മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഏറ്റവും മികച്ച പ്രകടനത്തോടെ കുതിക്കുന്ന ടീം രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ കളിച്ച 8 മത്സരത്തില്‍ 7ലും വിജയിച്ച് വെന്നിക്കൊടി പാറിച്ച് തലപ്പത്ത് തുടരുകയാണ്. നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു.
ഐപിഎല്ലില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളായി വളരാന്‍ മലയാളി താരത്തിന് സാധിച്ചിട്ടുണ്ട്. രാജസ്ഥാനാണ് സഞ്ജുവിനെ വളര്‍ത്തിയതെങ്കിലും ആദ്യം സഞ്ജുവിനെ പരിഗണിച്ച ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കെകെആറിനൊപ്പമാണ് സഞ്ജു ആദ്യം ഐപിഎല്ലിലേക്കെത്തുന്നത്. 16ാം വയസിലായിരുന്നു ഇത്. എന്നാല്‍ കെകെആര്‍ അവസരം നല്‍കാതെ സഞ്ജുവിനെ തഴയുകയായിരുന്നു. പിന്നീട് രാജസ്ഥാനിലെത്തി സഞ്ജു സൂപ്പര്‍ താരമായി വളര്‍ന്നു.
ഇപ്പോഴിതാ കെകെആറിന്റെ ഭാഗമായിരിക്കെ സഞ്ജുവിനെതിരേ പന്തെറിഞ്ഞ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാക് ഇതിഹാസം വസിം അക്രം. 2010-2017വരെ അക്രം കെകെആറിന്റെ ബൗളിങ് പരിശീലകനായിരുന്നു. ആ സമയത്തെ ഓര്‍മയാണ് അക്രം പങ്കുവെച്ചത്. 'സഞ്ജു സാംസണ്‍ കെകെആറിലെത്തുമ്പോള്‍ വലിയ നാണക്കാരനായിരുന്നു. അധികം ആരോടും സംസാരിക്കാത്ത താരമായിരുന്നു അവന്‍. എന്നാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ അസാധ്യ മികവ് അവന് അന്നേ ഉണ്ടായിരുന്നു.
പതിയെ അവന്‍ ബാറ്റിങ്ങിലൂടെ വളരാന്‍ തുടങ്ങി. അവന്‍ നെറ്റ്‌സിലെത്തിയപ്പോള്‍ ഒരു തവണ ഞാന്‍ പന്തെറിഞ്ഞു. സഞ്ജു ഇത് ഓര്‍ക്കുന്നുണ്ടാവുമെന്നാണ് കരുതുന്നത്. ഔട്ട് സ്വിങ്ങറുകളെറിഞ്ഞ് അവനെ ഞാന്‍ പ്രയാസപ്പെടുത്തി. ആ സമയത്ത് ഞാനും ചെറുപ്പമായിരുന്നു. ഒരു പന്ത് ഞാന്‍ ഇന്‍സ്വിങ്ങറെറിഞ്ഞ് അവന്റെ സ്റ്റംപ് തെറിപ്പിച്ചു. വിരല്‍ ചുഴറ്റിയാണ് അന്ന് സഞ്ജുവിന് ഞാന്‍ യാത്രയയപ്പ് നല്‍കിയത്. ദൗര്‍ഭാഗ്യവശാല്‍ കെകെആറില്‍ അവന് അവസരം ലഭിച്ചില്ല.

എന്നാല്‍ ഇവന് സൂപ്പര്‍ താരമായി വളരാനുള്ള കഴിവുണ്ടെന്ന് അന്നേ ഞാന്‍ കരുതിയിരുന്നു. അന്നവന്‍ വലിയ താരങ്ങളോടൊപ്പം കളിക്കുന്ന കുഞ്ഞ് താരമായിരുന്നു. വലിയ താരങ്ങള്‍ ഒപ്പമുള്ളപ്പോള്‍ അവസരം ലഭിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. അവന്‍ സൂപ്പര്‍ താരങ്ങള്‍ക്കിടയില്‍പ്പെട്ട സമ്മര്‍ദ്ദത്തിലായിരുന്നു. സഞ്ജുവിനോടൊപ്പം അധികനാള്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ കുറഞ്ഞ സമയംകൊണ്ട് തന്നെ അവന്‍ സൂപ്പര്‍ താരമാകുമെന്ന് എനിക്ക് തോന്നിയിരുന്നു' വസിം അക്രം പറഞ്ഞു.
2013ലാണ് സഞ്ജു രാജസ്ഥാനിലേക്കെത്തുന്നത്. രാഹുല്‍ ദ്രാവിഡിന് കീഴില്‍ വളര്‍ന്ന സഞ്ജു വളരെ വേഗം ശ്രദ്ധ നേടിയെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരേയടക്കം വെടിക്കെട്ട് പ്രകടനം നടത്തി വളര്‍ന്ന സഞ്ജു ഇപ്പോള്‍ രാജസ്ഥാന്റെ നായകനായി വളര്‍ന്നിരിക്കുകയാണ്. സഞ്ജുവിന് കീഴില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ രാജസ്ഥാന് സാധിക്കുന്നുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ സഞ്ജു മിടുക്കനാണ്.
ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം കുറവാണെങ്കിലും വലിയ ആരാധക പിന്തുണ അദ്ദേഹത്തിനുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ലഭിക്കുന്ന ആരാധക പിന്തുണയില്‍ കൂടുതലും സഞ്ജുവിന്റെ ആരാധകരാണെന്ന് പറയാം. രാജസ്ഥാനെ ഒരു തവണ ഫൈനലിലെത്തിക്കാനും സഞ്ജുവിനായി. ഇത്തവണ സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ കിരീടം സ്വപ്‌നം കാണുകയാണ്. ടീമിന്റെ പ്രകടനം ഗംഭീരമാണ്. യശ്വസി ജയ്‌സ്വാളും ഫോമിലേക്കെത്തിയത് രാജസ്ഥാന്റെ കരുത്തുയര്‍ത്തുന്നു.
സഞ്ജു സാംസണ്‍ ടി20 ലോകകപ്പും കളിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനുള്ള അവസരം സഞ്ജുവിന് ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജുവിന്റെ സ്ഥിരതയാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. എന്തായാലും ഇത്തവണ സഞ്ജു ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം.