ഗ്രൗണ്ടില്‍ വീണ്ടും കൈയ്യാങ്കളി; ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കും

Posted By: rajesh mc
Kagiso Rabada

ജോഹന്നസ്ബര്‍ഗ്: ആദ്യ ടെസ്റ്റിലെ കൈയ്യാങ്കളിക്കുശേഷം നടന്ന ഒത്തു തീര്‍പ്പു ചര്‍ച്ചകളും ഫലപ്രാപ്തിയിലെത്തിയില്ലെന്ന് തെളിയിച്ച് രണ്ടാം മത്സരത്തിലും ഓസീസ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. ബൗളര്‍ കാഗിസോ റബാദയ്ക്ക് ഇതേതുടര്‍ന്ന് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ചുമലുകൊണ്ട് ഇടിച്ച് ആഹ്ലാദപ്രകടനം നടത്തിയതിന് പിന്നാലെയാണ് നടപടിക്കൊരുങ്ങുന്നത്. സ്മിത്ത് പുറത്തായശേഷം അമിതമായ വൈകാരിക പ്രകടനം നടത്തിയ റബാദ ഓസീസ് ക്യാപ്റ്റനെ പ്രകോപനപരമായി ഇടിക്കുകയായിരുന്നു. സംഭവം മാച്ച് റഫറി റിപ്പോര്‍ട്ട് ചെയ്യുമെന്നുറപ്പാണ്.

നേരത്തെയുള്ള മത്സരങ്ങളിലും ലെവല്‍ 2 കുറ്റം ചെയ്ത റബാദയ്ക്ക് 5 ഡീമെറിറ്റ് പോയന്റുകളുണ്ട്. മൂന്നു പോയന്റുകള്‍ കൂടി ലഭിച്ചാല്‍ അടുത്ത ടെസ്റ്റ് മത്സരത്തില്‍ നിന്നും ബൗളര്‍ പുറത്താകും. മികച്ച തുടക്കത്തിനുശേഷം 243 റണ്‍സിന് ഓസ്‌ട്രേലിയ പുറത്തായത് റബാദയുടെ ബൗളിങ് മികവിലാണ്. താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സീരിസില്‍ തിരിച്ചുവരിക ദുഷ്‌കരമാകും.

അതേസമയം, റബാദ സ്മിത്തിനെ ചുമലുകൊണ്ടുരസിയില്ലെന്നാണ് മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് പറയുന്നത്. ഇരുവരും അരികത്തുകൂടി നടന്നു പോകുന്നാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും മറ്റു തരത്തിലുള്ള ഉരസലുകള്‍ ഉണ്ടായിട്ടില്ലെന്നും സ്മിത്ത് വ്യക്തമാക്കി. റബാദയെ ന്യായീകരിച്ച് സഹതാരം ഫിലാന്‍ഡറും രംഗത്തുണ്ട്. എന്തായാലും ഓരോ ദിവസം കഴിയുന്തോറും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലയയും ഗ്രൗണ്ടിനകത്തും പുറത്തും ഏറ്റുമുട്ടലിന്റെ വക്കത്താണ്.

Story first published: Sunday, March 11, 2018, 7:14 [IST]
Other articles published on Mar 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍