വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ ഇത്രയുംനാള്‍ കൂട്ടാക്കിയില്ല, കാരണമിതാണ്

മുംബൈ: ആദ്യ ഡേ/നൈറ്റ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. ടീം ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ്. എതിരാളികള്‍ ബംഗ്ലാദേശും. ഇത്രയും കാലം ഡേ/നൈറ്റ് ടെസ്റ്റിനെ എതിര്‍ത്തിരുന്ന ഇന്ത്യ ഒരു സുപ്രഭാതത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ ധൃതി കൂട്ടുന്നതിന്റെ സാംഗത്യം പലരെയും കുഴക്കുന്നുണ്ട്. പുതിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഡേ/നൈറ്റ് ടെസ്റ്റ് വേണമെന്ന ആശയം മുന്നോട്ടു വെച്ചത്.

കളി കാണാൻ ആളില്ല

നേരത്തെ ദക്ഷിണാഫ്രിക്കയുമായുള്ള ഫ്രീഡം ടെസ്റ്റ് പരമ്പര ഇന്ത്യ ഐതിഹാസികമായി തൂത്തുവാരിയെങ്കിലും സ്‌റ്റേഡിയത്തില്‍ കാണികള്‍ തീരെ കുറവായിരുന്നു. ഈ വിഷമസ്ഥിതി മാറ്റണം. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ജനപങ്കാളിത്തം വര്‍ധിപ്പിക്കണം. പകലും രാത്രിയുമായാണ് കളി നടക്കുന്നതെങ്കില്‍ കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

പറയുന്നതില്‍ കാര്യമുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും സംഘത്തിനും തോന്നിയിട്ടുണ്ടാകണം. എത്രയാണെന്നു കരുതിയാണ് സ്വന്തം നാട്ടില്‍ ഒഴിഞ്ഞ സ്റ്റാന്‍ഡുകള്‍ക്ക് മുന്നില്‍ ടീം ഇന്ത്യ ടെസ്റ്റ് കളിക്കുക.

എന്തുകൊണ്ട് പന്തിന് നിറം പിങ്ക്?

എന്തുകൊണ്ട് പന്തിന് നിറം പിങ്ക്?

ഡേ/നൈറ്റ് ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്ന പന്തിന് നിറമെന്തായിരിക്കണം? ഐസിസി ആവശ്യപ്പെട്ട പ്രകാരം തിളക്കമാര്‍ന്ന മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങളിലാണ് നിര്‍മ്മാതാക്കള്‍ പന്തുകള്‍ നിര്‍മ്മിച്ചത്. ഫ്‌ളഡ് ലൈറ്റിന് കീഴിലെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പന്തിന് പിങ്ക് നിറം മതിയെന്ന് ഐസിസി തീരുമാനിച്ചു.

2015 നവംബറിലാണ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഡേ/നൈറ്റ് ടെസ്റ്റ് നടന്നത്. അന്ന് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ മാറ്റുരച്ചു.

നിറം മാറ്റണമെന്ന് സ്റ്റീവ് സ്മിത്ത്

ഇതേസമയം ആദ്യഘട്ടത്തില്‍ കടും പച്ചയും വെളുപ്പും ഇടകലര്‍ന്നായിരുന്നു കുക്കൂബര നിര്‍മ്മിച്ച പിങ്ക് പന്തുകളുടെ സീം. ഈ നിറശൈലി മാറ്റണമെന്ന് അന്നത്തെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ആവശ്യപ്പെടുകയുണ്ടായി. കടും പച്ചയും വെളുപ്പും കലര്‍ന്ന സീം തിരിച്ചറിയാന്‍ ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന് വിഷമമാണ്. ഇതിനെ തുടര്‍ന്നാണ് പിങ്ക് പന്തുകളുടെ സീമിന് കറുപ്പ് നിറം നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചത്.

പിങ്ക് ബോളിന് വ്യത്യാസമെന്ത്?

പിങ്ക് ബോളിന് വ്യത്യാസമെന്ത്?

എല്ലാ ക്രിക്കറ്റ് പന്തുകളും കോര്‍ക്ക്, റബര്‍, കമ്പിളി നൂല് എന്നിവകൊണ്ടാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ അതത് ഫോര്‍മാറ്റുകള്‍ അടിസ്ഥാനപ്പെടുത്തി തുകലിന്റെ നിറവും ഫിനിഷിങ്ങും പന്തുകളില്‍ വ്യത്യാസപ്പെടുന്നു. സാധാരണ ടെസ്റ്റുകളില്‍ ഉപയോഗിക്കുന്ന റെഡ് ബോള്‍ ഗ്രീസില്‍ മുക്കിയാണ് തയ്യാറാക്കുന്നത്. ഇക്കാരണത്താല്‍ തുകലിനകത്തേക്ക് വെള്ളം കയറില്ല.

അറിയുമോ, അംപയര്‍മാര്‍ക്ക് എന്തു പ്രതിഫലമുണ്ടെന്ന്?

തിളക്കം വേണം

എന്നാല്‍ ഡേ/നൈറ്റ് ടെസ്റ്റുകള്‍ക്കുള്ള പിങ്ക് ബോളില്‍ ഈ നടപടി സ്വീകരിക്കാനാവില്ല. ഗ്രീസില്‍ മുക്കിയാല്‍ പന്തിന്റെ ഫ്‌ളൂറസന്റ് തിളക്കം നഷ്ടപ്പെടും. ഫ്‌ളഡ് ലൈറ്റിന് കീഴില്‍ കളിക്കുമ്പോള്‍ പിങ്ക് പന്തുകള്‍ക്ക് തിളക്കം നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ഗ്രൗണ്ടില്‍ പന്തിന്മേല്‍ 'കണ്ണുപിടിക്കുക' ബുദ്ധിമുട്ടായിരിക്കും.

റെഡ്, വൈറ്റ് ബോളുകളില്‍ നിന്നും വ്യത്യസ്തമായി ദീര്‍ഘനേരം തിളക്കം നിലനിര്‍ത്താന്‍ കട്ടിയേറിയ പിങ്ക് കോട്ടിങ്ങാണ് പിങ്ക് ബോളില്‍ പൂശുന്നത്. ഇതേസമയം, ഓവറുകള്‍ ചെല്ലുന്തോറും പിങ്ക് പന്തുകളുടെ നിറം മുഷിയുമെന്നത് ഡേ/നൈറ്റ് ടെസ്റ്റുകളിലെ വെല്ലുവിളിയാണ്.

പിങ്ക് പന്തിന്റെ പ്രകടനം

പിങ്ക് പന്തിന്റെ പ്രകടനം

പരിമിത ഓവര്‍ ക്രിക്കറ്റില്‍ വൈറ്റ് ബോളുകള്‍ക്ക് സംഭവിക്കുന്നതുപോലെ ഡേ/നൈറ്റ് ടെസ്റ്റുകളില്‍ പിങ്ക് പന്തും ഒരുപരിധി കഴിയുമ്പോള്‍ മൃദുലമാകും. റെഡ് ബോളിനെക്കാള്‍ ഭാരം കുറവാണ് പിങ്ക് ബോളിന്. ആദ്യ ഓവറുകളില്‍ പന്ത് കൂടുതല്‍ സ്വിങ് ചെയ്യാനുള്ള പ്രവണത കാട്ടും. മറ്റു പന്തുകളെ അപേക്ഷിച്ച് പിങ്ക് പന്തുകള്‍ക്ക് 20 ശതമാനത്തോളം സീം ചലനവും അധികമുണ്ട്. എന്നാല്‍ മൃദുലമാകുന്നതോടെ പിങ്ക് പന്തിന് സ്വിങ് നഷ്ടമാവും. ഓവറുകള്‍ ചെല്ലുമ്പോള്‍ റിവേഴ്‌സ് സ്വിങ്ങോ കാര്യമായ സ്പിന്നോ വാഗ്ദാനം ചെയ്യാന്‍ പിങ്ക് പന്തിനാവില്ല. കളിയുടെ വിരസതയിലേക്ക് ഇതു നയിക്കുമെന്ന ആക്ഷേപം പിങ്ക് ബോള്‍ ടെസ്റ്റിനുണ്ട്.

ഡേ/നൈറ്റ് ടെസ്റ്റ് ഫലങ്ങള്‍ ഇതുവരെ

ഡേ/നൈറ്റ് ടെസ്റ്റ് ഫലങ്ങള്‍ ഇതുവരെ

ഇതുവരെ 11 ഡേ/നൈറ്റ് ടെസ്റ്റുകളാണ് ഐസിസി സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ മത്സരങ്ങളിലെല്ലാം സാഹചര്യങ്ങള്‍ ഫലത്തെ നിര്‍ണായകമായി സ്വാധീനിച്ചു. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും നടന്ന ഡേ/നൈറ്റ് ടെസ്റ്റുകളില്‍ ബൗളര്‍മാരായിരുന്നു തിളങ്ങിയത്. ഇതില്‍ത്തന്നെ പേസ് ബൗളര്‍മാര്‍ക്ക് സാഹചര്യങ്ങള്‍ കൂടുതല്‍ ആനുകൂല്യം സമര്‍പ്പിച്ചു.

സൂര്യന്‍ പൂര്‍ണമായി അസ്തമിക്കുന്നതിന് മുന്‍പേ, എന്നാല്‍ ഫ്‌ളഡ് ലൈറ്റുകള്‍ തെളിഞ്ഞുനില്‍ക്കെയാണ് ദക്ഷിണാര്‍ദ്ധഗോളത്തിലെ ഡേ/നൈറ്റ് ടെസ്റ്റുകളെല്ലാം ആരംഭിച്ചത്.സൂര്യപ്രകാശവും ഫ്‌ളഡ് ലൈറ്റും ഒരേസമയം ഗ്രൗണ്ടില്‍ തെളിയുന്നതിനാല്‍ പലപ്പോഴും പിങ്ക് ബോളില്‍ നോട്ടം പിടിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിയുകയില്ല.

ഒപ്പം താപനില താഴുന്നതും വായുവില്‍ ഈര്‍പ്പത്തിന്റെ അളവും കൂടുന്നതോടെ പിങ്ക് ബോള്‍ അപ്രതീക്ഷിതമായി സ്വിങ് ചെയ്യാന്‍ ആരംഭിക്കും.

പിങ്ക് ബോള്‍ ടെസ്റ്റിനെ ഇന്ത്യ എതിർക്കാൻ കാരണം?

പിങ്ക് ബോള്‍ ടെസ്റ്റിനെ ഇന്ത്യ എതിർക്കാൻ കാരണം?

പിങ്ക് ബോളിനുള്ള കാഴ്ച്ചക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഡേ/നൈറ്റ് ടെസ്റ്റില്‍ നിന്നും ഇന്ത്യ ഇത്രനാള്‍ വിട്ടുനിന്നത്. 2016 ദുലീപ് ട്രോഫിയില്‍ ഡേ/നൈറ്റ് ടെസ്റ്റ് ബിസിസിഐ പരീക്ഷിച്ചിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യന്‍ നിരയില്‍ മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങള്‍ക്ക് പിങ്ക് ബോള്‍ കളിച്ചുള്ള പരിചയമുണ്ട്. എന്നാല്‍ ദുലീപ് ട്രോഫിക്ക് ശേഷം പിങ്ക് ബോള്‍ ടെസ്റ്റില്‍ ടീമുകള്‍ അതൃപ്തി രേഖപ്പെടുത്തി.

പോണ്ടിങ്ങിനെ പറ്റിച്ചു, സ്റ്റീവ് വോയെ കാത്തുനിര്‍ത്തി — അറിയണം ഗാംഗുലിയുടെ 'ചട്ടമ്പിത്തരങ്ങള്‍'

മുൻപ് ഉപയോഗിച്ചിരുന്നു

ഒരുവിധത്തിലും ഫാസ്റ്റ് ബൗളര്‍മാരെ പിങ്ക് പന്തുകള്‍ സഹായിക്കുന്നില്ലെന്നതാണ് ബിസിസിഐ നേരിട്ട പരാതി. ഇന്ത്യന്‍ സാഹചര്യത്തില്‍ പന്തിനൊട്ടും റിവേഴ്‌സ് സ്വിങ്ങില്ലെന്നും താരങ്ങള്‍ സാക്ഷ്യപ്പെടുത്തി. പിങ്ക് പന്തുകളുടെ നിലവാരമാണ് ഡേ/നൈറ്റ് ടെസ്റ്റുകളില്‍ നിന്നും ബിസിസിഐയെ പിന്തിരിപ്പിച്ച മറ്റൊരു കാരണം. ദുലീപ് ട്രോഫിയില്‍ എസ്ജി, കുക്കൂബര കമ്പനികളുടെ പിങ്ക് ബോളുകള്‍ ബിസിസിഐ ഉപയോഗിച്ചിരുന്നു. എന്നാല്‍ ആശാവഹമായ ചിത്രമല്ല ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത്.

എസ്ജിയുടെ ഉറപ്പ്

എന്തായാലും ഇന്ത്യ - ബംഗ്ലാദേശ് ഡേ/നൈറ്റ് ടെസ്റ്റിന് 72 പന്തുകള്‍ എസ്ജിയില്‍ നിന്നുംതന്നെ ബിസിസിഐ വാങ്ങിയിട്ടുണ്ട്. രാജ്യാന്തര ടെസ്്റ്റിന് ഉപയോഗിക്കാവുന്ന ഉന്നത നിലവാരമുള്ള പിങ്ക് പന്തുകളാണ് നിര്‍മ്മിക്കുന്നതെന്ന എസ്ജിയുടെ ഉറപ്പിന്മേലാണ് ബിസിസിഐയുടെ നടപടി.

Story first published: Thursday, October 31, 2019, 12:21 [IST]
Other articles published on Oct 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X