സച്ചിന്റെ പിന്‍ഗാമി, ഇന്ത്യയുടെ പുതിയ പോസ്റ്റര്‍ ബോയ്... പൃഥ്വി ഷാ- ഇന്ത്യന്‍ സെന്‍സേഷനെ അടുത്തറിയാം

Written By:

മുംബൈ: വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു പോസ്റ്റര്‍ ബോയിയെ കൂടി ലഭിച്ചിരിക്കുന്നു- പൃഥ്വി ഷാ. സ്‌കൂള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് പ്രകടനത്തിലൂടെയും പിന്നീട് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റനായും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് 18 കാരന്‍. ഇപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന താരത്തിന്റെ ദേശീയ ടീമിലേക്കുള്ള വരവ് അധികം വൈകില്ലെന്നാണ് സൂചന.

പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയും ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് ശൈലിയുമായുള്ള സാമ്യവും പൃഥ്വിയെ ലോക ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനാക്കി മാറ്റിക്കഴിഞ്ഞു. എന്നാല്‍ ഏറെ വെല്ലുവിളികള്‍ അതിജിവിച്ചാണ് പൃഥ്വി അടുത്ത ഇന്ത്യന്‍ സൂപ്പര്‍ താരമെന്ന പദവിക്കരികില്‍ നില്‍ക്കുന്നത്.

താങ്ങും തണലുമായി അച്ഛന്‍

താങ്ങും തണലുമായി അച്ഛന്‍

പൃഥ്വിയെ മികച്ച ക്രിക്കറ്ററാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അച്ഛന്‍ പങ്കജാണ്. അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും കഠിനാധ്വാനവുമാണ് പൃഥ്വ്വിയുടെ കരിയറിനു കരുത്തായത്. ക്രിക്കറ്ററാവണമെന്ന മകന്റെ സ്വപ്‌നത്തിന് തുടക്കം മുതല്‍ താങ്ങും തണലുമായി അച്ഛനുണ്ടായിരുന്നു.
മുംബൈക്ക് അടുത്തുള്ള പല്‍ഗര്‍ ജില്ലയിലെ വിരാറെന്ന സ്ഥലത്താണ് പൃഥ്വി ജനിച്ചത്. മൂന്നു വയസ്സ് മാത്രമുള്ളപ്പോള്‍ അസാമാന്യമായ തരത്തില്‍ ബാറ്റ് ചെയ്ത പൃഥ്വിയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് സന്തോഷ് പിംഗുല്‍ക്കറെന്ന കോച്ചായിരുന്നു.

അമ്മയെ ചെറുപ്പത്തില്‍ നഷ്ടമായി

അമ്മയെ ചെറുപ്പത്തില്‍ നഷ്ടമായി

നാലാം വയസ്സില്‍ തന്നെ അമ്മ മരിച്ചതിനെ തുടര്‍ന്നു പൃഥ്വിയുടെ എല്ലാം പിന്നെ അച്ഛനായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ചെലവിട്ടത് മകനു വേണ്ടിയായിരുന്നു. മകനെ ഒരു ക്രിക്കറ്റ് താരമാക്കി മാറ്റാന്‍ പങ്കജ് രാപ്പകല്‍ ഇല്ലാതെ പരിശ്രമിച്ചു.
പുലര്‍ച്ചെ 4.30ന് എഴുന്നേറ്റ് പ്രഭാതഭക്ഷണം തയ്യാറാക്കി ആറു മണിക്കു വിരാറില്‍ നിന്നും ലോക്കല്‍ ട്രെയ്‌നില്‍ പൃഥ്വിയെ മുംബൈിലെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് പരിശീലനത്തിനു കൊണ്ടുപോയിരുന്നത് പങ്കജായിരുന്നു.

ദൈര്‍ഘ്യമേറിയ യാത്ര

ദൈര്‍ഘ്യമേറിയ യാത്ര

അച്ഛന്റെ തോളിലിരുന്ന് 70 കിലോമീറ്ററിലേറെ ദൂരമാണ് ക്രിക്കറ്റ് കിറ്റുമായി പൃഥ്വി ദിവസവും യാത്ര ചെയ്തത്. ചുട്ടുപൊള്ളുന്ന വെയിലത്തും തളരാതെ പൃഥ്വിക്കു പരിശീലനം നടത്താന്‍ പ്രചോദനമായത് അച്ഛനായിരുന്നു. മകന്‍ കളിച്ച എല്ലാ മല്‍സരങ്ങള്‍ക്കും സാക്ഷിയായി പങ്കജ് ഉണ്ടായിരുന്നു. മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അദ്ദേഹം നോക്കിക്കണ്ടു.
നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ പൃഥ്വിക്കെതിരേ ബൗളര്‍മാര്‍ പന്തെറിഞ്ഞ് ക്ഷീണിച്ചപ്പോള്‍ മണിക്കൂറുകളോളം മകന് പന്തെറിഞ്ഞുകൊടുത്തത് പങ്കജായിരുന്നു. പങ്കജിന്റെ നിരന്തരമുള്ള പരിശ്രമങ്ങള്‍ പിന്നീട് പല തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളും പൃഥ്വിക്കു നേടിക്കൊടുത്തു.

സ്‌കൂള്‍ ക്രിക്കറ്റിലൂടെ വരവറിയിച്ചു

സ്‌കൂള്‍ ക്രിക്കറ്റിലൂടെ വരവറിയിച്ചു

വ്യത്യസ്ത പ്രായത്തിലുള്ള സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൂടെയാണ് പൃഥ്വിയുടെ കരിയറില്‍ വഴിത്തിരിവുണ്ടായത്. 2007ല്‍ അണ്ടര്‍ 14 താരങ്ങളുടെ വിനൂ മങ്കാദ് ട്രോഫിയില്‍ കളിച്ചതോടെ ടൂര്‍ണമെന്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി പൃഥ്വി മാറി. 2008ല്‍ ഗൈല്‍സ് സ്‌കൂള്‍ ടൂര്‍ണമെന്റിലും താരം കളിച്ചു.
എന്നാല്‍ 2013ല്‍ ഹാരിസ് ഷീല്‍ഡ് എലൈറ്റ് ഡിവിഷന്‍ മാച്ചില്‍ 330 പന്തില്‍ 546 റണ്‍സെടുത്തതോടെയാണ് പൃഥ്വി വാര്‍ത്തകളില്‍ നിറയുന്നത്. സ്‌കൂള്‍ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇതോടെ പൃഥ്വി സ്വന്തം പേരില്‍ കുറിച്ചു.

എംഎല്‍എയുടെ സഹായഹസ്തം

എംഎല്‍എയുടെ സഹായഹസ്തം

റെക്കോര്‍ഡ് ബാറ്റിങ് പ്രകടനം പൃഥ്വിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചു. സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മുംബൈയിലെ ബാന്ദ്രയില്‍ താമസിക്കാന്‍ പൃഥ്വിക്കും അച്ഛനും എംഎല്‍എ സഹായം നല്‍കുകയും ചെയ്തു. ഇതോടെ പരിശീലനത്തിനു വേണ്ടി രാവിലെയുള്ള ദൈര്‍ഘ്യമേറിയ യാത്ര ഒഴിക്കാന്‍ താരത്തിനു സാധിച്ചു.
പിന്നീട് മുംബൈയുടെ അണ്ടര്‍ 13, 19 ടീമുകളിലെത്തിയ പൃഥ്വി സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഏവരുടെയും പ്രശംസയ്ക്കു പാത്രമാവുകയും ചെയ്തു.

വിദേശത്തേക്ക്

വിദേശത്തേക്ക്

2012ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ കളിക്കാന്‍ പൃഥ്വിക്കു അവസരം ലഭിച്ചു. ചിയേഡില്‍ ഹല്‍മെ സ്‌കൂള്‍ ടീമിനു വേണ്ടിയാണ് രണ്ടു മാസം താരം കളിച്ചത്. ഇവിടെയും പൃഥ്വി മോശമാക്കിയില്ല. 1446 റണ്‍സ് നേടിയ താരം 68 വിക്കറ്റുകളുമായി ബൗളിങിലും കസറി. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ ഈ പര്യടനം പൃഥ്വിയെ സഹായിച്ചു.
2013, 14 വര്‍ഷങ്ങളിലും ഇംഗ്ലണ്ടില്‍ കളിക്കാന്‍ അവസരം ലഭിച്ചത് പൃഥ്വിയുടെ കരിയറിനു കൂടുതല്‍ ഗുണം ചെയ്തു. 2014ല്‍ യോര്‍ക്ക്‌ഷെയര്‍ ഇസിബി കൗണ്ടി പ്രീമിയര്‍ ലീഗില്‍ ക്ലീതോര്‍പ്‌സ് ടീമിനു വേണ്ടിയാണ് താരം ബാറ്റേന്തിയത്.

ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍

ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍

2017ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കു പൃഥ്വിക്കു വിളിവന്നു. ഏകദിന പരമ്പരയിലെ ചില മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇതിനിടെ മുംബൈക്കു വേണ്ടി പൃഥ്വി മികച്ച പ്രകടനം നടത്തി. 2016-17 സീസണിലെ രഞ്ജി ട്രോഫിയുടെ സെമി ഫൈനലിലാണ് മുംബൈക്കു വേണ്ടി താരം അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി പൃഥ്വി മികവ് കാട്ടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും പൃഥ്വിയായിരുന്നു.
ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും പൃഥ്വി സെഞ്ച്വറി കണ്ടെത്തി. ഒമ്പത് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി അഞ്ചു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കം 961 റണ്‍സാണ് താരം നേടിയത്. ശ്രീലങ്കയില്‍ നടന്ന യൂത്ത് ഏഷ്യാ കപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് പൃഥ്വിയായിരുന്നു.

അണ്ടര്‍ 19 ലോകകപ്പ്

അണ്ടര്‍ 19 ലോകകപ്പ്

2017 ഡിസംബറിലാണ് ന്യൂസിലന്‍ഡില്‍ നടക്കാനിരുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി പൃഥ്വിയെ തിരഞ്ഞെടുക്കുന്നത്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലന മികവില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനമാണ് ലോകകപ്പില്‍ പൃഥ്വി നടത്തിയത്. ഓപ്പണറായി ഇറങ്ങിയ താരം രണ്ടു ഫിഫ്റ്റികളുള്‍പ്പെടെ ടൂര്‍ണമെന്റില്‍ 261 റണ്‍സ് നേടി.
ലോകകപ്പിലെ പ്രകടനമാണ് പൃഥ്വിക്ക് ഈ സീസണിലെ ഐപിഎല്ലിലേക്കു വഴി തുറന്നത്.

 ഐപിഎല്ലിലും മോശമാക്കിയില്ല

ഐപിഎല്ലിലും മോശമാക്കിയില്ല

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം ഐപിഎല്ലിലും പൃഥ്വി മോശമാക്കിയില്ല. സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരുന്ന പൃഥ്വി പിന്നീട് ടീമിലെത്തിയതോടെ തന്റെ സ്ഥാനം ഭദ്രമാക്കുകയായിരുന്നു. ഗൗതം ഗംഭീറിന്റെ പിന്‍മാറ്റമാണ് താരത്തിനു പ്ലെയിങ് ഇലവനില്‍ ഇടം നേടിക്കൊടുത്തത്.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഇതുവരെ 205 റണ്‍സ് പൃഥ്വി ഡല്‍ഹിക്കു വേണ്ടി നേടിക്കഴിഞ്ഞു. 41 എന്ന മികച്ച ശരാശരിയും താരത്തിനുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരേ 62ഉം ഹൈദരാബാദിനെതിരേ 65ഉം റണ്‍സെടുത്തതാണ് മികച്ച പ്രകടനം.

 സച്ചിനുമായുള്ള താരതമ്യം

സച്ചിനുമായുള്ള താരതമ്യം

ലോക കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറോടാണ് പൃഥ്വിയെ പലരും ഉപമിക്കുന്നത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം മാര്‍ക്ക് വോയും ഇക്കൂട്ടത്തിലുണ്ട്.
പൃഥ്വിയുടെ ബാറ്റിങ് ശൈലി സച്ചിനുമായി ഏറെ സാമ്യമുള്ളതാണെന്നാണ് വോ അഭിപ്രായപ്പെട്ടത്.

ഐപിഎല്‍: വാട്‌സണ്‍, 'വാട്ട്' എ പ്ലെയര്‍... രണ്ടു തവണ പരമ്പരയുടെ താരം, ഇന്ത്യക്കാര്‍ 2 പേര്‍ മാത്രം

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, May 16, 2018, 12:33 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍