ഇന്ത്യ ഓസ്‌ട്രേലിയ; ഐപിഎല്‍ മത്സര അനുഭവം ഇന്ത്യയ്‌ക്കെതിരെ തുണയാകുമെന്ന് ഓസീസ് താരം

Posted By:

ചെന്നൈ: ഐപിഎല്‍ മത്സരങ്ങളും കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പിലെ അനുഭവവും ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരങ്ങളില്‍ തുണയാകുമെന്ന് ഓസ്‌ട്രേലിയന്‍ താരം ജെയിംസ് ഫോക്‌നര്‍. സപ്തംബര്‍ 17ന് ആരംഭിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനായി എത്തിയ ഫോക്‌നര്‍ ചെന്നൈയില്‍ നടന്ന പരിശീലനത്തിനുശേഷം സംസാരിക്കുകയായിരുന്നു.

ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പ്പിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. എന്നാല്‍, ഓസ്‌ട്രേലിയന്‍ ടീമിലെ മിക്കവരും ഇന്ത്യയില്‍ ഐപിഎല്‍ അനുഭവമുള്ളവരാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിച്ചതും ടീം അംഗങ്ങള്‍ക്ക് ഗുണകരമാകും. അടുത്തകാലത്ത് ഇന്ത്യ ഒട്ടേറെ ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മികച്ച ഫോമിലുള്ള ടീമിനെ തോല്‍പ്പിക്കുന്നത് പരീക്ഷണമായിരിക്കുമെന്നും ഫോക്‌നര്‍ വ്യക്തമാക്കി.

jamesfaulknerton

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഓസീസ് ടീമില്‍നിന്നും പുറത്തായ ഫോക്‌നര്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലാണ് തിരിച്ചെത്തിയത്. ടീമിന് പുറത്തായി തിരിച്ചുവരികയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് താരം പറഞ്ഞു. ഇപ്പോള്‍ മികച്ച ശാരീരിക ക്ഷമതയോടെയാണ് ടീമില്‍ തിരിച്ചെത്തിയതെന്നും വലങ്കയ്യന്‍ ബാറ്റ്‌സ്മാനും ഇടങ്കൈയ്യന്‍ ബൗളറുമായ ഫോക്‌നര്‍ വ്യക്തമാക്കി.

കഴിഞ്ഞതവണ ഓസ്‌ട്രേലിയ ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്കെത്തിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഓള്‍റൗണ്ടറായ ഫോക്‌നര്‍. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയതാണ് ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര. ലോകത്തെ മുന്‍നിര ടീമുകള്‍ തമ്മിലുള്ള പരമ്പരയെ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കിക്കാണുന്നത്.


Story first published: Tuesday, September 12, 2017, 8:36 [IST]
Other articles published on Sep 12, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍