ഐപിഎല്‍: മഴക്കളിയില്‍ രാജസ്ഥാന്‍ നേടി, ഡല്‍ഹിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

Written By:
IPL 2018: മഴക്കളിയിൽ രാജസ്ഥാന് വിജയം | Oneindia Malayalam

ജയ്പൂര്‍: ഐപിഎല്ലിലെ ആറാം മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു വിജയം. ഡക് വര്‍ത്ത് ലൂയിസ് നിയപ്രകാരം 10 റണ്‍സിനാണ് രാജസ്ഥാന്‍ ഡല്‍ഹിയെ മറികടന്നത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ആദ്യ വിജയം കൂടിയാണിത്. എന്നാല്‍ ഡല്‍ഹിക്ക് തുടരെ രണ്ടാമത്തെ കളിയിലാണ് പരാജയം നേരിടുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഹോംഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവ് ജയത്തോടെ ആഘോഷിക്കാനും രാജസ്ഥാനു സാധിച്ചു.

ഹോംഗ്രൗണ്ടിലെ അപരാജിത റെക്കോര്‍ഡ് രാജസ്ഥാന്‍ ഇതോടെ കാത്തുസൂക്ഷിക്കുകയും ചെയ്തു. ഹോംഗ്രൗണ്ടില്‍ അവരുടെ തുടര്‍ച്ചയായ ഒമ്പതാം വിജയമായിരുന്നു ഇത്.

മഴയുടെ വരവ്

മഴയുടെ വരവ്

രാജസ്ഥാന്‍ 17.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 153 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴ വില്ലനായി എത്തിയത്. തുടര്‍ന്നു രണ്ടു മണിക്കൂറോളം മല്‍സരം നിര്‍ത്തിവയ്ക്കുകയും ചെയ്തു. മല്‍സരം പുനരാരംഭിച്ചപ്പോള്‍ ഡക് വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് ഡല്‍ഹിയുടെ വിജയലക്ഷ്യം ആറോവറില്‍ 71 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ നാലു വിക്കറ്റിന് 60 റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ. റിഷഭ് പന്ത് (20), ഗ്ലെന്‍ മാക്‌സ് വെല്‍ (17), ക്രിസ് മോറിസ് (17*) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. രാജസ്ഥാനു വേണ്ടി ബെന്‍ ലോഗ്ലിന്‍ രണ്ടും ജയദേവ് ഉനാട്കട്ട് ഒരു വിക്കറ്റും വീഴ്ത്തി.

രക്ഷകരായി രഹാനെ, സഞ്ജു

രക്ഷകരായി രഹാനെ, സഞ്ജു

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും (45) മലയാളി താരം സഞ്ജു സാംസണിന്റെയും (37) ഇന്നിങ്‌സുകളാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി നേടാനായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ കളിയിലും രാജസ്ഥാന്റെ ഒരു താരം പോലും 50 റണ്‍സ് തികച്ചിരുന്നില്ല.
ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 40 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് രഹാനെ 45 റണ്‍സെടുത്ത് ടീമിന്റെ ടോപ്‌സ്‌കോററായത്. സഞ്ജു 22 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും നേടി.

ടോസ് ഡല്‍ഹിക്ക്

ടോസ് ഡല്‍ഹിക്ക്

ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ എതിരാളികളോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡാര്‍സി ഷോര്‍ട്ടാണ് (6) ആദ്യം പുറത്തായത്. താരം റണ്ണൗട്ടാവുകയായിരുന്നു. രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 11 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വെടിക്കെട്ട് താരം ബെന്‍ സ്‌റ്റോക്‌സാണ് പിന്നീട് ക്രീസ് വിട്ടത്. 12 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമുള്‍പ്പെടെ 16 റണ്‍സ് നേടിയ സ്റ്റോക്‌സിനെ ബോള്‍ട്ടിന്റെ പന്തില്‍ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. ടീം സ്‌കോര്‍ 28ല്‍ നില്‍ക്കവെയായിരുന്നു സ്റ്റോക്‌സിന്റെ മടക്കം. പിന്നീട് ക്രീസില്‍ ഒരുമിച്ച രഹാനെ- സഞ്ജു ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു.

 മാറ്റങ്ങളുമായി ഇരുടീമും

മാറ്റങ്ങളുമായി ഇരുടീമും

ആദ്യറൗണ്ടില്‍ തോല്‍വിയേറ്റുവാങ്ങിയ ഇരുടീമും വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്. രാജസ്ഥാന്‍ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെത്തന്നെ നിലനിര്‍ത്തിയപ്പോള്‍ രണ്ടു മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങിയത്. അമിത് മിശ്ര, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ക്കു പകരം ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹബാസ് നദീം എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.

പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, ബെന്‍ സ്‌റ്റോക്‌സ്, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, ജോസ് ബട്‌ലര്‍, കെ ഗൗതം, ശ്രേയസ് ഗോപാല്‍, ധവാല്‍ കുല്‍കര്‍ണി, ജയദേവ് ഉനാട്കട്ട്, ലോഗ്ലിന്‍.
ഡല്‍ഹി: ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), കോൡന്‍ മണ്‍റോ, ശ്രേയസ് അയ്യര്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത്, രാഹുല്‍ തെവാട്ടിയ, ക്രിസ് മോറിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹബാസ് നദീം, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 11, 2018, 20:20 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍