വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ ക്രിക്കറ്റിലെ വലിയ 'ചട്ടമ്പികള്‍'

മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. എന്നുകരുതി ക്രിക്കറ്റില്‍ വിവാദങ്ങള്‍ ഒട്ടും കുറവല്ല. സ്ലെഡ്ജിങ്, ഒത്തുകളി, വാക്കേറ്റം, തന്നിഷ്ടം തുടങ്ങിയ തെറ്റായ കാര്യങ്ങള്‍ക്ക് താരങ്ങള്‍ വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നത് ആരാധകര്‍ പലകുറി കണ്ടുകഴിഞ്ഞു. ഇത്തരം വിഷയങ്ങളില്‍പ്പെട്ട് ചിലര്‍ കരിയര്‍ തുലച്ചു; ചിലര്‍ക്ക് ഭീമമായി തുക പിഴയായി ഒടുക്കേണ്ടിയും വന്നു.

എന്തായാലും ഇന്ന് കളത്തിനകത്തും പുറത്തും സംഭവിക്കുന്ന അച്ചടക്കലംഘനങ്ങള്‍ക്ക് എതിരെ കര്‍ശനമായ നടപടി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ദേശീയ ക്രിക്കറ്റ് ബോര്‍ഡുകളും സ്വീകരിക്കുന്നുണ്ട്. ഈ അവസരത്തില്‍ ക്രിക്കറ്റ് കണ്ട വലിയ ചട്ടമ്പികള്‍ ആരൊക്കെയെന്ന് ചുവടെ പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍ — ഓസ്‌ട്രേലിയ

ഡേവിഡ് വാര്‍ണര്‍ — ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ടീമിലെ ഗോലിയാത്താണ് ഡേവിഡ് വാര്‍ണര്‍. മികവും തികവുമൊത്ത ബാറ്റ്‌സ്മാന്‍. പക്ഷെ ക്രിക്കറ്റിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാന്‍ വാര്‍ണറിന് കഴിയുമോ? സംശയമുണ്ട്. സംഭവബഹുലമാണ് വാര്‍ണറിന്റെ കരിയര്‍. ഒരു ഫസ്റ്റ് ക്ലാസ് മത്സരംപോലും കളിക്കാതെ ഓസ്‌ട്രേലിയന്‍ ടീമിലെത്തിയ ഡേവിഡ് വാര്‍ണര്‍ മൂന്നു ഫോര്‍മാറ്റിലും അതിവേഗമാണ് നിലയുറപ്പിച്ചത്.

പത്തു വര്‍ഷത്തിലേറെ നീളും വാര്‍ണറിന്റെ കരിയര്‍. ഇക്കാലയളവില്‍ താരം ഒടുക്കിയ പിഴകള്‍ക്കും നേരിട്ട വിലക്കുകള്‍ക്കും എണ്ണവും കണക്കുമില്ല. എന്നാല്‍ 2018 മാര്‍ച്ചിലെ പന്തുചുരുണ്ടല്‍ വിവാദം വാര്‍ണറിന്റെ പ്രതിച്ഛായ പാടെ തകര്‍ത്തു.

വാർണറുടെ ചരിത്രം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കേപ്പ് ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചതിന് അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ഐസിസി രണ്ടു വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിലക്കുകയായിരുന്നു.

പോയവര്‍ഷമാണ് വിലക്കു നീങ്ങി വാര്‍ണര്‍ തിരിച്ചെത്തിയത്. ഐപിഎല്ലില്ലും തുടര്‍ന്ന് ലോകകപ്പിലും വാര്‍ണര്‍ റണ്‍സുകള്‍ വാരിക്കൂട്ടി. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയിലും ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വാര്‍ണറെ ആരാധകര്‍ കണ്ടു. പക്ഷെ പന്തുചുരണ്ടല്‍ വിവാദം വീഴ്ത്തിയ കരിനിഴല്‍ മായാന്‍ ഇതൊന്നും പോരാ. ബാറില്‍ വെച്ച് ജോ റൂട്ടിനെ കയ്യേറ്റം ചെയ്തതും ഹോട്ടല്‍ ലോബിയില്‍ വെച്ച് ക്വിന്റണ്‍ ഡി കോക്കുമായി വാക്കേറ്റം നടത്തിയതുമെല്ലാം ഡേവിഡ് വാര്‍ണറുടെ ചട്ടമ്പിത്തരങ്ങളില്‍പ്പെടും.

ക്രിസ് ഗെയ്ല്‍ — വെസ്റ്റ് ഇന്‍ഡീസ്

ക്രിസ് ഗെയ്ല്‍ — വെസ്റ്റ് ഇന്‍ഡീസ്

ബിഗ് ബാഷ് ലീഗിനിടെ ടിവി അവതാരക മെല്‍ മക്ലാലിനോട് അപമര്യാദയായി പെരുമാറിയതാണ് ഗെയ്‌ലിന്റെ പുസ്തകത്തിലെ ഏറ്റവും ഒടുവിലത്തെ ബ്ലാക്ക് മാര്‍ക്ക്. സംഭവത്തില്‍ 10,000 ഡോളര്‍ പിഴയായി താരത്തിന് ഒടുക്കേണ്ടി വന്നു. സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ ഗെയ്ല്‍ ഇതാദ്യമായല്ല വിമര്‍ശനവും ശിക്ഷയും ഏറ്റുവാങ്ങുന്നത്. മുന്‍പ് ബ്രീട്ടീഷ് വനിതാ ജേണലിസ്റ്റ് ചാര്‍ലറ്റ് എഡ്‌വാര്‍ഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലൈംഗികത കലര്‍ത്തി സംസാരിച്ചതിന് ഗെയ്‌ലിന് നേരെ രോഷം ഉയര്‍ന്നിരുന്നു.

ഒരു തവണ ഗെയ്ല്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ നിന്നും അനധികൃതമായി രാജ്യത്തെത്തിയ മൂന്നു ബ്രിട്ടീഷ് സ്ത്രീകളെ ശ്രീലങ്കന്‍ പൊലീസ് പിടികൂടിയതും ക്രിക്കറ്റിനകത്തും പുറത്തും വാര്‍ത്തയായി.

ഹെര്‍ഷല്‍ ഗിബ്‌സ് — ദക്ഷിണാഫ്രിക്ക

ഹെര്‍ഷല്‍ ഗിബ്‌സ് — ദക്ഷിണാഫ്രിക്ക

ബാറ്റിങ് വെടിക്കെട്ടിന് പേരുകേട്ട മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറാണ് ഹെര്‍ഷല്‍ ഗിബ്‌സ്. ഗിബ്‌സിനെ കുറിച്ച് പറയുമ്പോള്‍ 1999 ലോകകപ്പില്‍ സ്റ്റീവ് വോയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയ സംഭവമായിരിക്കും ആരാധകര്‍ക്ക് ആദ്യം ഓര്‍മ്മ വരിക. സംഭവബഹുലമായ കരിയറില്‍ വിവാദങ്ങളുടെ സന്തതസഹചാരിയായിരുന്നു ഗിബ്‌സ്. 2007 -ല്‍ പാകിസ്താനെതിരായ ടെസ്റ്റില്‍ വംശീയ അധിക്ഷേപം നടത്തിയത്തിന് താരത്തെ രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കുകയുണ്ടായി.

ഗിബ്സിന്റെ ചരിത്രം

2001 -ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടീമംഗങ്ങള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിച്ചതിനും വലിയ തുക പിഴയായി ഗിബ്‌സിന് ഒടുക്കേണ്ടി വന്നു. ഇന്ത്യയുമായുളള ഏകദിന മത്സരത്തില്‍ ഒത്തുകളിക്കാന്‍ സമ്മതിച്ചെന്ന ഗിബ്‌സിന്റെ വെളിപ്പെടുത്തലും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 20 റണ്‍സിന് താഴെ പുറത്താവണമെന്നാണ് വാതുവെയ്പ്പുകാര്‍ താരത്തോട് ആവശ്യപ്പെട്ടത്. ഇതിനായി 15,000 ഡോളര്‍ പ്രതിഫലവും ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ മത്സരത്തില്‍ 74 റണ്‍സ് അടിച്ചാണ് ഗിബ്‌സ് മടങ്ങിയത്. സംഭവത്തില്‍ ആറു മാസത്തെ വിലക്ക് താരത്തിന് നേരിടേണ്ടി വന്നു.

ആന്‍ഡ്രൂ ഫ്‌ളിന്റോഫ് — ഇംഗ്ലണ്ട്

ആന്‍ഡ്രൂ ഫ്‌ളിന്റോഫ് — ഇംഗ്ലണ്ട്

21 ആം നൂറ്റാണ്ടിലെ ആദ്യ ദശകം ഇംഗ്ലണ്ട് ടീമിലെ 'വില്ലാളിവീരനായിരുന്നു' ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. മത്സരഗതി തിരുത്തിക്കുറിക്കുന്ന അപൂര്‍വ പ്രതിഭ. 2005 -ലെ ആഷസ് പ്രകടനം ഫ്‌ളിന്റോഫിനെ ഇംഗ്ലണ്ടിന്റെ ഹീറോയാക്കി മാറ്റി. 2002 -ല്‍ ഇന്ത്യയ്‌ക്കെതിരെ വാംഖഡേയില്‍ ജയിച്ചതിന് പിന്നാലെ ഷര്‍ട്ടൂരി ചുഴറ്റിയ ഫ്‌ളിന്റോഫിനെ ആരും മറക്കാനിടയില്ല. ഇതേ സംഭവം മനസില്‍വെച്ചാണ് ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിച്ചപ്പോള്‍ സൗരവ് ഗാംഗുലി ഷര്‍ട്ടൂരി ആഘോഷിച്ചത്. എന്തായാലും 2005 -ലെ ആഷസിന് ശേഷം ഫ്‌ളിന്റോഫിന് തൊട്ടതെല്ലാം പിഴച്ചു.

ഫ്‌ളിന്റോഫിന്റെ ചരിത്രം

ഫ്‌ളിന്റോഫിന് കീഴില്‍ ടീം തുടര്‍ച്ചയായി പരാജയം രുചിച്ചതും പരിശീലകന്‍ ഡങ്കന്‍ ഫ്‌ളെച്ചര്‍ നായക പദവിയില്‍ നിന്ന് താരത്തെ മാറ്റാന്‍ ആവശ്യപ്പെട്ടതുമെല്ലാം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. വെസ്റ്റ് ഇൻഡീസില്‍ നടന്ന 2007 ലോകകപ്പിലാണ് ഫ്‌ളിന്റോഫിന്റെ നില കൂടുതല്‍ പരുങ്ങലിലായത്. ടൂര്‍ണമെന്റിനിടെ മദ്യപിച്ച് ലക്കുകെട്ട ഫ്‌ളിന്റോഫിനെ ടീം മാനേജ്‌മെന്റ് ഉടനടി വൈസ്് ക്യാപ്റ്റനായി തരംതാഴ്ത്തി. 2007 ട്വന്റി-20 ലോകകപ്പില്‍ ഫ്‌ളിന്റോഫിന്റെ പ്രകോപനത്തെ തുടര്‍ന്നാണ് യുവരാജ് സിങ് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ ആറ് സിക്‌സ് തുടരെ അടിച്ച് കണക്കുതീര്‍ത്തത്.

ബെന്‍ സ്‌റ്റോക്ക്‌സ് — ഇംഗ്ലണ്ട്

ബെന്‍ സ്‌റ്റോക്ക്‌സ് — ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വലിയ വില്ലന്‍ ഫ്‌ളിന്റോഫാണെന്ന് കരുതിയാല്‍ തെറ്റി. ഫ്‌ളിന്റോഫിനെ കടത്തിവെട്ടുന്ന ബെന്‍ സ്‌റ്റോക്ക്‌സുണ്ട് ഇപ്പോള്‍ ടീമില്‍. 2011 ഓഗസ്റ്റിലാണ് സ്‌റ്റോക്ക്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.നാലു മാസങ്ങള്‍ക്ക് ശേഷം ദര്‍ഹാമില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സ്്‌റ്റോക്ക്‌സ് അറസ്റ്റിലായി. സംഭവം നടക്കുമ്പോള്‍ താരം മദ്യപിച്ചിരുന്നു. 2013 -ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അളവില്‍ക്കൂടുതല്‍ മദ്യപിച്ചതിനും അച്ചടക്കലംഘനം നടത്തിയതിനും സഹതാരം മാറ്റ് കോള്‍സിനൊപ്പം സ്‌റ്റോക്കസിനെ ടീം മാനേജ്‌മെന്റ് നാട്ടിലേക്ക് തിരിച്ചയച്ചു.

സ്റ്റോക്ക്സിന്റെ ചരിത്രം

ബ്രിസ്‌റ്റോളിലെ ഒരു ബാറിന് പുറത്തുവെച്ച് രണ്ടാളുകളെ കയ്യേറ്റം ചെയ്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് താരത്തെ താത്കാലികമായി പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് അന്നത്തെ ആഷസ് പരമ്പരയും താരത്തിന് നഷ്ടപ്പെട്ടു. കോപം നിയന്ത്രിക്കുന്ന കാര്യത്തിലും സ്‌റ്റോക്ക്‌സിന് ഏറെ ബുദ്ധിമുട്ടുണ്ട്.

2014 -ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒരു മത്സരത്തില്‍ റണ്ണൗട്ടായതിനെ തുടര്‍ന്ന് ഡ്രസിങ് റൂമിലെത്തിയ സ്റ്റോക്ക്‌സ് ലോക്കര്‍ തല്ലിത്തകര്‍ത്താണ് കോപമടക്കിയത്. ഈ സംഭവത്തില്‍ ഇദ്ദേഹത്തിന്് പരുക്കുമേറ്റു. മാര്‍ലണ്‍ സാമുവല്‍സ്, വിരാട് കോലി എന്നിവരുമായും ബെന്‍ സ്‌റ്റോക്ക്‌സ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ആന്‍ഡ്രൂ സിമണ്ട്‌സ് — ഓസ്‌ട്രേലിയ

ആന്‍ഡ്രൂ സിമണ്ട്‌സ് — ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ കണ്ട ഇതിഹാസ താരങ്ങളിലൊരാളായിരുന്നു ആന്‍ഡ്രൂ സിമണ്ട്‌സ്. എന്നാല്‍ വിവാദങ്ങള്‍ താരത്തിന്റെ നിറംകെടുത്തി. 2003 ലോകകപ്പില്‍ സിമണ്ട്‌സ് ടീമില്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ച ഓസീസ് നായകന്‍ റിക്കി പോണ്ടിങ് തന്നെ 2005 ആഷസിന് മുന്‍പ് താരത്തെ പുറത്താക്കാന്‍ മുന്‍കയ്യെടുത്തു. സിമണ്ട്‌സ് മദ്യപിച്ച് പരിശീലനത്തിന് വന്നതിനെ തുടര്‍ന്നായിരുന്നു പോണ്ടിങ്ങിന്റെ നടപടി. 2009 -ല്‍ ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി-20 ലോകകപ്പിനിടെയും സിമണ്ട്‌സ് മദ്യപിക്കുന്നത് മാനേജ്മെന്റ് കണ്ടെത്തി. താരത്തെ നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.

സിമണ്ട്സിന്റെ ചരിത്രം

2008 -ലെ മങ്കിഗേറ്റ് വിവാദമാണ് സിമണ്ട്‌സിന്റെ കരിയറിലെ മറ്റൊരു സംഭവം. സിഡ്‌നിയില്‍ രണ്ടാം ടെസ്റ്റിനിടെ ഹര്‍ഭജന്‍ സിങ് കുരങ്ങെന്ന് വിളിച്ച് തന്നെ അധിക്ഷേപിച്ചതായി സിമണ്ട്‌സ് പരാതി നല്‍കി. വിഷയത്തില്‍ ഹര്‍ഭജന് ഐസിസി പിഴയും വിധിച്ചു. 2009 കാലത്തില്‍ ഓസീസ് ടീമിന്റെ പതിവ് തലവേദനയായി സിമണ്ട്‌സ് മാറിയിരുന്നു. ഇക്കാലത്ത് ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കിടെ ടീം മീറ്റിങ്ങില്‍ പങ്കെടുക്കാതെ ചൂണ്ടയിടാന്‍ പോയ സിമണ്ട്‌സ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ രോഷത്തിന് പാത്രമായി. ഇതേവര്‍ഷമാണ് സിമണ്ട്‌സുമായുള്ള കരാര്‍ ബോര്‍ഡ് റദ്ദാക്കിയത്.

ഹാര്‍ദ്ദിക് പാണ്ഡ്യ — ഇന്ത്യ

ഹാര്‍ദ്ദിക് പാണ്ഡ്യ — ഇന്ത്യ

'കോഫി വിത്ത് കരണ്‍' ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വില്ലനായത്. ഈ സംഭവത്തില്‍ കെഎല്‍ രാഹലും പാണ്ഡ്യയ്‌ക്കൊപ്പം പങ്കാളിയായി. രാജ്യത്തിന്റെ നാനോകോണില്‍ നിന്നും താരത്തിന്് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും പാണ്ഡ്യയെയും കെഎല്‍ രാഹുലിനെയും ബിസിസിഐ തിരിച്ചുവിളിച്ചു. ഒരു സുപ്രഭാതത്തില്‍ കൈവന്ന പണത്തിലും പ്രശസ്തിയിലും പാണ്ഡ്യയുടെ കണ്ണുകള്‍ മഞ്ഞളിച്ചെന്നാണ് വിഷയത്തില്‍ പരക്കെ ഉയര്‍ന്ന ആക്ഷേപം.

പാണ്ഡ്യയുടെ ചരിത്രം

കഷ്ടപാടുകളില്‍ നിന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ക്രിക്കറ്റിന്റെ ഉന്നതങ്ങളിലെത്തിയത്. ടീം ഇന്ത്യ ഏറെക്കാലം അന്വേഷിച്ച് നടന്ന ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായി പേരെടുക്കാന്‍ പാണ്ഡ്യയ്ക്ക് ഏറെ സമയം വേണ്ടിവന്നില്ല. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം പാണ്ഡ്യയ്ക്ക് ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. എന്നാല്‍ ഈ പ്രതാപങ്ങള്‍ക്കിടെയാണ് കെഎല്‍ രാഹുലിനൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ ചാറ്റ് ഷോയില്‍ പങ്കെടുത്തതും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതും.

ഹര്‍ഭജന്‍ സിങ് — ഇന്ത്യ

ഹര്‍ഭജന്‍ സിങ് — ഇന്ത്യ

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മൂന്നാമത്തെ താരമാണ് ഹര്‍ഭജന്‍ സിങ്. 103 മത്സരങ്ങളില്‍ നിന്നും 417 വിക്കറ്റുകളുണ്ട് ഹര്‍ഭജന്റെ പേരില്‍. ടെസ്റ്റില്‍ ആദ്യ ഹാട്രിക് കുറിച്ച ഇന്ത്യന്‍ ബൗളറും ഭാജി തന്നെ. അശ്വിനും ജഡേജയും വരുന്നതുവരെ ഹര്‍ഭജനും കുംബ്ലൈയുമായിരുന്നു ഇന്ത്യയുടെ പതിവു സ്്പിന്‍ ജോടി. ഇതൊക്കെയാണെങ്കിലും കളത്തിലെ പെരുമാറ്റത്തില്‍ ഹര്‍ഭജന് കിട്ടിയ വിലക്കുകള്‍ക്കും പിഴകള്‍ക്കും കയ്യും കണക്കുമില്ല.തുടക്കകാലത്ത് റിക്കി പോണ്ടിങ്ങിന്റെ വിക്കറ്റു നേടിയതിന് പിന്നാലെ നടത്തിയ പ്രകോപനപരമായ പെരുമാറ്റം ഒരു മത്സരത്തില്‍ നിന്നുള്ള വിലക്ക് ഹര്‍ഭജന് നേടിക്കൊടുത്തു.

ഹർഭജന്റെ ചിത്രം

2002 -ല്‍ ഗുവാഹത്തി പൊലീസുമായി താരം ഇടഞ്ഞു. 2005 -ല്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലുമായും ഇദ്ദേഹം പരസ്യമായി പോരിനിറങ്ങി. 2006 -ല്‍ തലപ്പാവില്ലാതെ ഒരു മദ്യ ബ്രാന്‍ഡിനെ പ്രതിനിധീകരിച്ചതിനും ഹര്‍ഭജന്‍ പൊല്ലാപ്പ് പിടിച്ചു. 2008 -ലാണ് ഹര്‍ഭജന്റെ കരിയറിനെ പിടിച്ചുകുലുക്കിയ മങ്കിഗേറ്റ് വിവാദം നടന്നത്. തുടര്‍ന്ന് ഐപിഎല്‍ മത്സരത്തിനിടെ ശ്രീശാന്തിന്റെ കരണത്തടിച്ചതിന് സീസണ്‍ മുഴുവന്‍ വിലക്കും ഹര്‍ഭജന്‍ വാങ്ങി.

ഷെയ്ന്‍ വോണ്‍ — ഓസ്‌ട്രേലിയ

ഷെയ്ന്‍ വോണ്‍ — ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ടീം വാര്‍ത്തെടുത്ത മറ്റൊരു ഇതിഹാസമാണ് ഷെയ്ന്‍ വോണ്‍. എന്നാല്‍ പലപ്പോഴായ തെറ്റായ കാരണങ്ങള്‍ക്കാണ് വോണ്‍ പത്രത്താളുകളില്‍ നിറഞ്ഞത്. മദ്യം, മയക്കുമരുന്ന്, ലൈംഗിക ബന്ധങ്ങള്‍, കയ്യേറ്റം, വിവാഹിതര ബന്ധങ്ങള്‍, ഒത്തുകളി, ഉത്തേജക മരുന്നുപയോഗം തുടങ്ങിയ എല്ലാ സംഭവങ്ങളിലും ഷെയ്ന്‍ വോണ്‍ പേരറിയിച്ചു. 1994 -ലാണ് വാതുവെയ്പ്പുമായി ബന്ധപ്പെട്ട്് ഷെയ്ന്‍ വോണിന്റെ പേര് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് താരത്തിന് കിട്ടി. 'തടി കുറയ്ക്കാന്‍' കഴിച്ച മരുന്നു കാരണം 2003 -ലെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും വോണ്‍ പുറത്തായി.

ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും ഏറെ പരസ്യമായിരുന്നു. വോണിന്റെ പ്രതാപകാലത്തുതന്നെ ഒട്ടനവധി സ്ത്രീകളുമായുളള ബന്ധം പുറത്തുവരികയുണ്ടായി. 2009 -ലെ ഐപിഎല്‍ മത്സരത്തില്‍ ആരാധകനില്‍ നിന്നും ബിയര്‍ വാങ്ങി കൂടിച്ചതും ഏറെ വിവാദം സൃഷ്ടിച്ചു.

ശുഐബ് അക്തര്‍ — പാകിസ്താന്‍

ശുഐബ് അക്തര്‍ — പാകിസ്താന്‍

14 വര്‍ഷം നീണ്ട സുദീര്‍ഘമായ കരിയറില്‍ റാവല്‍പിണ്ടി എക്‌സ്പ്രസ് ശുഐബ് അക്തറിനെയും വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. 2006 -ല്‍ ഉത്തേജക മരുന്നു ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ വിലക്ക് അക്തര്‍ ഏറ്റുവാങ്ങി. പന്തില്‍ കൃത്രിമം കാട്ടിയതിനും അനുവദനീയമല്ലാത്ത ബൗളിങ് ആക്ഷന്റെ പേരിലും അക്തര്‍ ഏറെക്കാലം സംശയത്തിന്റെ നിഴലില്‍ നിന്നു. 2002 -ല്‍ സിംബാബ്‌വേ പര്യടനത്തിനിടെ കാണികള്‍ക്ക് നേരെ കുപ്പിയെറിഞ്ഞതിനും അക്തര്‍ അച്ചടക്കലംഘന നടപടികള്‍ നേരിട്ടു.

Story first published: Tuesday, February 4, 2020, 16:59 [IST]
Other articles published on Feb 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X