T20 World Cup: പാകിസ്താനെതിരേ ഇന്ത്യയുടെ ബെസ്റ്റ് ഇലവന്‍, ബൗളിങില്‍ സംശയം

ഐസിസിയുടെ ടി20 ലോകകപ്പിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ മല്‍സരം 24ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും കന്നിയങ്കം കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയും പാകിസ്താനും ശ്രമിക്കുക.

ഇന്ത്യന്‍ കോച്ച രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ സംബന്ധിച്ച് ഈ ലോകകപ്പ് വളരെ സ്‌പെഷ്യലാണ്. കാരണം പരിശീലകനെന്ന നിലയില്‍ ദേശീയ ടീമിനോടൊപ്പം ശാസ്ത്രിയുടെ അവസാനത്തെ ടൂര്‍ണമെന്റാണിത്. കോലിയാവട്ടെ ഈ ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനവുമൊഴിയുകയാണ്. അതുകൊണ്ടു തന്നെ ലോകകപ്പ് വിജയത്തോടെ ഇത് അവിസ്മരണീയമാക്കാനായിരിക്കും രണ്ടു പേരുടെയും ശ്രമം. പാകിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയായിരിക്കുമെന്നു പരിശോധിക്കാം.

 രോഹിത്, രാഹുല്‍, കോലി

രോഹിത്, രാഹുല്‍, കോലി

ഐപിഎല്ലില്‍ ഓപ്പണറായാണ് കളിച്ചതെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ലോകകപ്പില്‍ ഈ റോളില്‍ ഇറങ്ങാന്‍ സാധ്യത കുറവാണ്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി മികച്ച ഫോമിലുള്ള കെഎല്‍ രാഹുലായിരിക്കും ഇറങ്ങിയേക്കുക. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഓപ്പണറായി കളിച്ച അദ്ദേഹം 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. അതുകൊണ്ടു തന്നെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാവാന്‍ ഏറ്റവും അര്‍ഹതയും രാഹുലിന് തന്നെയാണ്. നേരത്തേ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ അവസാന കളിയില്‍ രോഹിത്- കോലി ജോടി ഓപ്പണ്‍ ചെയ്തിരുന്നു. ഉജ്ജ്വല പ്രകടനവും ഇവര്‍ നടത്തിയിരുന്നു. പക്ഷെ ലോകകപ്പില്‍ ഈ കോംബോ ഇന്ത്യ പരീക്ഷിക്കാനിടയില്ല.

തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാംനമ്പറില്‍ തന്നെ കോലി ബാറ്റ് ചെയ്യാനെത്തും. രോഹിത്- രാഹുല്‍ ജോടി മികച്ച തുടക്കം നല്‍കുകയാണെങ്കില്‍ കോലിക്കു അതിവേഗം റണ്‍സെടുത്ത് ടീമിനെ മികച്ച ടോട്ടലിലേക്കു നയിക്കാന്‍ സാധിക്കും.

 സൂര്യകുമാര്‍, റിഷഭ്

സൂര്യകുമാര്‍, റിഷഭ്

കോലിക്കു പിറകെ നാലാമനായി ക്രീസിലേക്കു വരിക അറ്റാക്കിങ് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവായിരിക്കും. അദ്ദേഹത്തിന്റെ കരിയറിലെ കന്നി ലോകകപ്പ് കൂടിയാണിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളാണ് സൂര്യയെ ദേശീയ ടീമിലെത്തിച്ചത്. ഈ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും അവസാനത്തെ ലീഗ് മല്‍സരങ്ങളില്‍ സൂര്യ ഫോം വീണ്ടെടുത്തത് ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്.

സൂര്യക്കു പിന്നാലെ ക്രീസിലേക്കു വരുന്നത് മറ്റൊരു അഗ്രസീവ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തായിരിക്കും. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും റിഷഭിനാണ് മുന്‍തൂക്കം. ആക്രമിച്ചും പ്രതിരോധിച്ചും ഒരുപോലെ കളിക്കാന്‍ മിടുക്കനാണ് അദ്ദേഹം. എങ്കിലും തന്റെ തനതുശൈലിയായ വെടിക്കെട്ട് ബാറ്റിങാണ് റിഷഭില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്.

 ഹാര്‍ദിക്, ജഡേജ, ശര്‍ദ്ദുല്‍

ഹാര്‍ദിക്, ജഡേജ, ശര്‍ദ്ദുല്‍

ഫോമും ഫിറ്റ്‌നസില്ലായ്മയും വലയ്ക്കുന്നുണ്ടെങ്കിലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ ഇന്ത്യന്‍ ടീമിനു ഇപ്പോഴും വിശ്വാസമുണ്ട്. പാകിസ്താനെതിരായ ആദ്യ പോരാട്ടത്തിനു മുമ്പ് ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുത്ത് ബൗളിങ് പുനരാരംഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. ഫോമിലേക്കുയര്‍ന്നാല്‍ മല്‍സരഗതി തനിച്ച് മാറ്റിമറിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം. പാകിസ്താനെതിരേ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഹാര്‍ദിക് പ്ലെയിങ് ഇലവനില്‍ തന്നെയുണ്ടാവും.

ഹാര്‍ദിക്കിനു പിറകെ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെ ഇറക്കുന്നതാവും നല്ലത്. മികച്ച ഫോമിലുള്ള ജഡ്ഡു ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും ഇന്ത്യയുടെ നിര്‍ണായക താരമാണ്. ശര്‍ദ്ദുലാവട്ടെ ടീമിന്റെ ബ്രേക്ക്ത്രൂ സ്‌പെഷ്യലിസ്റ്റാണ്. എത്ര അപകടകരമായ കൂട്ടുകെട്ടും തകര്‍ക്കണമെങ്കില്‍ ശര്‍ദ്ദുല്‍ തന്നെ വേണം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതീക്ഷ അദ്ദേഹം തെറ്റിക്കാറുമില്ല.

 വരുണ്‍, ഭുവനേശ്വര്‍, ബുംറ

വരുണ്‍, ഭുവനേശ്വര്‍, ബുംറ

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി മിസ്റ്ററി ബൗളര്‍ വരുണ്‍ ചക്രവര്‍ത്തി കളിക്കാനാണ് സാധ്യത. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. അതുകൊണ്ടു തന്നെ വരുണിന് പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ കന്നി ലോകകപ്പ് കൂടിയാണിത്.

പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക പരിചയസമ്പന്നരായ പേസ് ജോടികളായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമായിരിക്കും. മറ്റൊരു പരിചയസമ്പന്നനായ മുഹമ്മദ് ഷമിയും ഇന്ത്യന്‍ സംഘത്തിലുണ്ടെങ്കിലും ഭുവിക്കു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. ബുംറയുടെ കാര്യത്തില്‍ സംശയത്തിന സ്ഥാനമില്ല.

 പാകിസ്താനെതിരേ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

പാകിസ്താനെതിരേ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍/ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. സ്റ്റാന്റ്ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍. നെറ്റ് ബൗളര്‍മാര്‍- ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്മാന്‍ മെരിവാല, വെങ്കടേഷ് അയ്യര്‍, കാണ്‍ ശര്‍മ, ഷഹബാസ് അഹമ്മദ്, കെ ഗൗതം.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 13, 2021, 20:23 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X