ഐപിഎല്‍: 'ചാലഞ്ചുയര്‍ത്താതെ' ബാംഗ്ലൂര്‍... കാര്‍ത്തിക്കിന്റെ കൊല്‍ക്കത്ത തുടങ്ങി, ജയത്തോടെ തന്നെ

Written By:

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം ദിനേഷ് കാര്‍ത്തിക് മോശമാക്കിയില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ജയത്തോടെ തന്നെ തുടങ്ങാന്‍ കാര്‍ത്തിക്കിനു കഴിഞ്ഞു. ടൂര്‍ണമെന്റിലെ മൂന്നാം മല്‍സരത്തില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സിനെയാണ് കെകെആര്‍ 4 വിക്കറ്റിനു തോല്‍പ്പിച്ചത്. 177 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത കാര്യമായ വെല്ലുവിളിയിലാതെയാണ് വിജയം വരുതിയിലാക്കിയത്. 18.5 ഓവറില്‍ ആറു വിക്കറ്റിന് കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു.

1

ഓപ്പണര്‍ സുനില്‍ നരെയ്‌ന്റെ (50) തീപ്പൊരി ഇന്നിങ്‌സിനൊപ്പം ക്യാപ്റ്റന്റെ കളി കെട്ടഴിച്ച കാര്‍ത്തികും (35*) നിതീഷ് റാണയും (34) ചേര്‍ന്നതോടെ കെകെആറിന്റെ വിജയം അനായാസമായി മാറി. വെറും 19 പന്തില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് നരെയ്ന്‍ ടീമിന് സ്വപ്‌നതുല്യമായ തുടക്കം നല്‍കിയത്.

2

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 176 റണ്‍സാണ് നേടിയത്. പൊരുതാവുന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ബാംഗ്ലൂര്‍ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി നേടിയില്ലെന്നതാണ് ശ്രദ്ധേയം.

മല്‍സരത്തിന്‍റെ തല്‍സമയ വിവരണത്തിലേക്ക് പോവാന്‍ ക്ലിക്ക് ചെയ്യൂ

സൂപ്പര്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സും (44) ബ്രെന്‍ഡന്‍ മക്കുല്ലവുമാണ് (43) ബാംഗ്ലൂരിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മന്‍ദീപ് സിങ് 37 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്ററന്‍ വിരാട് കോലിക്കു 31 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ നാലു പേര്‍ മാത്രമാണ് ബാംഗ്ലൂര്‍ ബാറ്റിങ് നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയത്.

3

23 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ചു സിക്‌സറുകളുമടക്കമാണ് എബിഡി ടീമിന്റെ ടോപ്‌സ്‌കോററായത്. മക്കുല്ലം 27 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറു നേടി. നിതീഷ് റാണയും ആര്‍ വിനയ് കുമാറും കൊല്‍ക്കയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീതം പങ്കിട്ടു. കോലി- ഡിവില്ലിയേഴ്‌സ് ജോടി ക്രീസിലുള്ളപ്പോള്‍ ബാംഗ്ലൂര്‍ 200നു മുകൡ സ്‌കോര്‍ ചെയ്യുമെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ ഒരേ ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ഇരുവരെയും റാണ പുറത്താക്കിയതോടെ ബാംഗ്ലൂരിന്റെ കുതിപ്പിനു കടിഞ്ഞാണ്‍ വീഴുകയായിരുന്നു.

ടോസ് ലഭിച്ച കൊല്‍ക്കത്തയുടെ പുതിയ നായകന്‍ ദിനേഷ് കാര്‍ത്തിക് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണിനു ശേഷം ടീം വിട്ട ഗൗതം ഗംഭീറിനു പകരം നായകസ്ഥാനമേറ്റെടുത്ത കാര്‍ത്തികിന് കീഴില്‍ കെകെആറിന്റെ കന്നി മല്‍സരം കൂടിയാണിത്.

4

ഏറ്റവും മികച്ച ഇലവനെയാണ്ഇരുടീമും മല്‍സരത്തില്‍ അണിനിരത്തിയത്. നേരത്തേ ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ടു തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട കൊല്‍ക്കത്ത മൂന്നാം കിരീടം തേടിയാണ് ഇത്തവണ ഇറങ്ങിയത്. മറുഭാഗത്ത് കഴിഞ്ഞ 10 സീസണിലും ചാംപ്യന്‍മാരാന്‍ കഴിയാതിരുന്ന സൂപ്പര്‍ താരം വിരാട് കോലി നയിക്കുന്ന ആര്‍സിബി ഇത്തവണയെങ്കിലും ദുഷ്‌പേര് തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ്. മൂന്നു തവണ ആര്‍സിബി ഫൈനലിലെത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ആര്‍സിബി- വിരാട് കോലി (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, ബ്രെന്‍ഡന്‍ മക്കുല്ലം, എബി ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് വോക്‌സ്, കുല്‍വന്ത് കെജ്രോളിയ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.
കെകെആര്‍- ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനിര്‍ നരൈന്‍, പിയൂഷ് ചൗള, വിനയ് കുമാര്‍, മിച്ചെല്‍ ജോണ്‍സന്‍, കുല്‍ദീപ് യാദവ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 8, 2018, 20:07 [IST]
Other articles published on Apr 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍