ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 4 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റിന് 220 റണ്‍സാണ് നേടാനായത്. റിഷഭ് പന്ത് (88*) അക്ഷര്‍ പട്ടേല്‍ (66) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അവസാന ഓവറിലെ മുകേഷ് കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ്ങുമാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം പ്രതീക്ഷിച്ച പോലെയായില്ല. പൃഥ്വി ഷായും ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 35 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാല്‍ ജേക്കിനെ പുറത്താക്കി സന്ദീപ് വാര്യരാണ് കൂട്ടുകെട്ട് പൊളിച്ചത്. 14 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 23 റണ്‍സെടുത്ത ജേക്ക് സിക്‌സറിന് ശ്രമിച്ച നൂര്‍ അഹമ്മദിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. അധികം വൈകാതെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായും പുറത്തായി.
7 പന്തില്‍ 2 ഫോറടക്കം 11 റണ്‍സെടുത്ത പൃഥ്വിയേയും സന്ദീപ് പുറത്താക്കി. നൂര്‍ അഹമ്മദിന്റെ വിവാദ ക്യാച്ചിലാണ് പൃഥ്വി മടക്കിയത്. മൂന്നാം നമ്പറില്‍ സര്‍പ്രൈസ് നീക്കമാണ് ഡല്‍ഹി നടത്തിയത്. അക്ഷര്‍ പട്ടേലാണ് സര്‍പ്രൈസായി ബാറ്റ് ചെയ്യാനെത്തിയത്. തുടക്കത്തിലേ മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയ അക്ഷര്‍ പതിയെ താളം കണ്ടെത്തി. എന്നാല്‍ ഷായ് ഹോപ്പിനേയും (5) സന്ദീപ് പുറത്താക്കിയതോടെ പവര്‍പ്ലേയില്‍ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.
എന്നാല്‍ നാലാം വിക്കറ്റില്‍ റിഷഭ് പന്തും അക്ഷറും ചേര്‍ന്ന് ഡല്‍ഹിക്ക് അടിത്തറ പാകി. അക്ഷര്‍ 43 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 66 റണ്‍സ് അടിച്ചെടുത്തു. 153 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരത്തെ നൂര്‍ അഹമ്മദ് പുറത്താക്കുമ്പോള്‍ 17 ഓവറില്‍ 157 എന്ന നിലയിലായിരുന്നു ഡല്‍ഹി. പിന്നീട് ഡെത്തോവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും റിഷഭും ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്. റിഷഭ് 43 പന്തില്‍ 88 റണ്‍സോടെ പുറത്താവാതെ നിന്നു.

5 ഫോറും 8 സിക്‌സുമാണ് ഡല്‍ഹി നായകന്‍ പറത്തിയത്. സ്റ്റബ്‌സ് 7 പന്തില്‍ 26 റണ്‍സോടെ മികച്ച പിന്തുണ നല്‍കിയതോടെ 4 വിക്കറ്റിന് 224 എന്ന ഗംഭീര ടോട്ടലിലേക്കും ഡല്‍ഹിയെത്തി. അവസാന രണ്ട് ഓവറില്‍ 53 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്. സായ് കിഷോര്‍ എറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സും അവസാന ഓവര്‍ എറിഞ്ഞ മോഹിത് ശര്‍മ 31 റണ്‍സുമാണ് വിട്ടുകൊടുത്തത്.
മറുപടിക്കിറങ്ങിയ ഗുജറാത്തിന്റെ തുടക്കം പാളി. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ (6) വിക്കറ്റ് നഷ്ടമായി. ആന്‍ റിച്ച് നോക്കിയേക്കാണ് വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയും സായ് സുദര്‍ശനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 25 പന്ത് നേരിട്ട് 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയ സാഹയെ പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. അക്ഷര്‍ പട്ടേലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സാഹ പുറത്തായത്.
82 റണ്‍സാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. സായ് സുദര്‍ശന്‍ അതിവേഗം റണ്‍സുയര്‍ത്തി. എന്നാല്‍ 39 പന്തില്‍ 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 65 റണ്‍സെടുത്ത സായ് സുദര്‍ശനെ റസീഖ് സലാം പുറത്താക്കി. ഷാരൂഖ് ഖാനേയും (8) റസീഖ് മടക്കി. അപകടകാരിയായ രാഹുല്‍ തെവാത്തിയയെ (4) കുല്‍ദീപ് യാദവും പുറത്താക്കി. എന്നാല്‍ ഒരുവശത്ത് ഡേവിഡ് മില്ലര്‍ റണ്‍സുയര്‍ത്തി. എന്നാല്‍ മുകേഷ് കുമാര്‍ നിര്‍ണ്ണായക സമയത്ത് മില്ലറെ പുറത്താക്കി.
23 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 55 റണ്‍സാണ് മില്ലര്‍ നേടിയത്. ഈ വിക്കറ്റാണ് മത്സരത്തിലേക്ക് ഡല്‍ഹിയെ തിരികെ കൊണ്ടുവന്നത്. സായ് കിഷോര്‍ 6 പന്തില്‍ 13 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും റസീഖ് സലാം ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. റാഷിദ് ഖാന്‍ (11 പന്തില്‍ 21*) പൊരുതി നോക്കിയെങ്കിലും മുകേഷ് കുമാര്‍ 4 റണ്‍സകലെ പിടിച്ചുകെട്ടി. ഇതോടെ ത്രില്ലിങ് ജയം ഡല്‍ഹിക്ക് സ്വന്തം.
പ്ലേയിങ് 11: ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, ഷായ് ഹോപ്, റിഷഭ് പന്ത് (c, wc), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആന്‍ റിച്ച് നോക്കിയേ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്
ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), വൃദ്ധിമാന്‍ സാഹ (wc), അസ്മത്തുല്ല ഒമര്‍സായി, ഡേവിഡ് മില്ലര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, സായ് കിഷോര്‍, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, സന്ദീപ് വാര്യര്‍