ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രണ്ടാം തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ത്രില്ലിങ് മത്സരത്തില്‍ 4 റണ്‍സിനാണ് ജിടിയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ജിടിക്ക് 8 വിക്കറ്റിന് 220 റണ്‍സാണ് നേടാനായത്. ഡേവിഡ് മില്ലറും (55) റാഷിദ് ഖാനും (21*) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്താനായില്ല.
വെറും 4 റണ്‍സിന്റെ തോല്‍വി ഗുജറാത്തിന് നേരിടേണ്ടി വന്നതോടെ നായകന്‍ ശുബ്മാന്‍ ഗില്ലിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ശുബ്മാന്റെ മണ്ടന്‍ തീരുമാനങ്ങളാണ് ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായതെന്ന് നിസംശയം പറയാം. ബൗളിങ്ങില്‍ ശുബ്മാന്‍ ഗില്ലെടുത്ത ചില വിചിത്ര തീരുമാനങ്ങള്‍ ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായി മാറുകയായിരുന്നു.
പഞ്ചാബിനെതിരേ 4 ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുമായി കളിയിലെ താരമായ ബൗളറാണ് സായ് കിഷോര്‍. ഡല്‍ഹിക്കെതിരേ ഗുജറാത്തിന്റെ പ്ലേയിങ് 11ല്‍ സായ് കിഷോറുണ്ടായിരുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്‍ 19ാം ഓവറിലാണ് താരത്തിന് പന്ത് നല്‍കിയത്. സ്പിന്നര്‍മാര്‍ക്ക് ഭേദപ്പെട്ട പിന്തുണ പിച്ചിലുണ്ടായിരുന്നു. എന്നിട്ടും സായ് കിഷോറിന് ശുബ്മാന്‍ ഓവര്‍ നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.
റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്‌സും മിന്നും ഫോമില്‍ നില്‍ക്കവെ 19ാം ഓവറില്‍ സായിയെ ഉപയോഗിച്ചത് മണ്ടന്‍ തീരുമാനമായി. സ്റ്റബ്‌സ് കടന്നാക്രമിച്ചതോടെ 22 റണ്‍സാണ് ഈ ഓവറില്‍ സായി വഴങ്ങിയത്. പിച്ചിനെ മനസിലാക്കാനുള്ള അവസരം പോലും സായിക്ക് നല്‍കാതെ 19ാം ഓവറില്‍ തല്ലുവാങ്ങിക്കാനായി ശുബ്മാന്‍ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് പറയാം. മികച്ച ഫോമിലുള്ള സ്പിന്നറെ നേരത്തെ ഉപയോഗിക്കാതിരുന്നത് ലോക മണ്ടത്തരമായി.

പൊതുവേ തല്ലുകൊള്ളി ബൗളറാണ് സന്ദീപ് വാര്യര്‍. എന്നാല്‍ ഇന്ന് മികച്ച ഫോമിലാണ് താരം പന്തെറിഞ്ഞത്. ആദ്യത്തെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് സന്ദീപായിരുന്നു. 3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയിട്ടും സന്ദീപിന് നാലാം ഓവര്‍ നല്‍കാന്‍ ശുബ്മാന്‍ ഗില്‍ തയ്യാറായില്ല. ഇതും നായകന്റെ മണ്ടന്‍ തീരുമാനമായിത്തന്നെ പറയാം. 19ാം ഓവറില്‍ സായിക്ക് പകരം സന്ദീപിന് നല്‍കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകാന്‍ സാധ്യത കൂടുതലായിരുന്നു.
എന്തുകൊണ്ടാണ് സന്ദീപിന് നാലാം ഓവര്‍ നല്‍കാതിരുന്നതെന്നത് ശുബ്മാന് മാത്രം വ്യക്തമാക്കാന്‍ സാധിക്കുന്ന കാര്യമാണ്. മോഹിത് ശര്‍മ മീഡിയം പേസറാണ്. റിഷഭ് പന്തിനെപ്പോലൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനെതിരേ മോഹിത്തിനെ അവസാന ഓവറില്‍ ഉപയോഗിച്ചത് മണ്ടത്തരമായി. ഡെത്തോവറില്‍ മികച്ച റെക്കോഡ് മോഹിത്തിനുണ്ടെങ്കിലും അവസാന മത്സരങ്ങളിലെല്ലാം താരം ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ മാറ്റത്തിന് ശുബ്മാന്‍ ധൈര്യം കാട്ടണമായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.
അതിന്റെ ഫലം ഗുജറാത്ത് അറിയുകയും ചെയ്തു. 31 റണ്‍സാണ് അവസാന ഓവറില്‍ പിറന്നത്. നാല് സിക്‌സും ഒരു ഫോറുമടക്കം 30 റണ്‍സാണ് ഈ ഓവറില്‍ റിഷഭ് നേടിയത്. നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങി നാണക്കേടിന്റെ റെക്കോഡിലേക്ക് മോഹിത് പോവുകയും ചെയ്തു. അനാവശ്യ പരീക്ഷണം നടത്താന്‍ ശുബ്മാന്‍ ഗില്‍ തയ്യാറായത് ഡല്‍ഹിയെ മികച്ച ടോട്ടലിലേക്കെത്തിക്കാന്‍ സഹായിച്ചുവെന്നതാണ് വസ്തുത.
ബാറ്റിങ്ങിലും ഗില്‍ നിരാശപ്പെടുത്തി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച ഗില്‍ 5 പന്തില്‍ 6 റണ്‍സാണ് നേടിയത്. ആന്റിച്ച് നോക്കിയേയാണ് ഗില്ലിനെ പുറത്താക്കിയത്. എന്തായാലും ആരും കാട്ടാത്ത അനാവശ്യ പരീക്ഷണങ്ങള്‍ക്ക് ഗില്‍ തയ്യാറായതാണ് ഗുജറാത്തിനെ തോല്‍പ്പിച്ചതെന്ന് നിസംശയം പറയാം.