ഐപിഎല്‍: റണ്‍മല തീര്‍ത്തിട്ടും ചെപ്പോക്കില്‍ കൊല്‍ക്കത്തയ്ക്കു പിഴച്ചതെവിടെ? ഇതാ അഞ്ചു കാരണങ്ങള്‍...

Written By:

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വിട്ടുപോയിട്ടില്ല. ആദ്യം ബാറ്റ് ചെയ്ത ശേഷം 202 റണ്‍സ് അടിച്ചുകൂട്ടിയിട്ടും മല്‍സരം കൈവിടേണ്ടിവന്നത് കൊല്‍ക്കത്തയെ നിരാശരാക്കിയിട്ടുണ്ട്. ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിങ് മാറ്റിനിര്‍ത്തിയാല്‍ കളിയുടെ മറ്റു മേഖലകളിലെല്ലാം നിറംമങ്ങിയതായണ് കെകെആറിന്റെ വീഴ്ചയ്ക്കു കാരണം.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്തയ്ക്കു നേരിട്ട തോല്‍വിയുടെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

അവസാന ഓവറുകളിലെ മോശം ബൗളിങ്

അവസാന ഓവറുകളിലെ മോശം ബൗളിങ്

അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ ശേഷിയുള്ള മികച്ച ബൗളര്‍ കൊല്‍ക്കത്തയ്ക്കില്ലെന്ന് തുറന്നു കാട്ടിയ മല്‍സരം കൂടിയായിരുന്നു ഇത്. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് പരിക്കുമൂലം ടൂര്‍ണമന്റില്‍ നിന്നു പിന്‍മാറിയത് കൊല്‍ക്കത്തയ്ക്കു കനത്ത കതിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ക്കിനു പകരം ടോം ക്യുറാനെ കൊണ്ടുവന്നെങ്കിലും താരം നിരാശപ്പെടുത്തി.
നാട്ടുകാരന്‍ കൂടിയായ ചെന്നൈ താരം സാം ബില്ലിങ്‌സില്‍ നിന്ന് നല്ല തല്ലാണ് ക്യുറാന്‍ ഏറ്റുവാങ്ങിയത്. മൂന്നു സിക്‌സറുകളാണ് ക്യുറാനെതിരേ ബില്ലിങ്‌സ് നേടിയത്. ബാറ്റിങില്‍ കസറിയ ആന്ദ്രെ റസ്സല്‍ ബൗളിങില്‍ പരാജയമായി മാറി. താരത്തിന്റെ 18ാം ഓവറില്‍ 15 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്. അവസാന ഓവറില്‍ ചെന്നൈക്കു ജയിക്കാന്‍ 17 റണ്‍സ് വേണമായിരുന്നു. പക്ഷെ ആര്‍ വിനയ് കുമാറിന്റെ മോശം ബൗളിങ് ഒരു പന്ത് ബാക്കിനില്‍ക്കെ ചെന്നൈ വിജയത്തിലെത്താന്‍ സഹായിച്ചു.

 ബില്ലിങ്‌സിന്റെ ക്യാച്ച് കൈവിട്ടു

ബില്ലിങ്‌സിന്റെ ക്യാച്ച് കൈവിട്ടു

മല്‍സരത്തില്‍ ചെന്നൈയുടെ ടോപ്‌സ്‌കോററായ ബില്ലിങ്‌സിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിനു വലിയ വിലയാണ് കൊല്‍ക്കത്തയ്ക്കു നല്‍കേണ്ടിവന്നത്. വ്യക്തിഗത സ്‌കോര്‍ ഒമ്പത് റണ്‍സില്‍ നില്‍ക്കവെയായിരുന്നു ഇത്. ക്യുറാന്റെ ബൗളിങില്‍ ബില്ലിങ്‌സ് നല്‍കിയ അനായാസ അവസരം റോബിന്‍ ഉത്തപ്പ പാഴാക്കുകയായിരുന്നു.
ജീവന്‍ തിരിച്ചുകിട്ടിയ ബില്ലിങ്‌സ് പിന്നീട് 23 പന്തില്‍ 56 റണ്‍സ് വാരിക്കൂട്ടി ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തു.

പവര്‍പ്ലേ മുതലെടുത്ത് ചെന്നൈ

പവര്‍പ്ലേ മുതലെടുത്ത് ചെന്നൈ

203 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്കു ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സനും അമ്പാട്ടി റായുഡുവും ചേര്‍ന്ന് ആഗ്രഹിച്ച തുടക്കമാണ് നല്‍കിയത്. വിനയ് കുമാറിന്റെ ആദ്യ ഓവറില്‍ 16 റണ്‍സെടുത്താണ് വാട്‌സന്‍ തുടങ്ങിയത്. റായുഡുവും മികച്ച പിന്തുണയാണ് നല്‍കിയത്.
നാലാം ഓവറില്‍ പിയൂഷ് ചൗളയ്‌ക്കെതിരേ റായുഡു നേടിയത് 17 റണ്‍സാണ്. ആറാം ഓവറിലെ അവസാന പന്തില്‍ വാട്‌സന്‍ പുറത്തായെങ്കിലും അപ്പോഴേക്കും ചെന്നൈയുടെ സ്‌കോര്‍ 75 ലെത്തിയിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ പവര്‍പ്ലേയില്‍ ഒരു ടീംന നേടിയ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

 മധ്യനിരയിലെ തകര്‍ച്ച

മധ്യനിരയിലെ തകര്‍ച്ച

മല്‍സരത്തില്‍ കൊല്‍ക്കത്തയുടെ തുടക്കം മികച്ചതായിരുന്നു. ആദ്യ ആറോവറില്‍ രണ്ടു വിക്കറ്റിന് 64 റണ്‍സെടുക്കാനും അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ പിന്നീട് അപ്രതീക്ഷിത തകര്‍ച്ചയാണ് അവര്‍ക്കു നേരിട്ടത്. ടീം സ്‌കോര്‍ 80ല്‍ നില്‍ക്കെ മൂന്നാം വിക്കറ്റും 81ല്‍ നാലാം വിക്കറ്റും 89ല്‍ അഞ്ചാം വിക്കറ്റും കൊല്‍ക്കത്തയ്ക്കു നഷ്ടമായി.
റാണയെ പുറത്താക്കി വാട്‌സനാണ് കൊല്‍ക്കത്തയ്ക്കു ആദ്യ പ്രഹരമേല്‍പ്പിച്ചത്. തൊട്ടടുത്ത പന്തില്‍ ഉത്തപ്പയും ക്രീസ് വിട്ടു. തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെ സുരേഷ് റെയ്‌ന ഉത്തപ്പയെ റണ്ണൗട്ടാക്കുകയായിരുന്നു. 16 പന്തില്‍ 29 റണ്‍സുമായി മികച്ച ഫോമില്‍ നില്‍ക്കവെയാണ് താരത്തിന്റെ അപ്രതീക്ഷിത പുറത്താവല്‍.

 ഓപ്പണിങ് പരാജയം

ഓപ്പണിങ് പരാജയം

കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷിച്ചൊരു തുടക്കമല്ല ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ക്രിസ് ലിന്നും നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ രണ്ടു സിക്‌സറുകള്‍ പറത്തി നരെയ്ന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. ടീം സ്‌കോര്‍ 19ല്‍ നില്‍ക്കെ ഹര്‍ഭജന്‍ സിങിന്റെ ബൗളിങില്‍ നരെയ്‌നെ സുരേഷ് റെയ്‌ന പിടികൂടുകയായിരുന്നു.
മികച്ച ചില ഷോട്ടുകള്‍ കളിച്ച ലിന്നിനും അധികം ആയുസ്സുണ്ടായില്ല. 16 പന്തില്‍ 22 റണ്‍സെടുത്ത ലിന്നിനെ രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. അനാവശ്യ ഷോട്ടുകള്‍ കളിച്ചാണ് നരെയ്‌നും ലിന്നും പുറത്തായത്. ഇനിയുള്ള കളികളില്‍ ഇരുവരും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത.

ഐപിഎല്‍: തോറ്റവര്‍ വീണ്ടും അങ്കത്തട്ടില്‍... റോയലാവാന്‍ രാജസ്ഥാന്‍, ഗംഭീറിനും ചിലത് തെളിയിക്കണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് സുവര്‍ണ 'ശ്രേയസ്സ്'... 12ാം സ്വര്‍ണം, നേട്ടം ഷൂട്ടിങില്‍

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 11, 2018, 12:45 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍