വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എതിരാളികളേ സോറി, ഇത് ചെല്‍സിയുടെ സാറി ബോള്‍ തന്ത്രം!

വിപുൽനാഥ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ വിപുൽനാഥ് മലയാളത്തിലെ ശ്രദ്ധേയരായ സ്പോർട്സ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.

ചെയിന്‍ സ്‌മോക്കറായ മൗറിസിയോ സാറിയെ ചെല്‍സി ക്ലബ്ബ് ഉടമ റോമാന്‍ അബ്രമോവിച് തന്റെ ടീമിന്റെ പരിശീലകനാകാന്‍ ക്ഷണിച്ചതിന് പിറകില്‍ ഒരു ഉദ്ദേശ്യമേയുള്ളൂ. പ്രീമിയര്‍ ലീഗ് ജയിക്കുക. യൂറോപ്പില്‍ കരുത്തറിയിക്കുക. ചെല്‍സിക്ക് പ്ര്ീമിയര്‍ ലീഗ് കിരീടം ആദ്യ സീസണില്‍ തന്നെ നേടിക്കൊടുത്ത അന്റോണിയോ കോന്റെക്ക് രണ്ടാം സീസണില്‍ പിഴച്ചു. കളിക്കാരെ കുറ്റപ്പെടുത്താനായിരുന്നു കോന്റെ സമയം കണ്ടെത്തിയത്. തന്റെ തന്ത്രങ്ങള്‍ പെര്‍ഫെക്ടാണെന്ന് കോന്റെ സ്ഥാപിച്ചു. മൂന്നാം സീസണിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് ചെല്‍സി അന്റോണിയോ കോന്റെയെ പുറത്താക്കിയെന്ന വാര്‍ത്ത വന്നു. കളിക്കാരില്‍ പലരും കോന്റെയുടെ പട്ടാളച്ചിട്ടയുമായി സഹകരിക്കാതെ വന്നതാണ് ക്ലബ്ബ് ഉടമ റോമന്‍ അബ്രമോവിചിനെ സത്വര നടപടിക്ക് പ്രേരിപ്പിച്ചത്. പകരക്കാരന്‍ കളിക്കാരുമായി ഊഷ്മള ബന്ധമുണ്ടാക്കാന്‍ മിടുക്കുള്ള കോച്ചാകണം. മാത്രമല്ല, ഫുട്‌ബോളില്‍ വ്യത്യസ്തമായ തന്ത്രം പയറ്റുന്ന വ്യക്തിയാകണം. അന്വേഷണം എത്തിയത് ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയുടെ പരിശീലകന്‍ മൗറിസിയോ സാറിയില്‍. ഇറ്റാലിയന്‍ സീരി എ ലീഗില്‍ നാപോളിയുടെ സ്ഥിരതയുള്ള കളിയാണ് സാറി എന്ന പരിശീലകന് മേല്‍വിലാസമുണ്ടാക്കിയത്.

പക്ഷേ, നിര്‍ത്താതെ പുകവലിക്കുന്ന സ്വഭാവക്കാരനാണ് സാറി. ചെയിന്‍ സ്‌മോക്കര്‍. ട്രാക് സ്യൂട്ടുമായിട്ടാണ് പരിശീലന സെഷന്‍ നയിക്കുക. ഇങ്ങനെയുള്ള വേറിട്ട വ്യക്തിത്വം അയാളിലുണ്ട്. ചെല്‍സി മാനേജ്‌മെന്റ് കരാര്‍ ഒപ്പുവെക്കും മുമ്പ് തന്നെ സിഗററ്റ് വലിയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കി. പരസ്യമായൊന്നും ചെയിന്‍ സ്‌മോക്കിംഗ് നടത്തരുത്. ക്ലബ്ബിന് ചീത്തപ്പേരാകും. സാറി അത് സമ്മതിച്ചു. ട്രാക്‌സ്യൂട്ട് പോര. ചെല്‍സിയുടെ ഡ്രസ് കോഡ് അനുസരിക്കണം. ട്രൗസറിട്ട് പരിശീലിപ്പിക്കാനും മൗറിസിയോ സാറി റെഡി. ചെല്‍സിക്കൊത്ത ചങ്കരന്‍ ആയി മാറി മൗറിസിയോ സാറി !

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റത് ക്ഷീണമായി. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ തുടരെ മൂന്ന് ജയവുമായി ചെല്‍സി കരുത്തറിയിച്ചു. ലിവര്‍പൂളും വാട്‌ഫോഡും മാത്രമാണ് ലീഗിലെ ആദ്യ മൂന്ന് മത്സരവും ജയിച്ചത്.

കോന്റെയില്‍ നിന്ന് സാറിയിലേക്ക്...

കോന്റെയില്‍ നിന്ന് സാറിയിലേക്ക്...

ചെല്‍സിയെ ആദ്യ സീസണില്‍ തന്നെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയാണ് മുന്‍ യുവെന്റസ് കോച്ച് അന്റോണിയോ കോന്റെ ആളായത്. 4-2-3-1 ഫോര്‍മേഷനിലായിരുന്നു കോന്റെ തുടങ്ങിയത്. ആദ്യ ഏഴു കളികളിലും ഈ ഫോര്‍മേഷന്‍ തുടര്‍ന്നു. ഒരു തോല്‍വി മാത്രം. പക്ഷേ, ഒമ്പത് ഗോളുകള്‍ വഴങ്ങി. ഇതേ തുടര്‍ന്ന് കുറേക്കൂടി അറ്റാക്കിംഗ് ഗെയിം വിഭാവനം ചെയ്ത് കോന്റെ 3-4-3 ഫോര്‍മേഷനിലേക്ക് മാറി. യുവെന്റസില്‍ പയറ്റി വിജയിച്ച തന്ത്രം. രണ്ട് വിംഗര്‍മാരിലൂടെ മത്സരം വരുതിയിലാക്കുന്ന രീതി. വിക്ടര്‍ മോസസും മാര്‍കോസ് അലോണ്‍സോയും ആ റോള്‍ ഭംഗിയാക്കി. രണ്ട് പ്രതിഭകളെ കോന്റെ പ്രീമിയര്‍ ലീഗിന് കാണിച്ചു തന്നുവെന്ന് പറയാം.

രണ്ടാം സീസണില്‍ കോന്റെയുടെ ചെല്‍സിക്ക് പാളി. സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ ക്ലബ്ബ് വിട്ടതും വിക്ടര്‍ മോസസിന്റെ ഫോം മങ്ങിയതും അലോണ്‍സോയുടെ പരുക്കും ചെല്‍സിയെ നനഞ്ഞ പടക്കമാക്കി.

ക്ലബ്ബ് ഉടമ റോമന്‍ അബ്രമോവിച് പരിശീലകരുടെ തൊപ്പി തെറിപ്പിക്കുന്നതില്‍ റെക്കോര്‍ഡിട്ട വ്യക്തിയാണ്. കോന്റെയെ പ്രീ സീസണ്‍ തയ്യാറെടുപ്പിനിടെ പുറത്താക്കി സാറിയെ ചുമതലയേല്‍പ്പിച്ചു. ത്രീ മെന്‍ ഡിഫന്‍ഡിംഗ് പൊളിച്ച് നാല് പേരെ കൊണ്ടു വന്നു. റൈറ്റ് വിംഗ് ബാക്കില്‍ സെസാര്‍ അസ്‌പെലിക്യൂടയും ലെഫ്റ്റ് വിംഗ് ബാക്കില്‍ അലോണ്‍സോയും. റൂഡിഗറും ഡേവിഡ് ലൂയിസും സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാര്‍. കാന്റെ, ജൊര്‍ഗീഞ്ഞോ, കൊവാസിച് എന്നീ മിഡ്ഫീല്‍ഡര്‍മാര്‍. മുന്നേറ്റത്തില്‍ പെഡ്രോ, മൊറാട്ട, എദെന്‍ ഹസാദ്.

ക്രോസുകളുടെ എണ്ണം കുറയും...

ക്രോസുകളുടെ എണ്ണം കുറയും...

കോന്റെയുടെ ചെല്‍സി ടീം കൂടുതലായും വിംഗ് അറ്റാക്കര്‍മാരുടെ ക്രോസ് ബോളുകളെ ആശ്രയിച്ചിരുന്നു. സാറിയുടെ ടീം വിംഗ് അറ്റാക്കര്‍മാരെ ഫുള്‍ബാക്കിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ്. അലോണ്‍സോയും വിക്ടര്‍ മോസസും ഡേവിഡ് സപകോസ്റ്റയുമായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളില്‍ ചെല്‍സിക്കായി കൂടുതല്‍ ക്രോസ് ബോളുകള്‍ നല്‍കിയത്. ഇത്തവണ, വിംഗര്‍മാരെന്നില്ല, എല്ലാവരും ക്രോസ് ബോളുകള്‍ കളിക്കുന്നതാണ് രീതി. അലോണ്‍സോ അഞ്ച് ക്രോസുകളാണ് ഇതുവരെ നടത്തിയത്. വില്യനും അത്ര തന്നെ നടത്തി. പെഡ്രോ നാലെണ്ണം.

ക്രോസ് ബോളില്‍ സാറിയുടെ പ്ലാന്‍ ബി അസ്പിലിക്യൂടയെ കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ സീസണില്‍ മൊറാട്ടയുടെ ഏഴ് ഹെഡര്‍ ഗോളുകള്‍ അസ്‌പെലിക്യൂടയുടെ ക്രോസിംഗില്‍ നിന്നായിരുന്നു. ഇത്തവണ ആ ലിങ്ക് കൃത്യമായി നടപ്പിലാക്കുവാന്‍ സാറി തയ്യാറാകും.

പാസിംഗ് എണ്ണം വര്‍ധിപ്പിച്ചു...

പാസിംഗ് എണ്ണം വര്‍ധിപ്പിച്ചു...

കഴിഞ്ഞ സീസണ്‍ നോക്കൂ. പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു കൂടുതല്‍ പാസിംഗ് നടത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ആഴ്‌സണലിനേക്കാള്‍ അയ്യായിരം പാസ് അധികമായിരുന്നു സിറ്റി കളിച്ചത്. സിറ്റിയേക്കാള്‍ പതിനയ്യായിരം പാസുകള്‍ കുറവുള്ള സ്റ്റോക് സിറ്റിയുടെ വിജയ ശതമാനം 17.5 ആണ്. അതായത്, കൂടുതല്‍ പാസുകള്‍ വിജയശതമാനവും വര്‍ധിപ്പിക്കും. ഇത്തവണ, ആദ്യ രണ്ട് മത്സരങ്ങളിലെ പാസിംഗ് കണക്കെടുത്താല്‍ ചെല്‍സിയാണ് മുന്നില്‍. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 63 പാസുകള്‍ അധികം നടത്തിയിരിക്കുന്നു.

ജൊര്‍ഗീഞ്ഞോയും എന്‍ഗോലോ കാന്റെയും..

ജൊര്‍ഗീഞ്ഞോയും എന്‍ഗോലോ കാന്റെയും..

4-3-3 ഫോര്‍മേഷനില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോള്‍ ജൊര്‍ഗീഞ്ഞോക്കാണ്. ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറായ കാന്റെക്ക് അറ്റാക്കിംഗ് ഡ്യൂട്ടി നല്‍കിയിരിക്കുന്നു മൗറിസിയോ സാറി. ഫുട്‌ബോളില്‍ അറിയപ്പെടുന്ന സാറി ബോള്‍ തന്ത്രം ചെല്‍സി പയറ്റുന്നത് ഇവരിലൂടെയാണ്. അതിവേഗത്തില്‍ മധ്യനിരയില്‍ പാസുകള്‍ നല്‍കി, പൊടുന്നനെ ജോര്‍ഗീഞ്ഞോ എതിര്‍ ഡിഫന്‍ഡര്‍മാരുടെ തലക്ക് മുകളിലൂടെ നല്‍കുന്ന പന്താണ് സാറി ബോള്‍ ! ഇത് പിടിച്ചെടുക്കാന്‍ അപ്പോഴേക്കും ഒരു ചെല്‍സി പ്ലെയര്‍ തയ്യാറായിട്ടുണ്ടാകും. കാന്റെക്കാണ് കൂടുതലായും സാറി ബോള്‍ എത്തുക.

ഇത്തവണ ചെല്‍സിയുടെ ആദ്യ പ്രീമിയര്‍ ലീഗ് ഗോള്‍ കാന്റെയാണ് നേടിയത്. ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് വില്യന്‍ നല്‍കിയ ക്രോസ് ബോള്‍ ഫസ്റ്റ് ടൈം വോളിയില്‍ കാന്റെ ഗോളാക്കി.

കഴിഞ്ഞ സീസണില്‍ കാന്റെ 41 അവസരങ്ങളാണ് സൃഷ്ടിച്ചത്. എതിര്‍ ബോക്‌സില്‍ പത്തൊമ്പത് തവണയാണ് പന്ത് ടച് ചെയ്തത്. ആകെ ഒരു ഷോട്ടാണ് പായിച്ചത്. മൗറിസിയോ സാറി പരിശീലകനായെത്തിയ ശേഷം കാന്റെയുടെ റോള്‍ തന്നെ മാറി. രണ്ട് മത്സരങ്ങളില്‍ പെനാല്‍റ്റി ബോക്‌സില്‍ ആറ് തവണ പന്ത് ടച് ചെയ്തു. ഇതിലൊന്ന് ഗോളായി. കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കാന്റെ തിളങ്ങുന്നു.

അറ്റാക്കിംഗ് പ്ലെയറായി മാറിയല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാന്റെ നല്‍കുന്ന മറുപടി രസകരമാണ്. പുതിയ കോച്ച്, പുതിയ രീതി, പുതിയ കാന്റെ !

പ്രീമിയര്‍ ലീഗില്‍ 3-0ന് ഹഡര്‍സ്ഫീല്‍ഡിന്റെ ഗ്രൗണ്ടില്‍ ജയിച്ചു തുടങ്ങിയ ചെല്‍സി ഹോം ഗ്രൗണ്ടില്‍ 3-2ന് ആഴ്‌സണലിനെ തോല്‍പ്പിച്ചു. ന്യൂകാസിലിന്റെ തട്ടകത്തില്‍ 1-2നും ജയിച്ചതോടെ മൗറിസിയോ സാറി എന്ന പരിശീലകന്‍ ചര്‍ച്ചാവിഷയമാകുന്നു.

ഫൈനല്‍ വിസില്‍: ചെല്‍സി ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി റോമന്‍ അബ്രമോവിച് എന്ന അഭ്യൂഹം പരക്കുന്നു. രണ്ട് ബില്യണ്‍ പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. ന്യൂകാസിലിനെ തോല്‍പ്പിച്ച് ചെല്‍സി കുതിക്കുമ്പോള്‍ റോബന്‍ അബ്രോവിചിന്റെ അടുത്ത വൃത്തങ്ങള്‍ അഭ്യൂഹം തിരുത്തുന്നു. ചെല്‍സിയുടെ ഉടമയായി അബ്രമോവിച് തുടരും !

Story first published: Monday, August 27, 2018, 9:20 [IST]
Other articles published on Aug 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X