IPL 2022: ടൂര്‍ണമെന്റ് 'വിമാനം കയറില്ല', ഇന്ത്യയില്‍ തന്നെ- നേരത്തേ തുടങ്ങും?

ഐപിഎല്ലിന്റെ വരാനിരിക്കുന്ന 15ാം സീസണില്‍ ഇന്ത്യയില്‍ വച്ചു തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിച്ചതായി വിവരം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തു കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് വിദേശത്തു മാറ്റിയേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റേണ്ടെന്ന തീരുമാനമാണ് ബിസിസിഐ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ വേദികളിലായി നടത്തുന്നതിനു പകരം മുഴുവന്‍ മല്‍സരങ്ങളും മുംബൈയില്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

15ാം സീസണ്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കും. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മല്‍സരങ്ങള്‍. മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ (സിസിഐ), ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവയാണ് ഇപ്പോള്‍ വേദികളായി പരിഗണനയിലുള്ളത്. വേണമെങ്കില്‍ പൂനെയെയും വേദിയായി ഉള്‍പ്പെടുത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ എഎന്‍ഐയോടു പറഞ്ഞു.

നേരത്തേ ടൂര്‍ണമെന്റിന്റെ വേദിയായി സൗത്താഫ്രിക്കയും ബിസിസിഐ കണ്ടുവച്ചിരുന്നു. മുമ്പ് ടൂര്‍ണമെന്റിനു ഒരു തവണ വേദിയായതും സൗത്താഫ്രിക്കയ്ക്കു മുന്‍തൂക്കം നല്‍കിയിരുന്ന ഘടകമായിരുന്നു. പക്ഷെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ടൂര്‍ണമെന്റ് ഒരാഴ്ച നേരത്തേ തന്നെ ആരംഭിക്കുന്നതിനെക്കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. മാര്‍ച്ച് 27ന് ടൂര്‍ണമെന്റ് തുടങ്ങുകയെന്ന തരത്തിലാണ് ബിസിസിഐയുടെ നീക്കം.

അതേസമയം, അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുന്നോടിയായി താരങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ഈ മാസം 20ന് അവസാനിച്ചിരുന്നു. 1214 താരങ്ങളാണ് മെഗാ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ ലിസ്റ്റ് ബിസിസിഐ ഇന്നു പുറത്തുവിട്ടിരുന്നു. 896 ഇന്ത്യന്‍ താരങ്ങളും 318 വിദേശ കളിക്കാരുമാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 270 പേര്‍ ദേശീയ ടീമിനായി കളിച്ചവരാണെങ്കില്‍ 903 പേര്‍ ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്തവരാണ്. 41 താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഫെബ്രുവരി 12, 13 ദിവസങ്ങളിലായി ബെംഗളൂരുവിലായിരിക്കും മെഗാ ലേലം നടക്കുന്നത്.

ലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കു പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 46 താരങ്ങളാണ്. ഇതില്‍ ഇന്ത്യയുടെ 17 പേരാണുള്ളത്. ശേഷിച്ചവര്‍ വിദേശ കളിക്കാരാണ്. ദേവ്ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി മൂല്യമുള്ള ഇന്ത്യന്‍ കളിക്കാര്‍.

എന്നാല്‍ രണ്ടു കോടി മൂല്യമുള്ള വിദേശ താരങ്ങള്‍ ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ഷാക്വിബുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സാം ബില്ലിങ്സ്, സാക്വിബ് മഹമ്മൂദ്, മുജീബ് സദ്രാന്‍, ആഷ്ടണ്‍ ഏഗര്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ക്രിസ് ജോര്‍ഡന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ആദില്‍ റഷീദ്, ജാസണ്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ക്വിന്റണ്‍ ഡികോക്ക്, മര്‍ച്ചെന്റ് ഡാ ലെംഗ്, ഫഫ് ഡുപ്ലെസി, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, ഫാബിയന്‍ അലെന്‍, ഡ്വയ്ന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഒഡെയ്ന്‍ സ്മിത്ത് എന്നിവരാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, January 22, 2022, 17:31 [IST]
Other articles published on Jan 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X