ഐപിഎല്‍: വീണ്ടും ധോണി ഹീറോയിസം, കൂട്ടിന് റായുഡുവും.... ത്രില്ലറില്‍ ചെന്നൈ നേടി

By Manu
1
45901

ജയ്പൂര്‍: ഐപിഎല്ലിന്റെ ഈ സീസണിലെ മറ്റൊരു ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനു ത്രസിപ്പിക്കുന്ന ജയം. അവസാന പന്തിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് സിഎസ്‌കെ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 151 റണ്‍സാണ് നേടാനായത്. മറുപടിയില്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഒരിക്കല്‍ക്കൂടി നായകന്റെ ഇന്നിങ്‌സുമായി കളം വാണപ്പോള്‍ സിഎസ്‌കെ തോല്‍വിക്കരികില്‍ നിന്നും കരകയറുകയായിരുന്നു. ആറു വിക്കറ്റിന് സിഎസ്‌കെ ലക്ഷ്യം മറികടന്നു. അവസാന പന്തില്‍ സിക്‌സര്‍ പറത്തി മിച്ചെല്‍ സാന്റ്‌നറാണ് സിഎസ്‌കെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്.

43 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 58 റണ്‍സോടെയാണ് ധോണി ടീമിന്റെ ടോപ്‌സ്‌കോററായത്. അമ്പാട്ടി റായുഡുവിന്റെ (57) മികച്ച പിന്തുണയും സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായകമായി. 47 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. ഇരുവരെയും കൂടാതെ മിച്ചെല്‍ സാന്റ്‌നറാണ് (10*) സിഎസ്‌കെയ്ക്കായി രണ്ടക്കം തികച്ച ഏകതാരം.

നാലിന് 24 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ സിഎസ്‌കെയെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നത് ധോണി- റായുഡു സഖ്യമാണ്. 95 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഷെയ്ന്‍ വാട്‌സന്‍ (0), ഫഫ് ഡുപ്ലെസി (7), സുരേഷ് റെയ്‌ന (4), കേദാര്‍ ജാദവ് (1) എന്നിവരെല്ലാം സിഎസ്‌കെ നിരയില്‍ നിരാശപ്പെടുത്തി. രാജസ്ഥാനു വേണ്ടി ബെന്‍ സ്റ്റോക്‌സ് രണ്ടു വിക്കറ്റെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട രാജസ്ഥാന് ഏഴു വിക്കറ്റിന് 151 റണ്‍സാണ് നേടാനായത്. രാജസ്ഥാന്‍ നിരയില്‍ ഒരാള്‍ പോലും 30 റണ്‍സ് തികച്ചില്ല. രണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് രാജസ്ഥാനെ പിടിച്ചുനിര്‍ത്തിയത്.

28 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 26 പന്തില്‍ ഒരു ബൗണ്ടറി മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ജോസ് ബട്‌ലര്‍ (23), റിയാന്‍ പരാഗ് (16), സ്റ്റീവ് സ്മിത്ത് (15), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (14), ജോഫ്ര ആര്‍ച്ചര്‍ (13*) എന്നിവരും രണ്ടക്കം തികച്ചു. ഏഴു പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്താവാതെ 19 റണ്‍സെടുത്ത ശ്രേയസ് ഗോപാലിന്റെ ഇന്നിങ്‌സാണ് രാജസ്ഥാനെ 150 കടത്തിയത്.

ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. പരിക്കു ഭേദമായ മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തിയപ്പോള്‍ റിയാന്‍ പരാഗ് രാജസ്ഥാനു വേണ്ടി അരങ്ങേറി. ജയദേവ് ഉനാട്കട്ടിനെയും രാജസ്ഥാന്‍ തിരിച്ചുവിളിച്ചു. ചെന്നൈ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ഹര്‍ഭജന്‍ സിങ്, സ്‌കോട്ട് ക്യുഗെലൈന്‍ എന്നിവര്‍ക്കു പകരം ശര്‍ദ്ദുല്‍ താക്കൂര്‍, മിച്ചെല്‍ സാന്റ്‌നര്‍ ടീമിലെത്തി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 11, 2019, 20:00 [IST]
Other articles published on Apr 11, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X