വിടവാങ്ങല്‍ കൂടിയായിരിക്കും. ഒരുപക്ഷെ ഇനിയൊരു ഐപിഎല്ലില്‍ക്കൂടി ഈ താരങ്ങളെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടെന്നു വരില്ല. വിടവാങ്ങല്‍ ടൂര്‍ണമെന്റ് അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇവര്‍ യുഎഇയിലേക്കു പറക്കുക. കിരീട വിജയത്തോടെ ഐപിഎല്ലിനോടു വിട പറയാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയൊരു അഭിമാനമുഹൂര്‍ത്തം ഈ താരങ്ങള്‍ക്കു ലഭിക്കാനില്ല.

സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുക. ഷാര്‍ജ, ദുബായ്, അബുദാബി എന്നീവിടങ്ങളിലെ മൂന്നു സ്റ്റേഡിയങ്ങളിലായിരിക്കും മല്‍സരങ്ങള്‍. കരിയറിലെ അവസാന ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്)

ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്)

ശ്രീലങ്കയുടെ പേസ് വിസ്മയവും യോര്‍ക്കര്‍ കിങുമായ ലസിത് മലിങ്കയ്ക്കു ഇനിയുമൊരു ഐപിഎല്ലിനു ബാല്യമുണ്ടാവാന്‍ സാധ്യതയില്ല. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ അദ്ദേഹം മുംബൈയുടെ കടും നീല ജഴ്‌സിയിലുണ്ട്. തുടര്‍ച്ചയായി 12 സീസണുകള്‍ മുംബൈ 'വീടാക്കിയ' മലിങ്ക യുഎഇയില്‍ ഈ വീട്ടില്‍ നിന്നും പടിയിറങ്ങാനാണ് സാധ്യത. ഐപിഎല്ലില്‍ ഇതിനകം 122 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 170 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞതും മുംബൈയ്ക്കു ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചതും മലിങ്കയായിരുന്നു. അവസാന ഓവറില്‍ അദ്ദേഹം രണ്ടു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്ന ടി20 ലോകകപ്പിനു ശേഷം താന്‍ വിരമിക്കുമെന്ന് നേരത്തേ മലിങ്ക വ്യക്തമാക്കിയിരുന്നു. കൊവിഡ് കാരണം ലോകകപ്പ് മാറ്റിയതിനാല്‍ ഐപിഎല്ലിനു ശേഷം അദ്ദേഹം വിരമിക്കാന്‍ സാധ്യതയേറെയാണ്.

ക്രിസ് ഗെയ്ല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ക്രിസ് ഗെയ്ല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെയും ഇനിയൊരു ഐപിഎല്ലില്‍ കാണുമോയെന്ന കാര്യം സംശയമാണ്. ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് 40 കാരനായ ഗെയ്ല്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലാണ് അദ്ദേഹം അവസാനമായി വിന്‍ഡീസിനു വേണ്ടി കളിച്ചത്.

നിലവില്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് ഗെയ്ല്‍ കളിക്കുന്നത്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായും അദ്ദേഹം ഇറങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 125 മല്‍സരങ്ങളില്‍ നിന്നും 151.02 സ്‌ട്രൈക്ക്‌റേറ്റോടെ 4484 റണ്‍സ് ഗെയ്ല്‍ അടിച്ചെടുത്തിട്ടുണ്ട്.

അമിത് മിശ്ര (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

അമിത് മിശ്ര (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ അവസരം ലഭിക്കാതിരുന്ന താരമാണ് സ്പിന്നര്‍ അമിത് മിശ്ര. എന്നാല്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് മിശ്ര കാഴ്ചവച്ചിട്ടുള്ളത്. നിലവില്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി പന്തെറിയുന്ന അദ്ദേഹം നേരത്തേ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്നു.

കഴിഞ്ഞ കുറച്ചു സീസണുളില്‍ മിശ്രയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പ്രായം 37 ആയതിനാല്‍ തന്നെ ഇനിയൊരു സീസണ്‍ കൂടി അദ്ദേഹത്തെ ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യത കുറവാണ്.

ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടുകളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. 40 കാരനായ താഹിര്‍ കഴിഞ്ഞ രണ്ടു സീസണുകളിലും സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലുണ്ട്. കഴിഞ്ഞ സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും 26 വിക്കറ്റുകള്‍ കൊയ്ത അദ്ദേഹം ടീമിനെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

പാകിസ്താന്‍ വംശജന്‍ കൂടിയായ താഹിര്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ ഐപിഎല്‍ കൂടി കളിച്ച് താരം കളി മതിയാക്കാനാണ് സാധ്യത.

ഹര്‍ഭജന്‍ സിങ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ഹര്‍ഭജന്‍ സിങ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മറ്റൊരു വെറ്ററന്‍ താരമാണ് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം കൂടിയായ ഹര്‍ഭജന്‍ സിങ്. കഴിഞ്ഞ സീസണിനു ശേഷം ഭാജി വിരമിച്ചേക്കുമെന്നായിരുന്നു പലരും കരുതിയതെങ്കിലും അതുണ്ടായില്ല. ഭാവിയെക്കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചിരുന്നില്ല.

പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഭാജി. 10 സീസണ്‍ മുംബൈയ്ക്കു വേണ്ടി കളിച്ച അദ്ദേഹത്തെ 2017ലെ സീസണിനു ശേഷം ഫ്രാഞ്ചൈസി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് എംഎസ് ധോണിയുടെ സിഎസ്‌കെ അദ്ദേഹത്തിന് അവസരം നല്‍കിയത്. ആദ്യ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം നേടാനും കഴിഞ്ഞ സീസണില്‍ റണ്ണറപ്പാവാനും ഭാജിക്കു കഴിഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ 160 മല്‍സരങ്ങളില്‍ നിന്നും 150 വിക്കറ്റുകളാണ് സ്പിന്നറുടെ സമ്പാദ്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, August 4, 2020, 12:44 [IST]
Other articles published on Aug 4, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X