മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ചതിന് പിന്നാലെ, ടീം ബസിൽ വെച്ച് ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗിനെ പരിഹസിച്ച് അഭിഷേക് ശർമ്മ. അർഷ്ദീപിന് രണ്ട് വിക്കറ്റ് കീപ്പർമാരെ ആവശ്യമുണ്ടെന്നും അതിലൊരാളെ വൈഡ് ലൈനിന് അടുത്ത് നിർത്തണമെന്നുമാണ് അഭിഷേക് തമാശയായി പറഞ്ഞത്.
സെമി ഫൈനലിൽ അഞ്ച് വൈഡുകൾ അർഷ്ദീപ് എറിഞ്ഞതിനെ തുടർന്നായിരുന്നു ഈ പരാമർശം. മത്സരത്തിൽ വിൽ ജാക്സിന്റെ (35) നിർണ്ണായക വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 51 റൺസാണ് താരം വഴങ്ങിയത്.

തന്റെ സ്നാപ്ചാറ്റ് സ്റ്റോറിയിലൂടെ അർഷ്ദീപ് തന്നെയാണ് ഈ രസകരമായ വീഡിയോ പങ്കുവെച്ചത്. അഭിഷേകിന്റെ കമന്റിന് പിന്നാലെ ക്യാമറ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിലേക്ക് തിരിച്ച അർഷ്ദീപ്, രണ്ട് കീപ്പർമാരെ വെക്കുന്ന കാര്യം പരിഗണിക്കണോ എന്ന് ചോദിച്ചു.
അഭിഷേക് പറഞ്ഞത്:
"അർഷ്ദീപിന് 2 കീപ്പർമാരെ വേണം. ഒരാൾ നേരെ നിൽക്കണം, മറ്റൊരാൾ വൈഡ് ലൈനിന് അടുത്ത് വേണം."
അർഷ്ദീപ് സഞ്ജുവിനോട് ചോദിച്ചു:
"സഞ്ജു ഭായ്, നമുക്ക് 2 കീപ്പർമാരെ വെച്ചാലോ? നമ്മുടെ കയ്യിൽ ഇപ്പോൾ തന്നെ രണ്ട് കീപ്പർമാർ ഉണ്ടല്ലോ (സഞ്ജുവും ഇഷാനും)."
അർഷ്ദീപിന്റെ വൈഡുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ താരം ഏഴ് വൈഡുകൾ എറിഞ്ഞിരുന്നു. 2025 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഒരു ഓവറിൽ ഏഴ് വൈഡുകൾ എറിഞ്ഞ് അർഷ്ദീപ് റെക്കോർഡ് ഇട്ടിരുന്നു.
മൂന്ന് തുടർച്ചയായ വൈഡുകൾക്ക് ശേഷം വിൽ ജാക്സിനെ പുറത്താക്കി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 253/7 എന്ന സ്കോറാണ് നേടിയത്. 42 പന്തിൽ 89 റൺസെടുത്ത സഞ്ജു സാംസണായിരുന്നു ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബെഥേലും വിൽ ജാക്സും പൊരുതിയെങ്കിലും പതിനാലാം ഓവറിൽ അർഷ്ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. ആ ഓവറിൽ തുടർച്ചയായി മൂന്ന് വൈഡുകൾ എറിഞ്ഞ ശേഷമാണ് ജാക്സിനെ അർഷ്ദീപ് പുറത്താക്കിയത്. ബെഥേൽ 105 റൺസെടുത്ത് പൊരുതിയെങ്കിലും ഇംഗ്ലണ്ട് ഏഴ് റൺസകലെ വീണു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.
ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കലാശപ്പോരാട്ടത്തിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും തന്ത്രശാലികളായ ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ആകാംക്ഷയുടെ മുനമ്പിലാണ്. സെമിയിൽ ഇംഗ്ലണ്ടിനെ തകർത്തെത്തിയ ആത്മവിശ്വാസത്തിൽ ഇന്ത്യയിറങ്ങുമ്പോൾ, തങ്ങളുടെ കന്നി ടി20 കിരീടമാണ് കിവീസ് ലക്ഷ്യമിടുന്നത്. സെമി ഫൈനലിലെ ഹീറോ സഞ്ജു സാംസണിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. എന്നാൽ ഓപ്പണർ അഭിഷേക് ശർമ്മയുടെ മോശം ഫോം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ബൗളിംഗിൽ ജസ്പ്രീത് ബുംറ എന്ന ലോകോത്തര പേസറാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. സെമിയിൽ ഇംഗ്ലണ്ടിനെ പൂട്ടിയതുപോലെ ഡെത്ത് ഓവറുകളിൽ ബുംറ നടത്തുന്ന പ്രകടനം ഫൈനലിലും നിർണ്ണായകമാകും.