അപൂര്‍വ്വ സഹോദരങ്ങള്‍... ഇവര്‍ ഐപിഎല്ലിനെ ഇളക്കിമറിച്ചവര്‍, കേമനാര്, ചേട്ടനോ അനുജനോ?

Written By:

മുംബൈ: പല അപൂര്‍വ്വ നിമിഷങ്ങള്‍ക്കും ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ചില സൂപ്പര്‍ ബ്രദേഴ്‌സ് ടൂര്‍ണമെന്റിനെ ആവേശം കൊള്ളിച്ചതായി കാണാം.
ചേട്ടനേ, അനുജനോ കേമനാരെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുള്ളത്. ഐപിഎല്ലില്‍ ഇതുവരെ കളിച്ച ഏറ്റവും പ്രശസ്തരായ സഹോദരന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടുകളാണ് സഹോദരന്‍മാരായ ക്രുനാല്‍ പാണ്ഡ്യയും ഹര്‍ദിക് പാണ്ഡ്യയും. ചേട്ടനെ കടത്തിവെട്ടി ഹര്‍ദിക് ദേശീയ ടീമിലും തന്റെ സ്ഥാനമുറപ്പിച്ചപ്പോള്‍ ക്രുനാലും ഇതിനുള്ള തയ്യാറെടുപ്പിലാണ്.
2016ല്‍ മുംബൈക്കൊപ്പമുള്ള ക്രുനാല്‍ മികച്ച മധ്യനിര ബാറ്റ്‌സ്മാനും ഇടംകൈയന്‍ സ്പിന്നറുമാണ്. ഇതുവരെ 37 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള 27 കാരന്‍ 672 റണ്‍സും 27 വിക്കറ്റും മുംബൈക്കു വേണ്ടി നേടിയിട്ടുണ്ട്.
2015ലാണ് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ ഹര്‍ദിക് മുംബൈയിലെത്തുന്നത്. ടീമിനായി 48 മല്‍സരങ്ങളില്‍ നിന്നും 630 റണ്‍സും 28 വിക്കറ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാണ് ഹര്‍ദിക്.

മൈക്കല്‍ ഹസ്സി, ഡേവിഡ് ഹസ്സി

മൈക്കല്‍ ഹസ്സി, ഡേവിഡ് ഹസ്സി

ഓസ്‌ട്രേലിയന്‍ സഹോദരന്മാരായ മൈക്കല്‍ ഹസ്സിയും ഡേവിഡ് ഹസ്സിയും നേരത്തേ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ഓസീസിനു വേണ്ടി മൂന്നു ഫോര്‍മാറ്റിലു മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ് മൈക്കല്‍ എങ്കില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റായിരുന്നു ഡേവിഡ്.
ഐപിഎല്ലില്‍ ചെന്നൈക്കു വേണ്ടിയും മുംബൈക്കു വേണ്ടിയും മൈക്കല്‍ കളിച്ചിട്ടുണ്ട്. 2013ലെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് മൈക്കല്‍ ആയിരുന്നു. സിഎസ്‌കെയ്ക്കു വേണ്ടി 722 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇപ്പോള്‍ ചെന്നൈയുടെ ബാറ്റിങ് കോച്ചായി പ്രവര്‍ത്തിക്കുകയാണ് മൈക്കല്‍.
ചെന്നൈ, പഞ്ചാബ്, കൊല്‍ക്കത്ത എന്നീ ടീമുകള്‍ക്കായി ഡേവിഡ് ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 64 മല്‍സരങ്ങളില്‍ നിന്നും 26.97 ബാറ്റിങ് ശരാശരിയുള്ള താരം എട്ടു വിക്കറ്റുകളും നേടി. ഇപ്പോള്‍ ഐപിഎല്ലില്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍

ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ സഹോദരങ്ങളായിരുന്നു ഇര്‍ഫാന്‍ പഠാനും യൂസഫ് പഠാനും. ബറോഡയിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച ഇരുവരും കഠിനാധ്വാനത്തിലൂടെയാണ് ദേശീയ ടീമിലേക്കു നടന്നു കയറിയത്.
ആറു ടീമുകള്‍ക്കു വേണ്ടി ഐപിഎല്ലില്‍ കളിച്ച താരമാണ് ഇര്‍ഫാന്‍. ഇതില്‍ പഞ്ചാബിനും ഡല്‍ഹിക്കുമാണ് താരം കൂടുതല്‍ മല്‍സരങ്ങളില്‍ ഇറങ്ങിയത്. പലപ്പോഴും പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഇര്‍ഫാനു കഴിഞ്ഞില്ല. ഈ സീസണിലെ ലേലത്തില്‍ ഒരു ടീമും വാങ്ങാതിരുന്ന ഇര്‍ഫാന്‍ ഇപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ ഹിന്ദി കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്.
അതേസമയം, അനുജന്‍ ഇര്‍ഫാന്റെ ക്രിക്കറ്റ് കരിയര്‍ ഏറെക്കുറെ അവസാനിച്ചെങ്കിലും യൂസഫ് ഇപ്പോഴും ഐപിഎല്ലിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ഈ സീസണില്‍ അദ്ദേഹമുള്ളത്.
2010ലെ ഐപിഎല്ലില്‍ 37 പന്തില്‍ സെഞ്ച്വറി നേടി അദ്ദേഹം ചരിത്രം കുറിച്ചിരുന്നു. രാജസ്ഥാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകള്‍ക്കായി 160 മല്‍സരങ്ങളില്‍ കളിച്ച യൂസഫ് 3000ത്തിലേറെ റണ്‍സും 42 വിക്കറ്റുകളും നേടി.

 ഷോണ്‍ മാര്‍ഷ്, മിച്ചെല്‍ മാര്‍ഷ്

ഷോണ്‍ മാര്‍ഷ്, മിച്ചെല്‍ മാര്‍ഷ്

മൈക്കല്‍ ഹസ്സി, ഡേവിഡ് ഹസ്സി എന്നിവര്‍ക്കു ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ശ്രദ്ധേയരായ സഹോദരന്‍മാരാണ് ഷോണ്‍ മാര്‍ഷും മിച്ചെല്‍ മാര്‍ഷും. നിലവില്‍ ഷോണ്‍ ഓസീസ് ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമാണെങ്കില്‍ നിശ്ചിത ഓവര്‍ ടീമിന്റെ തുറുപ്പുചീട്ടാണ് മിച്ചെല്‍. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കാണ് താരത്തെ അപകടകാരിയാക്കുന്നത്.
2008 മുതല്‍ 17 വരെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നെടുംതൂണായികുന്നു ഷോണ്‍. 616 റണ്‍സോടെ പഥമ സീസണിലെ ടോപ്‌സ്‌കറര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ഷോണിനായിരുന്നു. എന്നാല്‍ ഈ സീസണിലെ ലേലത്തില്‍ ഒരു ടീമും താരത്തെ വാങ്ങാന്‍ തയ്യാറായില്ല.
അതേസമയം, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, പൂനെ വാരിയേഴ്‌സ്, റൈസിങ് പൂനെ ജയന്റ്‌സ് എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരമാണ് മിച്ചെല്‍. എന്നാല്‍ ഐപിഎല്ലില്‍ മിച്ചെലിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. 20 മല്‍സരങ്ങളില്‍ നിന്നും 225 റണ്‍സും 20 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

ആല്‍ബി മോര്‍ക്കല്‍, മോര്‍നെ മോര്‍ക്കല്‍

ആല്‍ബി മോര്‍ക്കല്‍, മോര്‍നെ മോര്‍ക്കല്‍

ദക്ഷിണാഫ്രിക്കന്‍ സഹോദരന്‍മാരായ ആ ല്‍ബി മോര്‍ക്കലും മോര്‍നെ മോര്‍ക്കലും ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരങ്ങളാണ്. ട്വന്റി 20 സ്‌പെഷ്യലിസ്റ്റായിരുന്നു ആല്‍ബിയെങ്കില്‍ മോര്‍നെ ടെസ്റ്റിലാണ് കൂടുതല്‍ തിളങ്ങിയത്.
അഗ്രസീവ് ബാറ്റ്‌സ്മാനും മികച്ച പേസറുമായിരുന്ന ആല്‍ബി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടിയാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. 2010, 11 സീസണുകളില്‍ സിഎസ്‌കെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു. ചെന്നൈയെക്കൂടാതെ ബാംഗ്ലൂര്‍, ഡല്‍ഹി, പൂനെ ജയന്റ്‌സ് ടീമുകള്‍ക്കു വേണ്ടിയും ആല്‍ബി കളിച്ചു. 2017, 2018 സീസണുകളിലെ ലേലത്തില്‍ താരത്തെ ആരും വാങ്ങിയില്ല.
മോര്‍നെയാവട്ടെ 2008 മുതല്‍ 16 വരെ ഐപിഎല്ലില്‍ ഡല്‍ഹി, രാജസ്ഥാന്‍, കൊല്‍ക്കത്ത ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 70 മല്‍സരങ്ങളില്‍ നിന്നും 77 വിക്കറ്റുകളാണ് മോര്‍നെയുടെ സമ്പാദ്യം. തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്നു അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താരം വിരമിച്ചിരുന്നു.

ഐപിഎല്‍: വാട്‌സണ്‍, 'വാട്ട്' എ പ്ലെയര്‍... രണ്ടു തവണ പരമ്പരയുടെ താരം, ഇന്ത്യക്കാര്‍ 2 പേര്‍ മാത്രം

സച്ചിന്റെ പിന്‍ഗാമി, ഇന്ത്യയുടെ പുതിയ പോസ്റ്റര്‍ ബോയ്... പൃഥ്വി ഷാ- ഇന്ത്യന്‍ സെന്‍സേഷനെ അടുത്തറിയാം

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, May 16, 2018, 15:37 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍