ഇറ്റാലിയന്‍ ഓപ്പണില്‍ തോറ്റു; അമ്പയറിനോട് കലിപ്പ് തീര്‍ത്ത് കരോളിന പ്ലിസ്‌കോവ

Posted By: rajesh mc

പാരീസ്: അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന് പറയും, എന്നാല്‍ ടെന്നീസ് കളത്തില്‍ തോറ്റാലോ അമ്പയറിനോട് എന്നതാണ് പുതുമൊഴി. ഇറ്റാലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ മരിയ സക്കാരിയോട് 3-6, 6-3, 7-5 എന്ന സ്‌കോറിന് തോറ്റ ലോക അഞ്ചാം നമ്പര്‍ താരം കരോളിന പ്ലിസ്‌കോവയാണ് അമ്പയറിനോടുള്ള രോഷം ഇവര്‍ ഇരിക്കുന്ന ചെയറിനോട് തീര്‍ത്തത്. കൈയിലിരുന്ന ടെന്നീസ് റാക്കറ്റ് കൊണ്ട് തുടര്‍ച്ചയായി അടിച്ച് പൊട്ടിച്ചാണ് പ്ലിസ്‌കോവ തന്റെ രോഷം തീര്‍ത്തത്.

രോഷത്തിന് കൃത്യമായ കാരണമുണ്ടെന്ന് തന്നെ പറയാം. ഒരു ലൈന്‍ കോളില്‍ അമ്പയറിന് പറ്റിയ തെറ്റാണ് പ്ലിസ്‌കോവയെ തോല്‍വിയിലേക്ക് നയിച്ചത്. ഫൈനല്‍ സെറ്റില്‍ 5-5 സ്‌കോറില്‍ നില്‍ക്കുന്ന ഘട്ടം, 30-30 സെര്‍വിങ് ചെയ്യവെയായിരുന്നു എതിരാളിക്ക് അനുകൂലമായ കോള്‍ വന്നത്. ഇതോടെ ഗ്രീക്ക് എതിരാളി മാച്ച് വിജയിച്ചാണ് പരിപാടി തീര്‍ത്തത്. സക്കാരിയോട് നെറ്റിന് മുകളിലൂടെ കൈകൊടുക്കുമ്പോള്‍ ഒരു വാക്ക് സംസാരിച്ച ശേഷമായിരുന്നു പ്ലിസ്‌കോവയുടെ രോഷപ്രകടനം.

pliskova

അമ്പയറിന് കൈകൊടുക്കാനെന്ന മട്ടില്‍ കൈനീട്ടി ചെന്ന ശേഷം ചെക്കുകാരി കൈ പിന്‍വലിച്ചു. പിന്നീട് ചെയര്‍ റാക്കറ്റ് ഉപയോഗിച്ച് അടിച്ച് പൊളിച്ച ശേഷമാണ് കളംവിട്ടത്. അമ്പയര്‍ മാര്‍ത്താ മ്രോസിന്‍സ്‌കയ്ക്ക് എതിരെ പ്ലിസ്‌കോവയുടെ ഇരട്ട സഹോദരിയും ലോക 10-ാം നമ്പര്‍ താരവുമായ ക്രിസ്റ്റീനയും രംഗത്തെത്തി. അമ്പയറിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്.

താനും സഹോദരിയും കളിക്കുന്ന ഗെയിമുകളില്‍ ഇവര്‍ ഇനി മേലില്‍ അമ്പയറാകരുതെന്നാണ് ക്രിസ്റ്റീനയുടെ ആവശ്യം. ലൈന്‍ കോള്‍ തെറ്റാണെന്ന് റീപ്ലേയില്‍ ബോധ്യപ്പെടുമ്പോഴേക്കും അമ്പയറുടെ ഒറിജിനല്‍ കോള്‍ പ്ലിസ്‌കോവയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ചിരുന്നു.

Story first published: Friday, May 18, 2018, 8:13 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍