IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രണ്ടാം തവണയും ഡല്‍ഹിയോട് മുട്ടുകുത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഡല്‍ഹിയുടെ മടയിലിറങ്ങിയ ഗുജറാത്ത് 4 റണ്‍സകലെ പൊരുതി വീഴുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടാനായത്. അവസാന ഓവര്‍വരെ പൊരുതിയാണ് ഗുജറാത്ത് കീഴടങ്ങിയത്.
ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായത് നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ മണ്ടന്‍ തീരുമാനങ്ങളായിരുന്നു. സായ് കിഷോറിനെ 19ാം ഓവറില്‍ മാത്രം ഉപയോഗിച്ചതും 3 ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ സന്ദീപ് വാര്യര്‍ക്ക് നാലാം ഓവര്‍ നല്‍കാതിരുന്നതുമടക്കം ശുബ്മാനെടുത്ത വിചിത്രമായ പല മണ്ടന്‍ തീരുമാനങ്ങളും ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. എന്നാല്‍ മത്സരശേഷം ടീമിന്റെ തോല്‍വിയില്‍ ബൗളര്‍മാരെയാണ് ശുബ്മാന്‍ പഴിച്ചത്.
ഡല്‍ഹിയിലെ ചെറിയ മൈതാനത്ത് ബൗളര്‍മാര്‍ക്ക് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് ഗില്‍ വിലയിരുത്തിയത്. ബൗളര്‍മാര്‍ യോര്‍ക്കര്‍ എറിയാത്തതും പിഴവാണെന്നാണ് ഗില്‍ മത്സരശേഷം പറഞ്ഞത്. ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിനെതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ഗുജറാത്ത് ജയിക്കേണ്ട കളി തോല്‍പ്പിച്ചത് ശുബ്മാന്‍ ഗില്ലാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നിട്ട് ബൗളര്‍മാരെ പഴിക്കുന്നത് നല്ല നായകന് ചേര്‍ന്ന രീതിയല്ലെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.
'ഞങ്ങള്‍ നല്ല ക്രിക്കറ്റാണ് കാഴ്ചവെച്ചത്. എന്നാല്‍ അവസാനം തോല്‍ക്കേണ്ടി വന്നത് നിരാശപ്പെടുത്തുന്നു. എന്നാല്‍ എല്ലാവരും തന്നെ തങ്ങളുടെ കരുത്ത് തെളിയിച്ചു. 224 റണ്‍സ് പിന്തുടരുമ്പോള്‍ അധികം സംസാരിക്കാനില്ല. ആദ്യ പന്ത് മുതല്‍ ആക്രമിക്കുക മാത്രമാണ് ചെയ്യേണ്ടത്. വലിയ സ്‌കോറുകളുള്ള മത്സരങ്ങളില്‍ ഇംപാക്ട് പ്ലയര്‍ നിയമത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. ടീമുകള്‍ അധികമായി കരുതിയിരിക്കണം. ഒരു ഘട്ടത്തില്‍ ഡല്‍ഹിയെ 200-210 റണ്‍സിനുള്ളില്‍ തടുക്കാമെന്നാണ് കരുതിയത്.

എന്നാല്‍ അവസാന ഓവറുകളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ റണ്‍സ് വഴങ്ങി. എന്നാല്‍ ചെറിയ മൈതാനമായിരുന്നതിനാല്‍ ഇത് പിന്തുടര്‍ന്ന് ജയിക്കാവുന്ന സ്‌കോറായിരുന്നു. പക്ഷെ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ യോര്‍ക്കര്‍ എറിയണം' എന്നാണ് ഗില്‍ മത്സരശേഷം പറഞ്ഞത്. പവര്‍പ്ലേയിലും മധ്യ ഓവറുകളില്‍ ഗുജറാത്ത് ബൗളര്‍മാര്‍ ഭേദപ്പെട്ട് നിന്നു.
എന്നാല്‍ ഡെത്തോവറിലെ അവസാന രണ്ട് ഓവറുകളിലാണ് കളി കൈവിട്ട് കളഞ്ഞതെന്ന് നിസംശയം പറയാം. 19ാം ഓവറില്‍ സായ് കിഷോറിനെയാണ് ഗില്‍ പന്തേല്‍പ്പിച്ചത്. പഞ്ചാബ് കിങ്സിനെതിരേ 4 വിക്കറ്റുമായി ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും കളിയിലെ താരമാവുകയും ചെയ്ത ബൗളറാണ് സായ് കിഷോര്‍. എന്നാല്‍ ഡല്‍ഹിക്കെതിരേ സായിയെ തീര്‍ത്തും ഗില്‍ അവഗണിച്ചു. 19ാം ഓവറില്‍ സായിയെ പന്തേല്‍പ്പിച്ചതോടെ താരം പൊതിരെ തല്ലുവാങ്ങി.
നേരത്തെ ഓവര്‍ നല്‍കിയിരുന്നെങ്കില്‍ പിച്ചിനെക്കുറിച്ച് ധാരണ ലഭിക്കുമായിരുന്നു. എന്നാല്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും മിന്നും ഫോമില്‍ നില്‍ക്കവെ നിര്‍ണ്ണായകമായ 19ാം ഓവര്‍ സായ് കിഷോറിന് നല്‍കിയത് മണ്ടന്‍ തീരുമാനമായി. 22 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. സ്പിന്നറെ ഇട്ടുകൊടുത്ത് ഡല്‍ഹിയെ സഹായിക്കുകയാണ് ഗില്‍ ചെയ്തത്. സന്ദീപ് വാര്യര്‍ക്ക് നാലാം ഓവര്‍ നല്‍കാതിരുന്ന ഗില്‍ 20ാം ഓവറില്‍ സീനിയര്‍ പേസര്‍ മോഹിത് ശര്‍മയെ വിശ്വസിച്ചു.
എന്നാല്‍ മോശം ഫോമിലുള്ള മോഹിത്തിനെ റിഷഭ് തല്ലിപ്പറത്തി. 31 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഇതോടെ അവസാന രണ്ട് ഓവറില്‍ 53 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഈ രണ്ട് ഓവറിലെ പിഴവ് ഗുജറാത്തിന്റെ തോല്‍വിക്കും കാരണമായി മാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications