ദോഹ: ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഇത്തവണത്തെ വിധി ഇന്നറിയാം. ഗ്രൂപ്പ് സിയില്‍ പോളണ്ടുമായാണ് അര്‍ജന്റീനയുടെ പോരാട്ടം. ജയിക്കാനാവാത്ത പക്ഷെ അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത അവസാനിക്കുമെന്ന് തന്നെ പറയാം. പോളണ്ട് ഒരു ജയവും സമനിലയുമായി നാല് പോയിന്റോടെ തലപ്പത്താണ്. അര്‍ജന്റീനയോട് സമനില പിടിച്ചാല്‍ പോലും പോളണ്ടിന് പ്രീ ക്വാര്‍ട്ടര്‍ സീറ്റ് നേടാം. എന്നാല്‍ അര്‍ജന്റീനയുടെ അവസ്ഥ അങ്ങനെയെല്ല.
സൗദി അറേബ്യയോട് തോല്‍ക്കേണ്ടി വന്ന അര്‍ജന്റീനക്ക് പോളണ്ടിനെ തോല്‍പ്പിക്കാനാവാതെ വന്നാല്‍ മടക്ക ടിക്കറ്റ് വാങ്ങേണ്ടി വരും. മൂന്ന് പോയിന്റാണ് അര്‍ജന്റീനക്കും സൗദി അറേബ്യക്കുമുള്ളത്. അര്‍ജന്റീന തോല്‍ക്കുകയും മെക്‌സിക്കോയെ സൗദി അറേബ്യ തോല്‍പ്പിക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ പോലും അര്‍ജന്റീന പുറത്താകും. മത്സരഫലം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ചില താരങ്ങളുടെ പ്രകടനമാണ്. അത് ഏതൊക്കെയാണെന്ന് നോക്കാം.
Also Read: IND vs NZ: സഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നത് 'മല്ലു ഫാന്‍സ്', രൂക്ഷ വിമര്‍ശനവുമായി കോച്ച്
ലൗട്ടാരോ മാര്‍ട്ടിനെസ്-ജാക്കുബ് കിവിയോര്‍
അര്‍ജന്റീനയെ സംബന്ധിച്ച് ലയണല്‍ മെസിയുടെ ഒറ്റയാള്‍ പ്രകടനംകൊണ്ട് പോളണ്ടിനെ കീഴ്‌പ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ അര്‍ജന്റീന വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഇന്റര്‍മിലാന്‍ താരമായ ലൗട്ടാറോ മാര്‍ട്ടിനെസ്. ലക്ഷ്യം പിഴക്കാത്ത താരങ്ങളിലൊരാളാണ് മാര്‍ട്ടിനെസെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. മെസിക്കൊപ്പം മാര്‍ട്ടിനെസിന്റെ പ്രകടനം ഇന്ന് നിര്‍ണ്ണായകം. പോളണ്ട് നിരയിലെ സെന്റര്‍ ബാക്ക് ജാക്കൂബ് കിവിയറാവും മാര്‍ട്ടിനെസിനെ പൂട്ടാന്‍ തയ്യാറെടുക്കുന്നത്. കിവിയറിന്റെ പ്രതിരോധത്തിലെ മികവ് അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍മാര്‍ക്ക് വലിയ തലവേദനയായേക്കും. കിവിയര്‍ ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടിയിരുന്നു.
ഏഞ്ചല്‍ ഡി മരിയ-ബാര്‍ത്തോസ് ബെര്‍സിന്‍സ്‌കി
ലയണല്‍ മെസി മിശിഹയാണെങ്കില്‍ അര്‍ജന്റീനയുടെ കാവല്‍ മാലാഖയാണ് ഏഞ്ചല്‍ ഡി മരിയ. സ്‌കലോണിയുടെ തന്ത്രങ്ങളില്‍ നിര്‍ണ്ണായക റോളുള്ള താരമാണ് ഡി മരിയ. മെസിയിലേക്ക് പന്തെത്തിക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഡി മരിയ മിടുക്കനാണ്. എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലും മികവിനൊത്ത് ഉയരാന്‍ ഡി മരിയക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം പോളണ്ടിനെതിരേ ഡി മരിയയുടെ പ്രകടനം അര്‍ജന്റീനക്ക് നിര്‍ണ്ണായകമാവും. ഡി മരിയയെ പൂട്ടാന്‍ പോളണ്ടിന്റെ സെന്റര്‍ ബാക്ക്് ബാര്‍ത്തോസ് ബെര്‍സിന്‍സ്‌കിയാണുള്ളത്. ഡി മരിയയെ പിടിച്ചുകെട്ടുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ബെര്‍സിന്‍സ്‌കിയ്ക്കാണുള്ളത്. ഡി മരിയയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.
റോഡ്രിഗോ ഡി പോള്‍ - പിയോറ്റര്‍ സിലെന്‍സ്‌കി
അത്‌ലറ്റികോ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡി പോള്‍ ഇത്തവണ മികച്ച ഫോമിലല്ലെങ്കിലും അര്‍ജന്റീനക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. പാസുകളിലൂടെ മെസിയിലേക്ക് പന്തെത്തിക്കാന്‍ മിടുക്കനാണ് ഡി പോള്‍. അതുകൊണ്ട് തന്നെ പോളണ്ടിന് ജയിക്കാന്‍ ഡി പോളിനെ പൂട്ടേണ്ടത് അത്യാവശ്യമാണ്. അതേ സമയം പോളണ്ടിന്റെ മിഡ് ഫീല്‍ഡര്‍ പിയോറ്റര്‍ സിലെന്‍സ്‌കിയാവും ഡി പോളിനെ പൂട്ടാന്‍ തന്ത്രം മെനയുക. രണ്ട് പേരുടെയും പ്രകടനം മത്സര ഫലം നിര്‍ണ്ണയിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ടതായിരിക്കും.
റോബര്‍ട്ട് ലെവന്‍ഡോസ്‌കി-ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്
പോളണ്ടിന്റെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ്. മുന്‍ ബയേണ്‍ മ്യൂണിക് ഗോള്‍ മിഷ്യന്‍ ഇപ്പോള്‍ ബാഴ്‌സലോണക്കായാണ് ബൂട്ടണിയുന്നത്. ഇത്തവണ വലിയ ഫോമിലല്ല ലെവന്‍ഡോസ്‌കി. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരാന്‍ കഴിവുള്ള സൂപ്പര്‍ താരമാണ് ലെവന്‍ഡോസ്‌കി. താരത്തെ പൂട്ടാതെ അര്‍ജന്റീനക്ക് ജയിക്കാനാവില്ല. അതുകൊണ്ട് തന്നെ സെന്റര്‍ ബാക്കായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസാവും ലെവന്‍ഡോസ്‌കിയ്ക്ക് പൂട്ടിടാനുള്ള ദൗത്യം ഏറ്റെടുക്കുക. മികച്ച കരുത്തുള്ള മാര്‍ട്ടിനെസിന് ലെവന്‍ഡോസ്‌കിക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Also Read: ടെസ്റ്റും ഏകദിനവും കളിച്ചു, പക്ഷെ ടി20യില്‍ ഇന്ത്യ അവസരം നല്‍കിയില്ല! അഞ്ച് പേര്
ലയണല്‍ മെസി-കാമില്‍ ഗ്ലിക്ക്
ലയണല്‍ മെസിയുടെ ബൂട്ടുകള്‍ അത്ഭുതങ്ങളുടെ കലവറയാണ്. ഏത് സാഹചര്യത്തിലും വലകുലുക്കാന്‍ ശേഷിയുള്ള മെസിയെ എങ്ങനെ പൂട്ടുമെന്നതിന്റെ അടിസ്ഥാനത്തിലാവും പോളണ്ടിന്റെ വിജയ സാധ്യത. മെസിക്ക് ലോക്കിടാന്‍ കാമില്‍ ഗ്ലിക്കിനെയാവും പോളണ്ട് നിയോഗിക്കുക. സൗദി അറേബ്യക്കെതിരേയും മെക്‌സിക്കോയ്‌ക്കെതിരേയും തിളങ്ങിയ മെസിക്ക് പോളണ്ടിനെതിരേയും വലകുലുക്കിയേ മതിയാവു. ഈ താരപോരാട്ടങ്ങള്‍ മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.