ഐപിഎല്‍: ഷമിയില്ലെങ്കില്‍ പിന്നെയാര്? ഡല്‍ഹിക്ക് ആശയക്കുഴപ്പം... ഊഴം കാത്ത് ഇവര്‍

Written By:

ദില്ലി: ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയെ തുടര്‍ന്ന് കേസില്‍ അകപ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് എന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്താനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അടുത്ത മാസം ഐപിഎല്‍ ആരംഭിക്കാനിരിക്കെ ഷമിയുടെ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഷമിയെ ടീമിലുള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലാണ് ഡല്‍ഹി ഫ്രാഞ്ചൈസി.

കുറ്റവിമുക്തനായി തിരിച്ചുവന്ന ശേഷം താരത്തെ ടീമിലെടുക്കാമെന്ന നിലപാടാണ് ഡല്‍ഹിക്കുള്ളത്. ഷമിയുടെ കാര്യത്തില്‍ നിയമോപദേശം തേടി ഡല്‍ഹി ബിസിസിഐയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഷമിയുടെ അഭാവത്തില്‍ ഡല്‍ഹി തങ്ങളെ ടീമിലെടുക്കുമെന്ന പ്രതീക്ഷയില്‍ ചില ബൗളര്‍മാര്‍ കാത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ഒരു ടീം പോലും വാങ്ങാത്ത താരങ്ങളാണ് ഇവര്‍. ഷമിക്കു പകരം ടീമിലെത്താമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ചു താരങ്ങളെ പരിചയപ്പെടാം.

 രജനീഷ് ഗുര്‍ബാനി

രജനീഷ് ഗുര്‍ബാനി

ഇക്കഴിഞ്ഞ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വമ്പന്‍മാരുടെ കഥ കഴിച്ച് വിദര്‍ഭ ചരിത്രവിജയം കൊയ്തപ്പോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പേസര്‍ രജനീഷ് ഗുര്‍ബാനി നിലവില്‍ ഐപിഎല്ലില്‍ ഒരു ടീമിന്റെയും ഭാഗമല്ല.
രഞ്ജിയില്‍ 39 വിക്കറ്റുകളാണ് 24 കാരനായ താരം പോക്കറ്റിലാക്കിയത്. ഡല്‍ഹിക്കെതിരായ ഫൈനലിന്റെ ഒന്നാംപാദത്തില്‍ ഗുര്‍ബാനി ഹാട്രിക്കും കണ്ടെത്തിയിരുന്നു. ഒന്നാമിന്നിങ്‌സില്‍ 59 റണ്‍സിന് ആറു വിക്കറ്റാണ് താരം വീഴ്ത്തിയത്.
ഫൈനലിനു മുന്വുള്ള മല്‍സരങ്ങളിലും വിദര്‍ഭയുടെ ജയം എളുപ്പമാക്കിയത് ഗുര്‍ബാനിയുടെ മാസ്മരിക സ്‌പെല്ലുകളായിരുന്നു. ഹിമാചല്‍ പ്രദേശിനെതിരേ 113 റണ്‍സിന് ആറു വിക്കറ്റും കേരളത്തിനെതിരായ ക്വാര്‍ട്ടറില്‍ അഞ്ചു വിക്കറ്റും കര്‍ണാടയ്‌ക്കെതിരായ സെമിയില്‍ ഏഴു വിക്കറ്റും താരം കടപുഴക്കിയിരുന്നു.
ഇത്തവണ ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയായിരുന്നു ഗുര്‍ബാനിയുടെ അടിസ്ഥാന വില. പക്ഷെ ഒരു ഫ്രാഞ്ചൈസി പോലും താരത്തിനായയി താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഷമിക്കു കളിക്കാനായില്ലെങ്കില്‍ ഗുര്‍ബാനിയെ ഡല്‍ഹി തങ്ങളുടെ ടീമിലെത്തിക്കുമോയെന്നാണ് അറിയാനുള്ളത്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കും പുതിയ സീസണിലെ ഐപിഎല്ലില്‍ ടീമില്ല. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം അംഗമായ ഇഷാന്തും ഷമിക്കു പകരം ഡല്‍ഹി ടീമിലൂടെ ഐപിഎല്ലിലേക്ക് മടങ്ങിയെത്താമെന്നു സ്വപ്‌നം കാണുകയാണ്. ജനുവരിയില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ 75 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാനവില. പക്ഷെ എട്ടു ഫ്രാഞ്ചൈസികളും ഇഷാന്തിനെ തഴയുകയായിരുന്നു.
ഐപിഎല്ലില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ഇഷാന്തിനുണ്ട്. അതുകൊണ്ടു തന്നെ ഷമിയുടെ അഭാവം നികത്താന്‍ ശേഷിയുള്ള പേസര്‍മാരില്‍ ഒരാള്‍ തന്നെയാണ് അദ്ദേഹം. മാത്രമല്ല ഡല്‍ഹിയില്‍ നിന്നുള്ള താരമെന്നതും ഇഷാന്തിനു പ്ലസ് പോയിന്റാണ്.
കഴിഞ്ഞ സീസണിലെ ഐപിഎല്‍ ലേലത്തിലും ഇഷാന്തിനെ ആരും വാങ്ങിയിരുന്നില്ല. എന്നാല്‍ മുരളി വിജയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായി കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ടീമിലെത്തിച്ചിരുന്നു. സീസണില്‍ ആറു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ഇഷാന്തിന് പക്ഷെ ഒരു വിക്കറ്റ് പോലും നേടാനായിരുന്നില്ല.

ശ്രീനാഥ് അരവിന്ദ്

ശ്രീനാഥ് അരവിന്ദ്

കര്‍ണാടകയില്‍ നിന്നുള്ള പേസറായ ശ്രീനാഥ് അരവിന്ദ് ഐപിഎല്ലില്‍ നേരത്തേ ചില മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 2011ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 21 വിക്കറ്റുകളാണ് താരം പിഴുതത്. ഇതോടെ വിക്കറ്റ് വേട്ടയില്‍ ശ്രീനാഥ് മൂന്നാംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീടുള്ള സീസണില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 2016, 17 സീസണുകളില്‍ ബാംഗ്ലൂരിനായി ചില മല്‍സരങ്ങളില്‍ ശ്രീനാഥ് പന്തെറിഞ്ഞിരുന്നു. ബൗളിങിലെ തന്റെ വൈവിധ്യം കൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫി ഫൈനലിനു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും 33 കാരനായ ശ്രീനാഥ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 56 ഫസ്റ്റ്ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 186 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ശ്രീനാഥും ഉള്‍പ്പെട്ടിരുന്നു. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന പേസര്‍ക്കു വേണ്ടി പക്ഷെ ഒരു ഫ്രാഞ്ചൈസിയും രംഗത്തു വന്നില്ല.

അശോക് ദിന്‍ഡ

അശോക് ദിന്‍ഡ

ഇന്ത്യയുടെ മുന്‍ പേസര്‍ അശോക് ദിന്‍ഡയാണ് അവസരം കാത്തിരിക്കുന്ന മറ്റൊരു താരം. പ്രഥമ സീസണ്‍ മുതല്‍ 10 ഐപിഎല്ലുകളിലും കളിച്ച താരങ്ങളിലൊരാളാണ് ദിന്‍ഡ. 2016ലെ ഐപിഎല്‍ ലേലത്തില്‍ പൂനെ വാരിയേഴ്‌സ് താരത്തെ ടീമിലെത്തിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മൂന്നു വിക്കറ്റ് പിഴുത ദിന്‍ഡ ടീമിന്റെ വിജയശില്‍പ്പിയായി മാറുകയും ചെയ്തു.
ട്വന്റി20യില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരമല്ല ദിന്‍ഡ. എന്നാല്‍ ചില അപ്രതീക്ഷിത സ്‌പെല്ലുകള്‍ കൊണ്ട് എതിര്‍ ടീമിനെ ഞെട്ടിക്കാന്‍ അദ്ദേഹത്തിനാവും. 2016 സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 11ഉം 2017ല്‍ മൂന്നു കളികളില്‍ നിന്നും ഒരു വിക്കറ്റുമായിരുന്നു ദിന്‍ഡ നേടിയത്. കഴിഞ്ഞ സീസണില്‍ കൂടുതല്‍ മല്‍സരങ്ങളിലും സൈ് ബെഞ്ചിലായിരുന്നു പേസറുടെ സ്ഥാനം.
ഇത്തവണ ലേലത്തില്‍ 50 ലക്ഷം രൂപയായിരുന്നു ദിന്‍ഡയുടെ അടിസ്ഥാന വില. പക്ഷെ ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല.

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

ഇന്ത്യയുടെ മുന്‍ പേസറായ വരുണ്‍ ആരോണും ഇത്തവണത്തെ ഐപിഎല്ലില്‍ ടീം ലഭിക്കാത്ത താരമാണ്. ഉമേഷ് യാദവും വരുണും ഒരേ സമയത്താണ് അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. ഇരുവരും തുടര്‍ച്ചയായി 145 കിമി വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള ബൗളര്‍മാരായിരുന്നു. ഉമേഷ് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ വരുണ്‍ പക്ഷെ അധികാലം ദേശീയ ടീമിലുണ്ടായിരുന്നില്ല. പരിക്കുകളും ഫോമില്ലായ്മയുമെല്ലാം താരത്തിന് തിരിച്ചടിയായി മാറി.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 2.7 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വരുണിനെ ടീമിലെത്തിച്ചിരുന്നെങ്കിലും മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
അതുകൊണ്ടു തന്നെ 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വരുണിനെ വാങ്ങാന്‍ ഈ സീസണില്‍ ഒരു ഫ്രാഞ്ചൈസിയും രംഗത്തു വരികയും ചെയ്തില്ല.
ഐപിഎല്ലില്‍ ആറു സീസണുകള്‍ കളിച്ചതിന്റെ അനുഭവസമ്പത്തുള്ള താരമാണ് വരുണ്‍. കൂടാതെ 48 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 42 ലിസ്റ്റ് എ മല്‍സരങ്ങളും പേസര്‍ കളിച്ചിട്ടുണ്ട്.

'ദാദാ' ഗിരി ധോണിയോട് വേണ്ട... എംഎസ്ഡി വേറെ ലെവല്‍, ഗാംഗുലി ഫാന്‍സിന് അസൂയപ്പെടാം

പേരിലെന്ത് കാര്യം? ഇവര്‍ ചോദിക്കുന്നു... പേര് മാറ്റിയപ്പോള്‍ തലവരയും മാറിയ താരങ്ങള്‍

ഷമി മാത്രമല്ല, ബലാല്‍സംഗം, കൊലപാതകം, മര്‍ദ്ദനം... കേസില്‍ പെട്ട ക്രിക്കറ്റര്‍മാര്‍ ഇനിയുമുണ്ട്

Story first published: Monday, March 12, 2018, 9:27 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍